Banking, Finance & Insurance

യൂണിയന്‍ ബാങ്ക് എം.ഡി ആന്‍ഡ് സി.ഇ.ഒയായി ആശിഷ് പാണ്ഡെ ചുമതലയേറ്റു

ബാങ്കിംഗ് മേഖലയില്‍ 27 വര്‍ഷത്തോളം പരിചയമുള്ളയാളാണ് ആശിഷ് പാണ്ഡെ

Dhanam News Desk

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ.) ആശിഷ് പാണ്ഡെ ചുമതലയേറ്റു.ബാങ്കിംഗ് മേഖലയില്‍ 27 വര്‍ഷത്തോളം പരിചയമുള്ളയാളാണ് ആശിഷ് പാണ്ഡെ.

കോര്‍പ്പറേഷന്‍ ബാങ്കിലെ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ബ്രാഞ്ചില്‍ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മുംബൈയിലെ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബാങ്കിങ് ഡിവിഷനിലും പ്രവര്‍ത്തിച്ചു. മൂന്നേകാല്‍ വര്‍ഷത്തോളം ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കോര്‍പ്പറേറ്റ് ക്രെഡിറ്റ്, ട്രഷറി, ഡിജിറ്റല്‍ ലെന്‍ഡിങ് സൊല്യൂഷനുകള്‍, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (RBA) തുടങ്ങിയ സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം അവിടെ നേതൃത്വം നല്‍കി.

നേരത്തെ യൂണിയന്‍ ബാങ്കില്‍ ചീഫ് ജനറല്‍ മാനേജര്‍ (CGM) ആയും ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ (COO) ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലയനശേഷം യൂണിയന്‍ ബാങ്കിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിലും നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. വാട്ട്സ്ആപ്പ് ബാങ്കിങ്, ഇ-നോമിനേഷന്‍, ഓണ്‍ലൈന്‍ ഡെത്ത് ക്ലെയിം സെറ്റില്‍മെന്റ്, വീഡിയോ കെ.വൈ.സി., വാതില്‍പ്പടി ബാങ്കിങ് തുടങ്ങിയ നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ നടപ്പാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ക്രെഡിറ്റ്, ട്രഷറി, മര്‍ച്ചന്റ് ബാങ്കിങ്, ക്രെഡിറ്റ് മോണിറ്ററിങ്, വിദേശ പണമിടപാടുകള്‍, മാര്‍ക്കറ്റിങ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്, ബാങ്കിങ് ഓപ്പറേഷന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പാണ്ഡെയ്ക്ക് വലിയ പരിചയ സമ്പത്തുണ്ട്. ഡാറ്റാ അനലിറ്റിക്‌സ്, പ്രെഡിക്റ്റീവ് മോഡലിങ്, മെഷീന്‍ ലേണിങ് എന്നിവ ഉപയോഗിച്ച് ക്രെഡിറ്റ് മോണിറ്ററിങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT