അറുപത് വയസിനുശേഷം മാസം 5,000 രൂപ ഉറപ്പുള്ള പെന്‍ഷന്‍; 30-ാം വയസില്‍ തുടങ്ങുന്നവര്‍ക്ക് പ്രതിമാസം വേണ്ടത് 577 രൂപ മാത്രം. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക സുരക്ഷ തേടുന്നവര്‍ക്കും, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അനുയോജ്യമായ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന (APY).
1,000 രൂപ മുതല്‍ 5,000 രൂപ വരെയുള്ള അഞ്ച് പെന്‍ഷന്‍ സ്ലാബുകള്‍ പദ്ധതിയിലുണ്ട്. അംഗമാകുന്ന പ്രായം, പെന്‍ഷന്‍ സ്ലാബ്, നിക്ഷേപിക്കുന്ന കാലയളവ് എന്നിവയനുസരിച്ചാണ് പ്രതിമാസ വിഹിതം നിശ്ചയിക്കുന്നത്.
ഇന്ത്യന്‍ പൗരന്മാരായ 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. എന്നാല്‍ 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ആദായനികുതി അടയ്ക്കുന്നവര്‍ക്ക് പുതുതായി പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. 2022 സെപ്റ്റംബര്‍ 30നോ അതിനു മുമ്പോ അംഗമായവര്‍ക്ക് ആദായനികുതിദായകരായാലും പദ്ധതിയില്‍ തുടരാം.
സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്ക് ശാഖ വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ അംഗമാകാം. ഓണ്‍ലൈനായും ഇതിനുള്ള സൗകര്യമുണ്ട്.
മുപ്പതാം വയസില്‍ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ അടുത്ത 30 വര്‍ഷത്തേക്കാണ് വിഹിതം അടയ്ക്കേണ്ടത്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കല്‍, ആറ് മാസത്തിലൊരിക്കല്‍ എന്നിങ്ങനെ സൗകര്യപ്രദമായ രീതിയില്‍ തുക അടയ്ക്കാം.
പ്രതിമാസം 577 രൂപ വീതം അടച്ചാല്‍ 30 വര്‍ഷം കൊണ്ട് ആകെ 2,07,720 രൂപയാണ് നിക്ഷേപിക്കേണ്ടത്. മൂന്ന് മാസത്തിലൊരിക്കല്‍ 1,720 രൂപ വീതം അടയ്ക്കുന്നവര്‍ക്ക് ആകെ 2,06,400 രൂപ ചെലവാകും. ആറ് മാസത്തിലൊരിക്കല്‍ 3,405 രൂപ വീതമാണ് അടയ്ക്കുന്നതെങ്കില്‍ ആകെ നിക്ഷേപം 2,04,300 രൂപയായിരിക്കും.
നിക്ഷേപിക്കുന്ന രീതിക്കനുസരിച്ച് ആകെ അടയ്ക്കുന്ന തുകയില്‍ ചെറിയ വ്യത്യാസമുണ്ടാകുമെങ്കിലും ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ 5,000 രൂപ തന്നെയായിരിക്കും.
നേരത്തേ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കുറഞ്ഞ തുക നിക്ഷേപിച്ചാല്‍ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. 18 വയസില്‍ അംഗമാകുന്ന ഒരാള്‍ക്ക് മാസം 5,000 രൂപ പെന്‍ഷന്‍ ഉറപ്പാക്കാന്‍ പ്രതിമാസം 210 രൂപ അടച്ചാല്‍ മതി. എന്നാല്‍ 40 വയസിലാണ് ചേരുന്നതെങ്കില്‍ പ്രതിമാസം 1,454 രൂപ അടയ്ക്കേണ്ടിവരും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് വിഹിതം ഓട്ടോമാറ്റിക്കായി ഈടാക്കും.
60 വയസ് പൂര്‍ത്തിയാകുന്നതോടെ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. വരിക്കാരന്റെ മരണം വരെ പെന്‍ഷന്‍ തുടരും. മരണശേഷം അതേ തുക ജീവിതപങ്കാളിക്കും പെന്‍ഷനായി ലഭിക്കും. ഇരുവരുടെയും മരണശേഷം പെന്‍ഷന്‍ കോര്‍പ്പസ് നോമിനിക്ക് കൈമാറും. പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന സ്ലാബില്‍ 8.5 ലക്ഷം രൂപയാണ് നോമിനിക്ക് ലഭിക്കാവുന്ന തുക.
Read DhanamOnline in English
Subscribe to Dhanam Magazine