canva
Banking, Finance & Insurance

ഡെബിറ്റ് കാർഡ് ഉടൻ ലഭിക്കും, വായ്പയ്ക്കും അപേക്ഷിക്കാം; പുതുതലമുറ എടിഎമ്മുകൾക്ക് ബാങ്കുകൾ ഒരുങ്ങുന്നു

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം മെഷീനുകളെ ഡിജിറ്റല്‍ ബാങ്കിംഗ് ടച്ച്പോയിന്റുകളായി ഉപയോഗിക്കാനാകും

Dhanam News Desk

പണം നിക്ഷേപിക്കാനും എടുക്കാനുമുള്ള സ്ഥലം എന്നതില്‍ നിന്ന് വലിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ എടിഎം സെന്ററുകള്‍. കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന മിനി ബാങ്ക് ആശയത്തിലൂന്നി എടിഎമ്മുകളെ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്.

ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെ പ്രിന്റ് ചെയ്ത് നല്‍കാന്‍ കഴിയുന്ന പുതുതലമുറ എടിഎമ്മുകള്‍ അവതരിപ്പിക്കാാന്‍ ശ്രമിക്കുന്നത് രാജ്യത്തെ പ്രമുഖ പൊതുമേഖല, സ്വകാര്യ ബാങ്കുകളാണ്.

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (NPCI) എടിഎം നിര്‍മാതാക്കളുമായി ചേര്‍ന്നാണ് ബാങ്കുകള്‍ പുതിയ സംവിധാനത്തിന്റെ പ്രായോഗികത വിലയിരുത്തുന്നത്. പുതിയ മെഷീനുകള്‍ സാധാരണ ക്യാഷ് പോയിന്റുകളേക്കാള്‍ വിപുലമായ ഡിജിറ്റല്‍ ബാങ്കിംഗ് കേന്ദ്രങ്ങളായിരിക്കും. കാര്‍ഡ് ഉടന്‍ നല്‍കുന്നതിനൊപ്പം വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിനുള്ള യുപിഐ ക്യൂആര്‍ കോഡുകളും നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷിക്കാനും

പുതിയ കാര്‍ഡിന് അപേക്ഷിച്ചതിനുശേഷം പ്രിന്റ് ചെയ്ത കാര്‍ഡ് ലഭിക്കാന്‍ ഉപയോക്താക്കള്‍ക്ക് പലപ്പോഴും കാത്തിരിക്കേണ്ടി വരുന്നു. പുതിയ സംവിധാനം നടപ്പാകുന്നതോടെ സേവനം സ്വീകരിക്കുന്ന സ്ഥലത്തുതന്നെ കാര്‍ഡ് തയാറാക്കി നല്‍കാനാകും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ വേഗത്തില്‍ ഉപയോഗിച്ചു തുടങ്ങാന്‍ സാധിക്കും.

ചെക്ക് നിക്ഷേപം, പുതിയ ബാങ്ക് അക്കൗണ്ട് തുറക്കല്‍, വായ്പയ്ക്കുള്ള അപേക്ഷ എന്നിവയും ഭാവിയില്‍ ഈ മെഷീനുകള്‍ വഴി സാധ്യമാക്കാനാണ് ശ്രമം. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം മെഷീനുകളെ ഡിജിറ്റല്‍ ബാങ്കിംഗ് ടച്ച്പോയിന്റുകളായി ഉപയോഗിക്കാനാകും.

ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളായും വിമാനത്താവളങ്ങള്‍, ട്രാന്‍സിറ്റ് ഹബ്ബുകള്‍, ക്യാമ്പസുകള്‍, കോര്‍പ്പറേറ്റ് പാര്‍ക്കുകള്‍ തുടങ്ങിയ കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളിലും ഇവ സ്ഥാപിക്കാനുള്ള സാധ്യത ബാങ്കുകള്‍ പരിശോധിക്കുന്നുണ്ട്.

പിന്നില്‍ മുന്‍നിര ബാങ്കുകള്‍

നിലവില്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എന്നിവയാണ് പദ്ധതിയുടെ സാധ്യത പരിശോധിക്കുന്ന ബാങ്കുകള്‍.

പദ്ധതി വ്യാപകമായി നടപ്പായാല്‍ ബാങ്ക് ശാഖകള്‍ കുറവുള്ള പ്രദേശങ്ങളിലും കൂടുതല്‍ ആളുകള്‍ എത്തുന്ന കേന്ദ്രങ്ങളിലും ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനാകും. അതേസമയം, സംവിധാനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ ഏതെല്ലാം സ്ഥലങ്ങളിലാണ് ആദ്യം നടപ്പാക്കുകയെന്നോ വ്യക്തമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT