സ്വകാര്യമേഖല ബാങ്കായ ആക്‌സിസ് ബാങ്ക് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 5,728.42 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. സിറ്റി ബാങ്കിന്റെ ഇന്ത്യന്‍ ഉപഭോക്തൃ ബിസിനസ്, സിറ്റികോര്‍പ്പ് ഫിനാന്‍സ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ഉപഭോക്തൃ ബിസിനസ് എന്നിവയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളാണ് ഈ നഷ്ടത്തിന് കാരണം. 11,949 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍ നടന്നത്.
വരുമാനം വര്‍ധിച്ചു
പ്രൊവിഷനിംഗ് പോളിസികള്‍, പ്രവര്‍ത്തനച്ചെലവുകള്‍, ഒറ്റത്തവണ ഏറ്റെടുക്കല്‍ ചെലവുകള്‍ എന്നിവയുള്‍പ്പടെയുള്ള അധിക ചിലവുകള്‍ ചേര്‍ത്ത് ആക്‌സിസ് ബാങ്കിന് ഈ പാദത്തിലെ ഒറ്റത്തവണ ചെലവ് 12,489.82 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ബാങ്കിന്റെ അറ്റാദായം 4,118 കോടി രൂപയായിരുന്നു. ബാങ്കിംഗില്‍ നിന്നുള്ള വരുമാനം 33 ശതമാനം ഉയര്‍ന്ന് 11,742 കോടി രൂപയായി. ഈ പാദത്തിലെ മറ്റ് വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധിച്ച് 4,895 കോടി രൂപയായി ഉയര്‍ന്നു.
ആസ്തി നിലവാരം മെച്ചപ്പെട്ടു
നാലാം പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 36 ബേസിസ് പോയിന്റ് കുറഞ്ഞ് 2.02 ശതമാനമായി ആയി. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതവും 8 ബേസിസ് പോയിന്റ് മെച്ചപ്പെടുത്തി 0.39 ശതമാനമായി ആയി. അവലോകന പാദത്തില്‍ ബാങ്ക് 2,429 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി എഴുതിത്തള്ളി. നാലാം പാദത്തിലെ പ്രൊവിഷനുകള്‍ 69 ശതമാനം ഇടിഞ്ഞ് 306 കോടി രൂപയായി.
നിക്ഷേപത്തില്‍ വളര്‍ച്ച
ബാങ്കിന്റെ വായ്പകള്‍ 2023 മാര്‍ച്ച് 31 വരെ 19 ശതമാനം വര്‍ധിച്ച് 8.45 ലക്ഷം കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 22 ശതമാനം വര്‍ധിച്ച് 4.88 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കൂടാതെ ചെറുകിട ബിസിനസ് ബാങ്കിംഗ് 50 ശതമാനം വളര്‍ന്നു. ഗ്രാമീണ മേഖലയിലെ വായ്പാകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വളര്‍ന്നു.
മൊത്തം നിക്ഷേപത്തില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി. ഇതില്‍ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 23 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപം 17 ശതമാനവും വര്‍ധിച്ചു. മൊത്തം നിക്ഷേപങ്ങളിലെ കറന്റ്-സേവിംഗ്സ് അക്കൗണ്ട് (CASA) നിക്ഷേപങ്ങളുടെ വിഹിതം 215 ബേസിസ് പോയിന്റ് വര്‍ധിച്ച് 47ശതമാനമായി.
Read DhanamOnline in English
Subscribe to Dhanam Magazine