canva
Banking, Finance & Insurance

അക്കൗണ്ട് മരവിപ്പിച്ചോ? കാരണങ്ങള്‍ ഇവയാണ്; ഇടപാടുകാര്‍ അറിയേണ്ട കാര്യങ്ങള്‍

നോട്ടീസില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് വ്യാപകമാകുന്നു; തുക മാത്രം ഹോള്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവുണ്ടെങ്കിലും വലഞ്ഞ് ഉപഭോക്താക്കള്‍

Babu K A

മുന്നറിയിപ്പുകളൊന്നുമില്ലാതെ അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിക്കുന്നത് കാരണം ഇടപാടുകാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പലപ്പോഴും തടസങ്ങളൊന്നുമില്ലാതെ ഇടപാടുകള്‍ നടത്തിയിരുന്ന അക്കൗണ്ടാണ് അപ്രതീക്ഷിതമായി മരവിപ്പിക്കുന്നത്. ബാങ്കുകളുടെ ഈ നടപടിക്കെതിരെ ഇതിനോടകം പല പരാതികളും വന്നിട്ടുണ്ട്.

എന്തിനാണ് ബാങ്കുകള്‍ ഈവിധം അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്? അതിനുള്ള അധികാരം ബാങ്കിനുണ്ടോ? എന്താണ് ബാങ്കുകള്‍ പറയുന്ന ന്യായങ്ങള്‍?

കെവൈസി പുതുക്കിയില്ലേ?

ഇടപാടുകാര്‍ കെവൈസി (KYCKnow Your Ctsuomer) പുതുക്കിയില്ല എന്നാണ് ഇത്തരം നടപടികളെടുക്കുന്നതിന് കാരണമായി ബാങ്കുകള്‍ പറയുന്നത്. ഇടപാടുകാരുടെ വിലാസം, ജോലി, ബിസിനസ് തുടങ്ങിയ വിവരങ്ങള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി അന്വേഷിച്ച് ബോധ്യപ്പെടണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇത് കൃത്യമായ ഇടവേളകളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ബാങ്കുകള്‍ ആവശ്യപ്പെടുമ്പോള്‍ ഇടപാടുകാര്‍ ഈ വിവരങ്ങള്‍ നല്‍കണം. നിലവിലെ രീതിയനുസരിച്ച് ഇടപാടുകാരെ റിസ്‌കിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായിട്ടാണ് തരംതിരിച്ചിട്ടുള്ളത്.

1. റിസ്‌ക് കൂടിയ ഇടപാടുകാര്‍: ഈ വിഭാഗക്കാര്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ കെവൈസി പുതുക്കണം.

2. റിസ്‌ക് കുറഞ്ഞ ഇടപാടുകാര്‍: ഇവര്‍ പത്ത് വര്‍ഷത്തില്‍ ഒരുതവണ കെവൈസി പുതുക്കിയാല്‍ മതി.

3. കൂടിയ റിസ്‌കിനും കുറഞ്ഞ റിസ്‌കിനും മധ്യേയുള്ള ഇടപാടുകാര്‍: എട്ട് വര്‍ഷത്തില്‍ ഒരിക്കല്‍ കെവൈസി പുതുക്കണം.

നിശ്ചിത കാലയളവിനുള്ളില്‍ കെവൈസി പുതുക്കാതെ തുടരുന്ന അക്കൗണ്ടുകളാണ് ബാങ്കുകള്‍ മരവിപ്പിക്കുന്നത്.

എന്നാല്‍ ഈ കാരണങ്ങള്‍ പറഞ്ഞ് അക്കൗണ്ട് മരവിപ്പിക്കണമെങ്കില്‍ ബാങ്കുകള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കെവൈസി പുതുക്കേണ്ട സമയത്തിന് മൂന്ന് മാസം മുമ്പ് ഇക്കാര്യം ഇടപാടുകാരെ അറിയിക്കണം. ഒന്നില്‍ കൂടുതല്‍ തവണ എസ്എംഎസ് വഴിയോ, ഇ-മെയില്‍ വഴിയോ അറിയിക്കേണ്ടതാണ്. ഇതിലെ ഒരു അറിയിപ്പെങ്കിലും കത്തുവഴി നല്‍കണമെന്നും നിര്‍ബന്ധമുണ്ട്. ബാങ്ക് ഇതുപോലെ ചെയ്തിട്ടും ഇടപാടുകാര്‍ സമയത്തിന് മുമ്പ് കെവൈസി പുതുക്കിയില്ലെങ്കില്‍ പുതുക്കേണ്ട തീയതി കഴിഞ്ഞും മൂന്ന് മാസം കൂടി ബാങ്കുകള്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കണം.

ഈ കാലാവധി കഴിഞ്ഞിട്ടും കെവൈസി പുതുക്കാത്ത പക്ഷം, ഏത് തീയതി മുതലാണ് അക്കൗണ്ട് മരവിപ്പിക്കുക എന്ന് വ്യക്തമാക്കുന്ന നോട്ടീസ് ഇടപാടുകാരന് രേഖാമൂലം നല്‍കണം. ഈ നടപടി മൂലം മറ്റ് അക്കൗണ്ടുകളുടെ നടത്തിപ്പിലോ, നിലവില്‍ ബാങ്കില്‍ നല്‍കിയിട്ടുള്ള മറ്റ് നിര്‍ദേശങ്ങളുടെ നടത്തിപ്പിലോ മാറ്റങ്ങള്‍ വരുമെങ്കില്‍ അക്കാര്യവും അറിയിക്കണം.

വിവരങ്ങള്‍ കൃത്യമായി നല്‍കണം

അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ഇടപാടുകാരുടെ തൊഴില്‍, വരുമാനം തുടങ്ങിയ വിവരങ്ങള്‍ ബാങ്കില്‍ നല്‍കേണ്ടതുണ്ട്. ഇതും കെവൈസിയുടെ ഭാഗമാണ്. ഈ വിവരങ്ങള്‍ക്ക് ചേര്‍ന്നുപോകുന്ന തരത്തിലുള്ള ഇടപാടുകളാണോ അക്കൗണ്ടിലൂടെ നടത്തുന്നതെന്ന് പരിശോധിച്ച്, ബാങ്കുകള്‍ ഉറപ്പുവരുത്തണം. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍, ഇടപാടുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബാങ്കിനെ അറിയിക്കാം. നിലവിലുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അക്കൗണ്ടിലെ ഇടപാടുകള്‍ ബാങ്കുകള്‍ അവലോകനം ചെയ്യുക.

ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍ ബാങ്കുകള്‍ ഇടപാടുകാരോട് വിവരങ്ങള്‍ ആരായും. അത്തരം സാഹചര്യങ്ങളില്‍, അക്കൗണ്ടില്‍ നടക്കുന്ന ഇടപാടുകളുടെ സ്വഭാവവും സാമ്പത്തിക സ്രോതസും രേഖാമൂലം ബാങ്കിനെ ബോധ്യപ്പെടുത്താന്‍ ഇടപാടുകാരന്‍ ബാധ്യസ്ഥനാണ്. ഇടപാടുകളുടെ എണ്ണത്തിലോ, തുകയിലോ, രീതിയിലോ ഗൗരവതരമായഅസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍, മുന്‍കൂട്ടി അറിയിക്കാതെ തന്നെ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബാങ്കിന് അധികാരമുണ്ട്.

ഈ സാഹചര്യത്തില്‍ ഇടപാടുകാരെ ഉടന്‍ വിവരം അറിയിക്കുകയും അക്കൗണ്ട് വീണ്ടും തുറന്നുകൊടുക്കാന്‍ എന്ത് ചെയ്യണമെന്ന് വിശദമായി അറിയിക്കുകയും വേണം. ബാങ്ക് ആവശ്യപ്പെടുന്ന വിവരങ്ങളും കൃത്യമായ രേഖകളും ഹാജരാക്കുന്ന പക്ഷം അവ പരിശോധിച്ച് ബോധ്യപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിച്ചു നല്‍കും.

കോടതികള്‍ ഇടപെടുന്നു

ഇടപാടുകാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ ചില ഇടപെടലുകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. നിയമപ്രവര്‍ത്തന ഏജന്‍സികളുടെ (Law (Law Enforcement Authorities) ആവശ്യപ്പെടല്‍ ഇല്ലാതെ വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് പരിമിതമായ അധികാരമെ ഉള്ളൂ എന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

ഇത്തരം അക്കൗണ്ട് മരവിപ്പിക്കല്‍ മൂന്ന് മാസത്തില്‍ കൂടുതലാകരുതെന്നും അത് സംബന്ധിച്ച വിവരം ഉടന്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. സൈബര്‍ തട്ടിപ്പ് കേസുകളില്‍ പണം വന്ന അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിക്കാതെ, തട്ടിപ്പുമായി ബന്ധപ്പെട്ട തുക മാത്രം പിടിച്ചുവെച്ച് അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിക്ക് പുറമെ മുംബൈ, പാട്ന ഹൈക്കോടതികളും ഇക്കാര്യത്തില്‍ സമാന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

പണം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം?

ഇപ്പോള്‍ ഇടപാടുകാരെ വലക്കുന്ന വലിയ ബുദ്ധിമുട്ടാണ് ഇലക്ട്രോണിക് - ഡിജിറ്റല്‍ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട് വരുന്ന സങ്കീര്‍ണതകളും തട്ടിപ്പുകളും. ഇങ്ങനെ പണം നഷ്ടപ്പെടുമ്പോള്‍, ഉടന്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങും. തട്ടിപ്പിന്റെ വിവരം സൈബര്‍ സെല്ലില്‍ നിന്ന് ബാങ്കുകളില്‍ ലഭിച്ചാല്‍ അവര്‍ ആ അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇക്കാര്യത്തില്‍ ഓരോ ബാങ്കിനും അവരുടേതായ നയങ്ങളുണ്ടാകും. അക്കൗണ്ട് പൂര്‍ണമായും മരവിപ്പിക്കണോ, അതോ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ വന്ന തുക മാത്രം പിടിച്ചുവെച്ചാല്‍ മതിയോ എന്ന തീരുമാനം ഓരോ തട്ടിപ്പിന്റെ സ്വഭാവവും അക്കൗണ്ട് ലെയര്‍ ഒന്നാണോ, രണ്ടാണോ, മൂന്നാണോ എന്നിങ്ങനെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുമാകും.

അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കാര്യം ബാങ്കുകള്‍ ഇടപാടുകാരെ അറിയിക്കും. എന്നാല്‍ ഇതില്‍ ഒരു പരിഹാരം ഉടനെ ലഭിക്കില്ല.

അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ സൈബര്‍ സെല്ലിന്റെയോ പൊലീസിന്റെയോ വിവരങ്ങള്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് കൈമാറും. എന്നാല്‍ ഇതുകൊണ്ട് ഉടന്‍ പരിഹാരം ലഭിക്കണമെന്നില്ല. അക്കൗണ്ടില്‍ വന്നിട്ടുള്ള, തട്ടിപ്പിന്റെ ഭാഗമെന്ന് പറയുന്ന തുക പിടിച്ചുവെക്കുന്നതില്‍ പലപ്പോഴുംഇടപാടുകാര്‍ എതിര്‍പ്പ് പറയാറില്ല. എന്നാല്‍ അതിന്റെ പേരില്‍ അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും പിടിച്ചുവെക്കുന്നതും അക്കൗണ്ട് മരവിപ്പിക്കുന്നതും ഇടപാടുകാര്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതേസമയം സാമ്പത്തിക കുറ്റകൃത്യം നടന്ന ഒരു കാര്യത്തില്‍ ആവശ്യമായ ശ്രദ്ധയും നടപടികള്‍ സ്വീകരിക്കേണ്ടതും പ്രധാനമാണ്.

A detailed look at why banks freeze customer accounts and the legal remedies available to depositors.

ധനം മാനഗസീന്‍ 2026 ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

SCROLL FOR NEXT