Banking, Finance & Insurance

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലാഭകരമായ മൂന്നാം പാദം: വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച

പലിശ ഇതര വരുമാനത്തിലുണ്ടായ ഗണ്യമായ വളർച്ചയും ആസ്തികളുടെ ഗുണനിലവാരത്തിലുണ്ടായ പുരോഗതിയുമാണ് ലാഭത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ

Dhanam News Desk

2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) മികച്ച നേട്ടവുമായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷം ഇതേ കാലയളവിലെ 2,517 കോടി രൂപയിൽ നിന്ന് ബാങ്കിന്റെ അറ്റാദായം 7.47 ശതമാനം വർദ്ധിച്ച് 2,705 കോടി രൂപയായി. പലിശ ഇതര വരുമാനത്തിലുണ്ടായ ഗണ്യമായ വളർച്ചയും ആസ്തികളുടെ ഗുണനിലവാരത്തിലുണ്ടായ പുരോഗതിയുമാണ് ലാഭത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.

ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 6.43 ശതമാനം വർദ്ധിച്ച് 6,461 കോടി രൂപയായി. പലിശ ഇതര വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം ഉയർന്ന് 2,279 കോടി രൂപയിലെത്തി. ബാങ്കിന്റെ ലാഭക്ഷമത സൂചിപ്പിക്കുന്ന നെറ്റ് ഇന്ററസ്റ്റ് മാർജിൻ (NIM) മുൻ പാദത്തിലെ 2.41 ശതമാനത്തിൽ നിന്ന് 2.57 ശതമാനമായി മെച്ചപ്പെട്ടു.

വായ്പകളില്‍ മുന്നേറ്റം

വായ്പകളുടെ ഗുണനിലവാരത്തിലും ബാങ്ക് പുരോഗതി രേഖപ്പെടുത്തി. മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.26 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.60 ശതമാനമാണ്. ബാങ്കിന്റെ ആഗോള ബിസിനസ് 16.27 ട്രില്യൺ രൂപയായി ഉയർന്നു. ആഭ്യന്തര വായ്പകളിൽ 15.16 ശതമാനം വളർച്ചയുണ്ടായപ്പോൾ, റീട്ടെയിൽ വായ്പകൾ 20.64 ശതമാനവും കാർഷിക വായ്പകൾ 16.69 ശതമാനവും വളർച്ച രേഖപ്പെടുത്തി. ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ബാങ്ക് 7,500 കോടി രൂപ ലാഭം നേടിയെന്നും, ഇത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ബാങ്കിനെ സഹായിക്കുമെന്നും എം.ഡിയും സി.ഇ.ഒയുമായ രജനീഷ് കർണാടക് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT