Banking, Finance & Insurance

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കുറച്ച് കേന്ദ്രം; വില്പനയ്ക്ക് പിന്നിലെ കാരണം ഇതാണ്

ഓഹരിയൊന്നിന് 54 രൂപ നിരക്കില്‍ 46,14 കോടി ഓഹരികളാണ് ഒഎഫ്എസില്‍ വിറ്റഴിക്കുന്നത്. തിങ്കളാഴ്ചത്തെ ക്ലോസിംഗ് വില 57.66 രൂപയായിരുന്നു

Dhanam News Desk

പൊതുമേഖല ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായി നില്‍ക്കുന്നതിനിടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ആറ് ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2,600 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിക്കുക.

നോണ്‍ റീട്ടെയ്ല്‍ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കാണ് ചൊവ്വാഴ്ച ഓഹരികള്‍ സ്വന്തമാക്കാനാകുക. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ബുധനാഴ്ച ബിഡ് ചെയ്യാം. നിലവില്‍ കേന്ദ്രസര്‍ക്കാരിന് 79.6 ശതമാനം ഓഹരി പങ്കാളിത്തമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഉള്ളത്. 35,29,543 കോടി രൂപയുടെ ഓഹരികള്‍ വരുമിത്. ആറുശതമാനം ഓഹരി വില്പന പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ പങ്കാളിത്തം 75 ശതമാനത്തില്‍ താഴെവരും.

എന്തുകൊണ്ട് വില്പന?

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിയമപ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 25 ശതമാനം ഓഹരികളെങ്കിലും നോണ്‍ പ്രമോട്ടര്‍മാരുടെ കൈയിലായിരിക്കണം. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിരുന്നു.

2026 ഓഗസ്റ്റ് ഒന്നു വരെ ഈ നിയമം പാലിക്കാന്‍ സര്‍ക്കാരിന് സെബി സമയം അനുവദിച്ചിട്ടുണ്ട്. ചട്ടം പാലിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ ഓഹരി വില്പന.

ഓഹരിയൊന്നിന് 54 രൂപ നിരക്കില്‍ 46,14 കോടി ഓഹരികളാണ് ഒഎഫ്എസില്‍ വിറ്റഴിക്കുന്നത്. തിങ്കളാഴ്ചത്തെ ക്ലോസിംഗ് വില 57.66 രൂപയായിരുന്നു. ഈ വിലയില്‍ നിന്ന് 6.34 ശതമാനം ഇളവില്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ (IOB) 94.6 ശതമാനം, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 93.9 ശതമാനം യുകോ ബാങ്കില്‍ 91 ശതമാനം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 89.3 ശതമാനം എന്നിങ്ങനെയാണ് മറ്റ് പൊതുമേഖല ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ അധിക ഓഹരികള്‍. ഈ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം അടുത്ത ഓഗസ്റ്റ് ഒന്നിനു മുമ്പ് സര്‍ക്കാര്‍ കുറയ്‌ക്കേണ്ടി വരും.

ബാങ്ക് ഓഫ് മഹാരാഷ്ട്ര പാദഫലം

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ലാഭം മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ 23 ശതമാനം വര്‍ധിപ്പിക്കാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സാധിച്ചിരുന്നു. വരുമാനം ഇക്കാലയളവില്‍ 7,128 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 6,017 കോടി രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT