സാമ്പത്തിക വര്‍ഷത്തിന്റെ അവസാന വാരത്തില്‍ ബാങ്കിംഗ് മേഖലയില്‍ പ്രതിഷേധ സമരം വരുന്നു. മാര്‍ച്ച് 24,25 (തിങ്കള്‍, ചൊവ്വ) തീയതികളിലാണ് ബാങ്ക് ജീവനക്കാരുടെ നിരവധി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചത്തെ അവധി ദിവസത്തോട് ചേര്‍ന്ന് വരുന്നതിനാല്‍ ഫലത്തില്‍ മൂന്നു ദിവസം ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും. ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സ് ആണ് രാജ്യ വ്യാപകമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളത്. ഓള്‍ ഇന്ത്യ ബാങ്ക് എപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫോറത്തിലുള്ളത്.
കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂണിയനുകളുടെ പ്രതിഷേധം. എല്ലാ തസ്തികകളിലും കൂടുതല്‍ നിയമനം നടത്തുക, താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിംഗ് മേഖലയില്‍ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 5 ദിവസമാക്കുക തുടങ്ങിയവാണ് പ്രധാന ആവശ്യങ്ങള്‍.
ഈ മാസം 31 ന് മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയാണെങ്കിലും സാമ്പത്തിക വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ ജീവനക്കാര്‍ ബാങ്കില്‍ എത്തണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine