Banking, Finance & Insurance

ശനിയാഴ്ച ബാങ്ക് പണിമുടക്ക്, ഇടപാടുകളെ ബാധിക്കുമോ?

ഐ ഒ ബി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐ സി ഐ സി ഐ എന്നിവരുള്‍പ്പെടെ സമരത്തില്‍ നിന്നും പിന്തിരിഞ്ഞെങ്കിലും ചില സേവനങ്ങള്‍ തടസപ്പെടുമെന്നാണ് സൂചന

Dhanam News Desk

ബാങ്ക് ജോലികള്‍ ഔട്ട് സോര്‍സിങ് ചെയ്യുന്നതും, യൂണിയനുകളില്‍ സജീവമാകുന്ന ജീവനക്കാര്‍ക്ക് എതിരെ പ്രതികാര നടപടികള്‍ മാനേജ്‌മെന്റ്റ് എടുക്കുന്നതിലും പ്രതിഷേധിച്ച് നവംബര്‍ 19 ശനിയാഴ്ച്ച അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (AIBEA) പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസര്‍മാര്‍ പണിമുടക്കില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്.

കൗണ്ടര്‍ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിംഗ് പോലുള്ള ചില പ്രവര്‍ത്തനങ്ങളെ സമയം ബാധിച്ചേക്കാമെന്നു മുന്നറിയിപ്പുണ്ട്.

ഭൂരിപക്ഷം ബാങ്ക് ജീവനക്കാരും സമരത്തിലുണ്ടെന്ന് AIBEA ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ് ബി ഐ യിലെ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയിസ് എന്ന യൂണിയനില്‍ പെട്ട ജീവനക്കാര്‍ സമരത്തില്‍ ഇല്ല. സ്വകാര്യ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐ സി ഐ സി ഐ എന്നിവയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

ക്ലെറിക്കല്‍ പണികള്‍ ഔട്ട് സോഴ്‌സ് ചെയ്യുക വഴി ഉപഭോക്താക്കളുടെ സ്വകാര്യതയും, സമ്പത്തും അപകടത്തിലാക്കുന്നതായി AIBEA ആരോപിക്കുന്നു. താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങളെയും ബാധിച്ചിട്ടുണ്ട്. യൂണിയനുകളില്‍ സജീവമായ ജീവനക്കാര്‍ക്ക് എതിരെ പ്രതികാര നടപടികള്‍ എടുക്കുന്നത് വര്‍ധിക്കുന്നതായി AIBEA ആരോപിച്ചു. ജീവനക്കാരെ സ്ഥലം ,മാറ്റുകയും, പിരിച്ചു വിടുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, മാനേജ്മെന്റ് എന്നിവരുമായി നടന്ന ചര്‍ച്ചകള്‍ ഫലവത്താകാത്തതു കൊണ്ടാണ് AIBEA പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT