Banking, Finance & Insurance

അഞ്ചുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും; എന്തിനാണ് ജീവനക്കാര്‍ വിട്ടുനില്‍ക്കുന്നത്? ഏതൊക്കെ മേഖലകളെ ബാധിക്കും?

ബാങ്കിംഗ് ജോലികള്‍ ആഴ്ച്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്

Dhanam News Desk

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആഹ്വാനം ചെയ്ത മൂന്നുദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ബാങ്കിംഗ് മേഖലയെ നിശ്ചലമാക്കുമെന്ന് ആശങ്ക. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പണിമുടക്കിന് മുമ്പുള്ള ദിവസങ്ങള്‍ ശനിയും ഞായറും അയതിനാല്‍ ഫലത്തില്‍ 5 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞു കിടക്കും.

ഉപഭോക്താക്കളോട് മുന്‍കൂറായി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശാഖകളില്‍ നേരിട്ട് ചെന്നുള്ള ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ബാക്കി കാര്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനങ്ങളെ ആശ്രയിക്കാനാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

പണിമുടക്ക് എന്തിന്?

ബാങ്കിംഗ് മേഖലയില്‍ പണിയെടുക്കുന്ന 90 ശതമാനം ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ബാങ്കിംഗ് ജോലികള്‍ ആഴ്ച്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ അനുകൂല സമീപനം സ്വീകരിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

കഴിഞ്ഞദിവസം സംഘടന പ്രതിനിധികള്‍ കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ സംഘടന തീരുമാനിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (DFS), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA), വിവിധ ബാങ്ക് മാനേജ്മെന്റുകള്‍ എന്നിവ പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് ദിവസത്തെ ബാങ്കിംഗ് മാത്രമല്ല, ജീവനക്കാരെയും പെന്‍ഷന്‍കാരെയും ബാധിക്കുന്ന മറ്റു ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പെന്‍ഷന്‍ പരിഷ്‌കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, എല്ലാ പെന്‍ഷന്‍കാര്‍ക്കും ഏകീകൃത ക്ഷാമബത്ത ഫോര്‍മുല കൊണ്ടുവരിക, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (NPS) പരിധിയിലുള്ള ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (OPS) മാറാന്‍ അവസരം നല്‍കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

സെപ്റ്റംബര്‍ 30 ബാങ്കുകളുടെ അര്‍ധവാര്‍ഷിക ക്ലോസിംഗ് ദിനവുമാണ്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന ജോലികളും ട്രഷറി ഇടപാടുകളും നടക്കേണ്ട പ്രധാന തീയതിയിലാണ് പണിമുടക്കിന്റെ അവസാന ദിവസം വരുന്നത്.

പണിമുടക്കിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്

  • ആവശ്യമായ പണം മുന്‍കൂട്ടി പിന്‍വലിച്ച് സൂക്ഷിക്കുക

  • വലിയ ബാങ്ക് ഇടപാടുകളും ചെക്ക് ക്ലിയറന്‍സും നേരത്തെ പൂര്‍ത്തിയാക്കുക

  • ഇഎംഐ, ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങിയവയുടെ ബില്ലിംഗ് മുന്‍കൂട്ടി പരിശോധിക്കുക

  • യുപിഐ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ സജ്ജമാണെന്ന് ഉറപ്പാക്കുക

  • ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിച്ച് ബ്രാഞ്ച് സേവനങ്ങളുടെ നില മനസിലാക്കുക

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT