ബാങ്കിംഗ് സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ ബാങ്കുകളെ തേടിയെത്തുന്ന കാലം മാറുകയാണെന്നും ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കേണ്ട കാലമാണിതെന്നും ധനകാര്യ രംഗത്തെ വിദഗ്ധര്‍. കൊച്ചി ലെ മെറിഡിയനില്‍ നടന്ന ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026ലെ പാനല്‍ ചര്‍ച്ചയിലാണ് ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ സാങ്കേതിക മാറ്റങ്ങളും പുതിയ ബിസിനസ് സാധ്യതകളും ചര്‍ച്ചയായത്.
മുത്തൂറ്റ് മൈക്രോഫിന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ലിന്‍സണ്‍ പോള്‍ ആയിരുന്നു പാനല്‍ ചര്‍ച്ച നിയന്ത്രിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഐഒ എ. സോണി, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുശാന്ത ഡാഷ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഐഒ ജയകൃഷ്ണന്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.
ബാങ്ക് ശാഖകളില്‍ നിന്ന് മൊബൈല്‍ ആപ്പുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ മാറിയെങ്കിലും മികച്ച ആപ്പുണ്ടെന്നതുകൊണ്ടു മാത്രം ഉപയോക്താക്കളെ ആകര്‍ഷിക്കാനാകില്ല. രാജ്യത്തെ യുപിഐ ഇടപാടുകളില്‍ 95 ശതമാനവും നടക്കുന്നത് ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. ബാങ്കുകളുടെ സ്വന്തം ആപ്പുകള്‍ വഴിയുള്ള ഇടപാടുകളുടെ വിഹിതം വളരെ ചെറുതാണെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുശാന്ത ഡാഷ് ചൂണ്ടിക്കാട്ടി.
ബാങ്കിംഗ് സേവനങ്ങള്‍ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കുന്ന ബാങ്കിംഗ് ആസ്എസര്‍വീസ് (Banking as a Service) മാതൃകയ്ക്ക് ഇതോടെ പ്രാധാന്യമേറുകയാണ്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് ഉപയോക്താക്കളുടെ വാങ്ങല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ ബാങ്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന ഉപയോക്താക്കളുടെ ഇരട്ടി ആളുകളിലേക്ക് എത്താന്‍ ഇത്തരം സഹകരണങ്ങളിലൂടെ സാധിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു.
സ്വര്‍ണവിലയിലെ ചാഞ്ചാട്ടം ബാങ്കുകളെയും വായ്പാ സ്ഥാപനങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്നതിലും വലിയ ബിസിനസ് സാധ്യതകളാണ് ബാങ്കുകള്‍ കാണുന്നത്. പൂര്‍ണമായും ഡിജിറ്റലായി ഇത്തരം വായ്പകള്‍ ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന വിലയിരുത്തലാണ് എ. സോണി പങ്കുവച്ചത്.
വെല്‍ത്ത് മാനേജ്മെന്റ് രംഗത്ത് ഡിജിറ്റല്‍ സേവനങ്ങള്‍ വളരുമ്പോഴും ഉപയോക്താക്കളുമായുള്ള നേരിട്ടുള്ള ഇടപെടലിന്റെ പ്രാധാന്യം കുറയുന്നില്ല. സാമ്പത്തിക അവബോധം വര്‍ധിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ നിക്ഷേപ ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ശാഖകളും ധനകാര്യ വിദഗ്ധരുടെ സേവനങ്ങളും സമന്വയിപ്പിക്കുന്ന ഹൈബ്രിഡ് മാതൃകയ്ക്കായിരിക്കും വരുംകാലത്ത് കൂടുതല്‍ പ്രാധാന്യം. വലിയ തുകയുടെ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വിശ്വാസവും സുതാര്യതയും നിര്‍ണായക ഘടകങ്ങളാണെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine