Banking, Finance & Insurance

ഷട്ടറിട്ടാലും അവസാനിക്കില്ല, ബാങ്കിംഗ് മേഖല ഇന്ന് ഒരു തടവറയോ? സ്വപ്ന ജോലിയില്‍ നിന്ന് ഓടിയൊളിക്കുന്ന മലയാളി ചെറുപ്പക്കാര്‍!

നാല് വര്‍ഷം മുമ്പാണ് കണ്ണൂരില്‍ കനറാ ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന കെ.എസ് സ്വപ്‌ന ആത്മഹത്യ ചെയ്തത്. കടുത്ത ജോലിഭാരവും സമ്മര്‍ദവുമായിരുന്നു ജോലിസ്ഥലത്ത് തന്നെ ജീവനൊടുക്കാന്‍ ഈ 38കാരിയെ പ്രേരിപ്പിച്ചത്.

Lijo MG

ഒരു കാലത്ത് മലയാളി യുവാക്കളുടെ സ്വപ്ന ജോലികളുടെ പട്ടികയില്‍ ഐഎഎസിന് തൊട്ടുപിന്നിലായിരുന്നു ബാങ്കിംഗ് കരിയര്‍. സ്ഥിരതയുള്ള വരുമാനവും ആദരവുമായിരുന്നു ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഇന്ന് കഥമാറി. രാജിവെച്ചിറങ്ങാന്‍ മറ്റ് വഴികള്‍ തേടുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നു. സമ്മര്‍ദം സഹിക്കാനാകാതെ ജീവിതം അവസാനിപ്പിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ വാര്‍ത്തകളും പത്രങ്ങളുടെ കോളങ്ങളില്‍ സ്ഥിരമായിരിക്കുന്നു.

നാല് വര്‍ഷം മുമ്പാണ് കണ്ണൂരില്‍ കനറാ ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന കെ.എസ് സ്വപ്‌ന ആത്മഹത്യ ചെയ്തത്. കടുത്ത ജോലിഭാരവും സമ്മര്‍ദവുമായിരുന്നു ജോലിസ്ഥലത്ത് തന്നെ ജീവനൊടുക്കാന്‍ ഈ 38കാരിയെ പ്രേരിപ്പിച്ചത്. യന്ത്രങ്ങളെ പോലെ പണിയെടുക്കേണ്ടി വരുന്ന ബാങ്ക് ജീവനക്കാരുടെ അവസ്ഥ പൊതുസമൂഹത്തിലേക്ക് കൂടുതല്‍ അറിഞ്ഞതും ഈ ആത്മഹത്യയിലൂടെയായിരുന്നു.

എന്താണ് സംഭവിക്കുന്നത്?

വിരമിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് പുതിയ നിയമനങ്ങള്‍ നടക്കാത്തതും ഡിജിറ്റലൈസേഷന്റെ പേരില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതും നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അധികസമയം ജോലി ചെയ്യേണ്ടിവരുന്നതും തുടര്‍ച്ചയായ ബിസിനസ് ലക്ഷ്യങ്ങളും മാനസിക-ശാരീരിക സമ്മര്‍ദ്ദവും ജീവനക്കാരെ ബാധിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാങ്കിംഗ് റിക്രൂട്ട്‌മെന്റുകള്‍ തീര്‍ത്തും കുറഞ്ഞു. ടെക്‌നോളജി നടപ്പിലാക്കാനുള്ള മനുഷ്യ വിഭവശേഷി പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇക്കാലയളവില്‍ ബാങ്കുകളുടെ ലാഭം കുമിഞ്ഞു കൂടുകയാണ്. എന്നിട്ടു പോലും റിക്രൂട്ട്‌മെന്റിന് കാര്യമായി ശ്രമിക്കുന്നില്ല. നിലവില്‍ സ്ഥിരം ജോലിക്കാരെക്കാള്‍ കൂടുതല്‍ കരാര്‍ ജോലിക്കാരെന്ന സ്ഥിതിയിയിലേക്ക് കാര്യങ്ങളെത്തി. കരാര്‍ ജോലികള്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സെക്യൂരിറ്റിയെ പോലും ബാധിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്ത് 500ലേറെ ബാങ്ക് ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് ജീവനക്കാരുടെ മാനസികാരോഗ്യം ഏറ്റവും താഴ്ന്ന നിലയിലാണ്.
സി. രാജീവന്‍, വൈസ് പ്രസിഡന്റ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി)

ജീവനക്കാരുടെ കുറവ്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കുകളില്‍നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിന് അനുസൃതമായി പുതിയ നിയമനങ്ങള്‍ നടക്കുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പരാതി. മുമ്പ് 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാര്‍ രാജ്യത്തുണ്ടായിരുന്നു. ഇപ്പോഴത് 7.5 ലക്ഷത്തില്‍ താഴെയായി. ടെക്‌നോളജി വളര്‍ന്നതുകൊണ്ട് ഇടപാടുകാരുടെ വരവ് കുറഞ്ഞിട്ടില്ലെന്ന് ബാങ്കിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ പറയുന്നു.

അവധി ദിനങ്ങളില്‍ പോലും ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്ന് പ്രമുഖ പൊതുമേഖല ബാങ്കിന്റെ ബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ധനംഓണ്‍ലൈനോട് പറഞ്ഞത്. പലപ്പോഴും രാത്രികളിലാണ് വീട്ടിലെത്തുന്നത്. കണക്കുകള്‍ പരിശോധിക്കാനായി അവധി ദിവസങ്ങളിലും ഞായറാഴ്ച്ചകളിലും ജോലി ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

പല ബ്രാഞ്ചുകളിലും ജീവനക്കാര്‍ രാത്രി എട്ടോ ഒന്‍പതോ മണിവരെ തുടരേണ്ടിവരുന്നു. അവധി ദിവസങ്ങളില്‍ പോലും അവലോകന യോഗങ്ങളും പരിശീലന പരിപാടികളും ക്ലിയറന്‍സ് ജോലികളും സംഘടിപ്പിക്കുന്നതായും ജീവനക്കാര്‍ പറയുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയം കവര്‍ന്നെടുക്കുകയും വര്‍ക്ക്-ലൈഫ് ബാലന്‍സിനെ ഇതു തകര്‍ക്കുകയും ചെയ്യുന്നു.

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ വ്യാപകമായതോടെ ജീവനക്കാരുടെ ആവശ്യം കുറഞ്ഞുവെന്ന ന്യായം പറഞ്ഞാണ് ബാങ്കുകള്‍ പല തസ്തികകളും ഒഴിവാക്കുകയോ നിയമനങ്ങള്‍ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത്.

പൊതുമേഖല ബാങ്കുകളില്‍ മാത്രമല്ല ഈ പ്രവണതയുള്ളത്. പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളിലും ഇതുതന്നെയാണ് അവസ്ഥ. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകളിലെല്ലാം ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. എഐ ഉപയോഗിച്ച് ജോലികള്‍ എളുപ്പമാക്കുന്നുവെന്ന് പറയുമ്പോഴും ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കുകയാണ്.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടും ബാങ്ക് ശാഖകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തിലോ ജീവനക്കാരുടെ ജോലിയിലോ കാര്യമായ കുറവുണ്ടായിട്ടില്ല. മുതിര്‍ന്ന പൗരന്മാരും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ളവരും ഇപ്പോഴും ശാഖകളെയാണ് ആശ്രയിക്കുന്നത്. ഇതോടെ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് പല ശാഖകളിലും.

ജോലിക്കൊപ്പം ക്യാന്‍വാസിംഗും

നിക്ഷേപങ്ങളും വായ്പകളും കൈകാര്യം ചെയ്യുന്നതിനൊപ്പം ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയവയുടെ വില്പനയും ജീവനക്കാര്‍ക്ക് മേധാവികള്‍ നല്കുന്നുണ്ട്. റീട്ടെയ്ല്‍ ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന സമ്മര്‍ദ്ദം ദൈനംദിന ജോലിയുടെ ഭാഗമായി മാറിയെന്ന് പല ജീവനക്കാരും പരാതി പറയുന്നു. ടാര്‍ജറ്റ് തികച്ചില്ലെങ്കില്‍ മേലധികാരികളില്‍ നിന്ന് വിശദീകരണം തേടല്‍ അടക്കം നേരിടേണ്ടി വരുന്നു.

വൈകുന്നേരം അഞ്ച് വരെയാണ് പല ബാങ്കുകളുടെയും പ്രവൃത്തിസമയം. എന്നാല്‍ അക്കൗണ്ട് ക്ലോസിംഗ്, വായ്പാ ഫയലുകളുടെ പരിശോധന, ഓഡിറ്റ് നടപടികള്‍, ബിസിനസ് അവലോകനങ്ങള്‍ എന്നിവ കാരണം ജീവനക്കാര്‍ക്ക് രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്നുവെന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട മറ്റ് ടാര്‍ജറ്റുകള്‍ കൂടുതലായി വരുന്നതാണ് ഇതിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.

കൂട്ടിന് ആരോഗ്യ പ്രശ്‌നങ്ങള്‍

തുടര്‍ച്ചയായ ജോലിഭാരവും ലക്ഷ്യസമ്മര്‍ദ്ദവും ബാങ്ക് ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉറക്കക്കുറവ്, ഹൃദ്രോഗ സാധ്യത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ ജീവനക്കാരില്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. ജീവനക്കാരുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി എല്ലാ ബാങ്കുകളിലും കാര്യക്ഷമമായ കൗണ്‍സിലിംഗ് സംവിധാനങ്ങളോ സഹായകേന്ദ്രങ്ങളോ നിലവിലില്ല.

ജീവനക്കാരുടെ കുറവ് മൂലം ബാങ്ക് കൗണ്ടറുകളില്‍ നീണ്ട ക്യൂവും സേവനങ്ങളില്‍ കാലതാമസവും പതിവാകുന്നു. വായ്പാ അപേക്ഷകള്‍, അക്കൗണ്ട് സേവനങ്ങള്‍, കെ.വൈ.സി പുതുക്കല്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വൈകലുണ്ടാകുമ്പോള്‍ ഉപഭോക്താക്കളുടെ രോഷം നേരിടേണ്ടിവരുന്നത് താഴേത്തട്ടിലെ ജീവനക്കാരാണെന്നതാണ് വസ്തുത.

ഒഴിവുകള്‍ നികത്തുന്നില്ല

ബാങ്കുകളിലെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുകയും ജോലിഭാരത്തിന് അനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും വേണം. ശാഖകളിലെ ഉപഭോക്തൃ എണ്ണം, ഇടപാടുകളുടെ തോത്, വായ്പാ പോര്‍ട്ട്ഫോളിയോ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാകണം ജീവനക്കാരുടെ എണ്ണം നിശ്ചയിക്കേണ്ടത്.

ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള തേര്‍ഡ് പാര്‍ട്ടി ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായി ജീവനക്കാര്‍ക്ക് അമിതമായ ലക്ഷ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണം. ഉപയോക്താവിന്റെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുയോജ്യമായ ഉല്‍പന്നങ്ങള്‍ മാത്രം നിര്‍ദേശിക്കുന്ന സംവിധാനം ഉറപ്പാക്കണം എന്നിവയാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

An analysis of how staff shortages, aggressive sales targets and rising workload are making banking careers increasingly stressful in India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT