Banking, Finance & Insurance

യുപിഐ ഇടപാടുകള്‍ കുതിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നതെങ്ങനെ?

കുറഞ്ഞ മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കെല്ലാം മിക്കവരും തെരഞ്ഞെടുക്കുന്നത് യുപിഐ ആണ്

Dhanam News Desk

വര്‍ധിച്ചുവരുന്ന മര്‍ച്ചന്റ് പേയ്മെന്റുകളിലെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ ബാങ്കുകളുടെയും ബാങ്കിതര സ്ഥാപനങ്ങളുടെയും വരുമാന ചോര്‍ച്ചയ്ക്ക് കാരണമാകുന്നു. നിലവില്‍ ചെറിയ കടകളില്‍ പോലും യുപിഐ ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് വലിയൊരു വിഭാഗം ആളുകളും തുക പേയ്‌മെന്റ് ചെയ്യുന്നത്. യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) നല്‍കേണ്ടതില്ലാത്തതിനാല്‍, യുപിഐ ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റുപേ ഇതര കാര്‍ഡ് ഇടപാടുകള്‍ക്കെല്ലാം ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. ഇത് വ്യാപാരികളുടെ മാര്‍ജിനുകളെ ബാധിക്കുമെന്നതും യുപിഐ ഇടപാട് വര്‍ധിക്കാന്‍ കാരണമായി.

യുപിഐ ഇടപാടുകള്‍ കുത്തനെ വര്‍ധിച്ചതോടെ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വരുമാനവും കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ഡിസംബറില്‍ അവസാനിച്ച പാദത്തിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ പേയ്മെന്റ് ഉല്‍പ്പന്നങ്ങളുടെ ഫീസ് വരുമാനത്തില്‍ കഴിഞ്ഞകാലയളവിനേക്കാള്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ആക്സിസ് ബാങ്കിന്റെ റീട്ടെയില്‍ കാര്‍ഡ് ഫീസ് വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1.9 ശതമാനമായി കുറഞ്ഞു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് യുപിഐ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയര്‍ന്നത്. 2021ലെ എല്ലാ വ്യാപാരി ഇടപാടുകളുടെയും പകുതിയും മൊബൈല്‍ ഫോണുകളിലൂടെ നടന്നതായി വ്യവസായ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ഫെബ്രുവരിയിലെ മര്‍ച്ചന്റ് യുപിഐ ഇടപാടുകളുടെ മൂല്യം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുടെ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലായിരുന്നു. 1.63 ട്രില്യണ്‍ രൂപ യുപിഐ ഇടപാടുകളിലൂടെ കൈമാറിയപ്പോള്‍ 1.43 ട്രില്യണ്‍ രൂപ മാത്രമാണ് കാര്‍ഡ് ഇടപാടുകള്‍ വഴിയും പിഒഎസ് വഴിയും കൈമാറിയത്. കുറഞ്ഞ മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കെല്ലാം മിക്കവരും തെരഞ്ഞെടുക്കുന്നത് യുപിഐ ആണ്. 500 രൂപയില്‍ താഴെയുള്ള ഇടപാടുകളുടെ നാലിലൊന്ന് ഭാഗവും യുപിഐ വഴിയാണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇടപാടുകളുടെ അളവ് ഒരു നിലയിലെത്തിയാല്‍ യുപിഐ ഇടപാടുകളില്‍ ചില ചാര്‍ജുകള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. 2022 മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 5.4 ബില്യണ്‍ ആയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT