Image : Canva 
Banking, Finance & Insurance

ഈ ശനിയാഴ്ചയും ഈസ്റ്റര്‍ ദിനത്തിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കും; ലഭിക്കുന്ന സേവനങ്ങള്‍ ഇവയാണ്

ബാങ്കുകള്‍ ഞായറാഴ്ച തുറക്കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു

Dhanam News Desk

ഈ ശനിയാഴ്ചയും ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയും (March 30, 31) രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ (Govt receipts and payments) നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസങ്ങളായതിനാലും നിരവധി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാലുമാണ് ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി.

ലഭിക്കുന്ന സേവനങ്ങള്‍

ഈ ശനിയും (നാലാം ശനി) ഞായറും നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (NEFT), റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS) എന്നീ സേവനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ചെക്കുകളുടെയും ക്ലിയറിംഗ് നടപടികളും അന്നേദിവസങ്ങളില്‍ നടക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ റെസീറ്റ്, പേയ്‌മെന്റ് ഇടപാടുകള്‍, പെന്‍ഷന്‍ വിതരണം, സ്‌പെഷ്യല്‍ ഡെപ്പോസിറ്റ് സ്‌കീം (SDS), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം (PPF), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (SCSS), കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, റിസര്‍വ് ബാങ്ക് അംഗീകൃത ബോണ്ട് ഇടപാടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ ശനിയും ഞായറും നടത്താം.

ഏജന്‍സി ബാങ്കുകള്‍

സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി ചില ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ബാങ്കുകളായി തിരഞ്ഞെടുക്കാറുണ്ട്. ഇതില്‍ പൊതു, സ്വകാര്യബാങ്കുകളുണ്ടാകും. രാജ്യത്ത് 33 ഏജന്‍സി ബാങ്കുകളുണ്ടെന്നാണ് കണക്ക്.

എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയൊക്കെ ഏജന്‍സി ബാങ്കുകളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT