Banking, Finance & Insurance

ചെക്കുകള്‍ മാറാന്‍ ഇനി സമയമെടുക്കില്ല! ഉപയോക്താക്കള്‍ കാത്തിരുന്ന ബാങ്കിംഗ് പരിഷ്‌കാരം ഇന്നുമുതല്‍

രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍ഫര്‍മേഷന്‍ വിന്‍ഡോ പ്രവര്‍ത്തിക്കും. ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന് അത് സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട് ഏഴിനുമുമ്പ് തീരുമാനിക്കണം

Dhanam News Desk

ബാങ്കില്‍ ക്ലിയറിംഗിന് കൊടുത്ത ചെക്ക് പാസായി വരാനുള്ള കാത്തിരിപ്പിന് ഇന്നുമുതല്‍ അവസാനം. ചെക്കുകള്‍ ഇനിമുതല്‍ അതാത് ദിവസം തന്നെ പാസാക്കും. റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്കിയിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമായ മാറ്റമാണ് വരുന്നത്.

ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ചെക്ക് സ്‌കാന്‍ ചെയ്ത് മാഗ്നെറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗിനിഷന്‍ (എം.ഐ.സി.ആര്‍) ഡാറ്റയോടൊപ്പം ക്ലിയറിംഗ് ഹൗസുകളിലേക്ക് അയക്കും. പണം നല്‍കേണ്ട ബാങ്കിലേക്ക് ഈ രേഖകള്‍ അയക്കും. ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ പണം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും.

എല്ലാം വളരെയെളുപ്പം

രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍ഫര്‍മേഷന്‍ വിന്‍ഡോ പ്രവര്‍ത്തിക്കും. ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന് അത് സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട് ഏഴിനുമുമ്പ് തീരുമാനിക്കണം. ഏഴ് മണിക്കുള്ളില്‍ പണം നല്‍കേണ്ട ബാങ്ക് അനുമതി നല്‍കിയില്ലെങ്കില്‍ ചെക്ക് ഓട്ടോമാറ്റിക്കായി പാസാകും. അടുത്ത വര്‍ഷം ജനുവരി മൂന്ന് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചെക്ക് പാസാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം ഇന്നു മുതല്‍ നിര്‍ദേശം നടപ്പിലാക്കും. ഇതുവരെ രണ്ടു ദിവസമെങ്കിലും സമയമെടുക്കുന്നുണ്ട് ചെക്ക് മാറിയെടുക്കാന്‍. ഈ കാലതാമസമാണ് ഒഴിവാകുന്നത്.

ഉപയോക്താക്കള്‍ ബാങ്കില്‍ സമര്‍പ്പിക്കുന്ന ചെക്കുകള്‍ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) വഴിയാണ് നിലവില്‍ മാറ്റിയെടുക്കുന്നത്. ഒരുദിവസം നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് സ്‌കാന്‍ ചെയ്ത് (ബാച്ച് പ്രോസസിങ്) ക്ലിയറിങ്ങിന് അയക്കുകയാണ്. ചെക്ക് ലഭിക്കുമ്പോള്‍ത്തന്നെ സ്‌കാന്‍ ചെയ്ത് സിടിഎസിലൂടെ ക്ലിയറിങ്ങിന് അയക്കുന്നതായിരിക്കും പുതിയ സംവിധാനം.

ചെക്കുകള്‍ ഇതിലും വേഗത്തില്‍ ക്ലിയര്‍ ചെയ്യുന്ന സംവിധാനം അടുത്ത വര്‍ഷം മുതല്‍ നടപ്പില്‍ വരും. 2026 ജനുവരി മൂന്ന് മുതല്‍ ചെക്കുകള്‍ ലഭിച്ചാല്‍ മൂന്ന് മണിക്കൂറിനകം സ്ഥിരീകരിക്കണം. തിട്ടപ്പെടുത്തലിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പണം അക്കൗണ്ടിലെയ്ക്ക് കൈമാറും.

പണം നല്‍കേണ്ട ബാങ്കുകള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാത്ത ചെക്കുകള്‍ അംഗീകരിച്ചതായി കണക്കാക്കുകയും ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള സെറ്റില്‍മെന്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ബാങ്ക് ശാഖകളില്‍ ലഭിക്കുന്ന ചെക്കുകള്‍ ഉടനടി സ്‌കാന്‍ ചെയ്ത് ക്ലിയറിങ് ഹൗസിലേയ്ക്ക് തുടര്‍ച്ചയായി അയച്ചു കൊണ്ടിരിക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

RBI's new cheque clearing reform enables same-day processing across major Indian banks starting today

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT