Banking, Finance & Insurance

ഇനി ചെക്ക് മാറിയെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഒക്‌ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം

രാവിലെ 10 മണിക്കും 11നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയര്‍ ചെയ്തിരിക്കണം. ഇതിനായി ബാങ്കുകള്‍ ആവശ്യമായ ക്രമീകരണം നടത്തണം

Dhanam News Desk

ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്‌നമായിരുന്നു ചെക്ക് മാറിയെടുക്കല്‍. രണ്ടു ദിവസം വരെ സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്‌ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തണമെന്നാണ് ബാങ്കുകള്‍ക്കുള്ള സര്‍ക്കുലര്‍.

ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (Cheque Truncation System-CTS) വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിംഗ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സി.ടി.എസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് നിര്‍ദ്ദേശം. പുതിയ രീതി വരുന്നതോടെ ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്തുന്നതിനുള്ള കാത്തിരിപ്പ് അവസാനിക്കും.

ഉപയോക്താക്കള്‍ക്ക് ഗുണകരം

ചെക്കുമായി ബന്ധപ്പെട്ട് രീതികള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കാന്‍ പുതിയ മാറ്റം വഴിയൊരുക്കുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. ചെക്കുമായി ബന്ധപ്പെട്ട് ഉപയോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും പരിഷ്‌കാരം സഹായിക്കും.

രണ്ടു ഘട്ടമായിട്ടായിരിക്കും ചെക്ക് പരിഷ്‌കാരം നടപ്പിലാക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 4 മുതല്‍ നടപ്പിലാക്കും. രണ്ടാംഘട്ടം 2026 ജനുവരി 3 മുതലും. ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും ലഭിക്കുന്ന ചെക്കുകള്‍ സാധുവാണോ അല്ലെങ്കില്‍ അസാധുവാണോ എന്ന കാര്യം അന്നേദിവസം രാത്രി 7ന് മുമ്പ് ഇടപാടുകാരെ അറിയിക്കണം.

രണ്ടാംഘട്ടത്തില്‍ ചെക്കിന്റെ കാര്യത്തില്‍ തീരുമാനം മൂന്നു മണിക്കൂറിനുള്ളില്‍ ഉപയോക്താവിനെ അറിയിക്കണം. ഉദാഹരണത്തിന് രാവിലെ 10 മണിക്കും 11നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയര്‍ ചെയ്തിരിക്കണം. ഇതിനായി ബാങ്കുകള്‍ ആവശ്യമായ ക്രമീകരണം നടത്തണം.

RBI introduces faster cheque clearance from October 4, enabling near-instant processing through CTS reform

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT