Banking, Finance & Insurance

പണിമുടക്ക് ഉള്‍പ്പെടെ തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അവധി

അഖിലേന്ത്യാപണിമുടക്കും അവധി ദിനങ്ങളും ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു പ്രവര്‍ത്തി ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും, അറിയാം.

Dhanam News Desk

പതിമൂന്നാം തീയതി മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്, അവധി ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെ വരുന്ന നാല് ദിവസത്തേക്കാണ് ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.

15, 16 തിയതികളിലായിട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഖിലേന്ത്യാ പണിമുടക്ക്. 13 രണ്ടാം ശനിയാഴ്ചയും 14 ഞായറാഴ്ച എന്നിവ കൂടി കണക്കിലെടുക്കുമ്പോഴാമ് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുക.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ രണ്ട്ദിവസം പണി മുടക്കുന്നത്.

പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമായി വിദേശ, ഗ്രാമീണ ബാങ്കുകളില്‍ നിന്നുമുളള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കിിട്ടുള്ളത്.

വിവിധ ബാങ്ക് യൂണിയനുകള്‍ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 4, 9, 10 തീയതികളില്‍ നടത്തിയ ചര്‍ച്ച പരാജയമായതോടെ യൂണിയനുകള്‍ പണിമുടക്ക് ആഹ്വാനം ചെയ്യുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നടപടികള്‍ പുന:പരിശോധിച്ചില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ബാങ്ക് യൂണിയനുകളുടെ നിലപാട്. തുടര്‍ച്ചയായ സമരം ഉണ്ടാകുമോ എന്നത് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT