രാജ്യത്തിലെ ബാങ്കിതര ധനകാര്യ മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആഗോള നിക്ഷേപക ഭീമനായ ബ്ലാക്ക്‌സ്റ്റോണ്‍ (Blackstone). ഇതിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായ ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ (IIFL Finance) 15% ഓഹരികള്‍ സ്വന്തമാക്കാന്‍ ഏകദേശം 5,000 കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. മറ്റ് നിക്ഷേപകരില്‍ നിന്നടക്കം 6,200 കോടിയിലധികം രൂപ കമ്പനിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ പ്രധാന എതിരാളികളിലൊന്നാണ് ഐഐഎഫ്എല്‍ ഫിനാന്‍സ്. പുതിയ നിക്ഷേപം കമ്പനിയുടെ സാമ്പത്തികശേഷി വര്‍ധിപ്പിച്ചാല്‍ സ്വര്‍ണപ്പണയ വായ്പാ മേഖലയിലെ മത്സരം കൂടുതല്‍ കടുക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും അടക്കം ഐഐഎഫ്എല്‍ ഫിനാന്‍സിന് സാന്നിധ്യമുണ്ട്.
സ്വര്‍ണപ്പണയ വായ്പ, ഭവന വായ്പ, ചെറുകിട ബിസിനസ് വായ്പ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐഐഎഫ്എല്‍ ഫിനാന്‍സിന് രാജ്യവ്യാപകമായി വലിയ ശൃംഖലയുണ്ട്. ഐഐഎഫ്എല്ലിന്റെ മൂലധനശേഷി വര്‍ധിക്കുന്നത് വായ്പാ വിപുലീകരണത്തിലും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലും കമ്പനിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും.
സെപ്റ്റംബര്‍ പാദത്തിന്റെ അവസാനത്തില്‍ ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ മൊത്തം വായ്പാ ആസ്തികള്‍ (AUM) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% ഉയര്‍ന്ന് 1.24 ലക്ഷം കോടിയിലെത്തിയിരുന്നു. കമ്പനി 2024 മേയില്‍ റൈറ്റ്സ് ഇഷ്യുവിലൂടെ 1,272 കോടി സമാഹരിച്ചിരുന്നു. സ്വര്‍ണപ്പണയ വായ്പയിലെ ചട്ടലംഘനങ്ങളെത്തുടര്‍ന്ന് കമ്പനി നേരത്തെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നടപടികള്‍ നേരിട്ടിരുന്നു.
ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ പ്രമോട്ടര്‍മാരായ നിര്‍മല്‍ ജെയിന്‍, ആര്‍. വെങ്കിട്ടരാമന്‍ എന്നിവര്‍ ചേര്‍ന്ന് 1,200 കോടി കൂടി നിക്ഷേപിക്കുമെന്നാണ് വിവരം. ഇതുവഴി കമ്പനിയിലെ ഇവരുടെ സംയുക്ത ഓഹരി പങ്കാളിത്തം ഏകദേശം 25% ആയി നിലനിര്‍ത്താന്‍ സാധിക്കും.
നിര്‍ബന്ധമായും ഓഹരികളാക്കി മാറ്റാവുന്ന പ്രിഫറന്‍സ് ഓഹരികളിലൂടെയായിരിക്കും (CCPS) ബ്ലാക്ക്സ്റ്റോണിന്റെ നിക്ഷേപം. ഇടപാട് പൂര്‍ത്തിയായാല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലും ബ്ലാക്ക്സ്റ്റോണിന് പ്രാതിനിധ്യം ലഭിച്ചേക്കും. നവംബര്‍ 10ന് ചേരുന്ന ഐഐഎഫ്എല്‍ ഫിനാന്‍സ് ബോര്‍ഡ് യോഗത്തില്‍ മൂലധന സമാഹരണത്തിന് അനുമതി നല്‍കിയേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine