canva
Banking, Finance & Insurance

മുന്‍കൂര്‍ വായ്പ തിരിച്ചടവില്‍ ബിസിനസ് വായ്പക്കാര്‍ക്ക് ആശ്വാസം, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആര്‍.ബി.ഐ, സഹകരണ ബാങ്കുകള്‍ക്കും ബാധകം

ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍, മറ്റ് ബാങ്കുകളിലേക്ക് വായ്പകള്‍ മാറ്റുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകം

Dhanam News Desk

വ്യക്തികളോ ചെറു-സൂക്ഷ്മ സ്ഥാപനങ്ങളോ (micro and small enterprises/MSEs) ബിസിനസ് ആവശ്യത്തിനായി എടുക്കുന്ന വായ്പകള്‍ക്ക് പ്രീ-പേയ്‌മെന്റ് പെനാല്‍റ്റി ഈടാക്കരുതെന്ന് ബാങ്കുകള്‍ക്കും മറ്റ് വായ്പാ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2026 ജനുവരി ഒന്നു മുതല്‍ പുതുക്കുന്നതോ പുതുതായി എടുക്കുന്നതോ ആയ വായ്പകള്‍ക്ക് ഇത് ബാധകമാകുമെന്നാണ് അറിയുന്നത്.

ചില ബാങ്കുകള്‍ മികച്ച ഓഫറുകളുള്ള മറ്റൊരു ബാങ്കിലേക്ക് ഉപയോക്താക്കള്‍ വായ്പ മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നതായും ആരോപണങ്ങളുണ്ട്. അത്തരം രീതികള്‍ നിയന്ത്രിക്കുന്നതിനായി കൂടിയാണ് ആര്‍ബിഐ ഡയറക്ഷന്‍സ് 2025 (വായ്പകളിലെ പ്രീ-പേയ്മെന്റ് ചാര്‍ജുകള്‍) എന്ന പേരില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും (പേയ്മെന്റ് ബാങ്കുകള്‍ ഒഴികെ), സഹകരണ ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

മുന്‍കൂര്‍ അടവിന് പിഴ ഇല്ല

നിലവില്‍ ബിസിനസ് ഇതര ആവശ്യങ്ങള്‍ക്കായി വ്യക്തികള്‍ ഒറ്റയ്‌ക്കോ സംയുക്തമായോ എടുക്കുന്ന ഫ്‌ളോട്ടിംഗ് റേറ്റ് വായ്പകള്‍ക്ക് പ്രീപേയെ്‌മെന്റ് പെനാലിറ്റി ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. ബിസിനസ് വായ്പകളിലും ഇത് ബാധകമാക്കുകയാണ്.

സൂക്ഷ്മ, ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രാപ്യവും താങ്ങാവുന്നതുമായ വായ്പകള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.

എംഎസ്ഇകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് പ്രീ-പേയ്മെന്റ് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ വായ്പാദാതാക്കള്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നും ഇത് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നതായും ആര്‍ബിഐ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.

മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

  • വ്യക്തികള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കല്ലാതെ അനുവദിക്കുന്ന ഒരു വായ്പയ്ക്കും പ്രീ-പേയ്മെന്റ് ചാര്‍ജുകള്‍ ഉണ്ടാകില്ല.

  • വാണിജ്യ ബാങ്ക്, ടയര്‍ 4 പ്രൈമറി (അര്‍ബന്‍) സഹകരണ ബാങ്ക്, NBFC-UL (അപ്പര്‍ ലെയര്‍), അഖിലേന്ത്യാ ധനകാര്യ സ്ഥാപനം എന്നിവയില്‍ നിന്നെടുക്കുന്ന ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള വായ്പകളിലും പ്രീപേയ്മെന്റ് ചാര്‍ജ് ഉണ്ടാകില്ല.

  • ക്യാഷ് ക്രെഡിറ്റ്/ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍, അനുവദിച്ച പരിധി കവിയാത്ത തുകയ്ക്ക് മാത്രമേ പ്രീ-പേയ്മെന്റ് ചാര്‍ജുകള്‍ ഈടാക്കാന്‍ കഴിയൂ.

  • ക്യാഷ് ക്രെഡിറ്റ് അല്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍, വായ്പാ കരാറില്‍ പറഞ്ഞിരിക്കുന്ന കാലയളവിന് മുമ്പ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പുതുക്കുന്നില്ലെന്ന് കടം വാങ്ങുന്നയാള്‍ ബാങ്കിനെ അറിയിച്ചാല്‍ പ്രീ-പേയ്മെന്റ് ചാര്‍ജുകള്‍ ഈടാക്കാന്‍ കഴിയില്ലെന്നും ആര്‍.ബി.ഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT