Representational image, courtesy: Canva
Banking, Finance & Insurance

കനത്ത മഴയിൽ വാഹനത്തിന് കേടുപാട് സംഭവിച്ചോ? എല്ലാത്തിനും ഇൻഷുറൻസ് കിട്ടില്ല; പരിരക്ഷ ലഭിക്കുന്നതും ലഭിക്കാത്തതും എന്തിനൊക്കെ?

ഇൻഷുറൻസ് പരിരക്ഷ പ്രധാനമായും നിങ്ങള്‍ എടുത്തിരിക്കുന്ന പോളിസിയെയും നാശനഷ്ടം ഉണ്ടായ സാഹചര്യത്തെയും ആശ്രയിച്ചാണ്

Sutheesh Hariharan

കനത്ത മഴയും പ്രളയവും സംഭവിക്കുന്ന സവിശേഷമായ സാഹചര്യമാണ് കേരളത്തിലുളളത്. ഇത്തവണ ശരാശരി പെയ്യുന്ന മഴയുടെ തോതില്‍ കുറവുണ്ടെങ്കിലും, കഴിഞ്ഞ പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ ഏത് സമയത്തും ശക്തമായ മഴ പെയ്തേക്കാമെന്ന ഭീതി ജനങ്ങളുടെ മനസിലുണ്ട്. കനത്ത മഴയില്‍ വീടുകള്‍ക്കടക്കം നാശ നഷ്ടങ്ങള്‍ സംഭവിക്കാമെങ്കിലും വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കാറുണ്ട്.

ഈ അവസരത്തില്‍ വാഹന ഇൻഷുറൻസിനെക്കുറിച്ചും അതിന്റെ പരിരക്ഷകളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് ഓരോ വാഹന ഉടമയ്ക്കും അത്യാവശ്യമാണ്. കനത്ത മഴ മൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരുമെന്നത് ഒരു തെറ്റായ ധാരണയാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് നിങ്ങള്‍ എടുത്തിരിക്കുന്ന പോളിസിയെയും നാശനഷ്ടം ഉണ്ടായ സാഹചര്യത്തെയും ആശ്രയിച്ചിരിക്കും.

ഇൻഷുറൻസ് പരിരക്ഷയും പ്രകൃതിക്ഷോഭങ്ങളും

കനത്ത മഴ, പ്രളയം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയെ പ്രകൃതിക്ഷോഭങ്ങളായാണ് (Natural Calamities) ഇൻഷുറൻസ് കമ്പനികൾ കണക്കാക്കുന്നതെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന്‍ ഒടാട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് സാധാരണയായി 'കോംപ്രിഹെൻസീവ്' (Comprehensive) അല്ലെങ്കിൽ 'പാക്കേജ്' ഇൻഷുറൻസ് പോളിസികളിൽ പരിരക്ഷ ലഭിക്കും.

മഴ പെയ്യുന്നത് കൊണ്ട് മാത്രം ഇൻഷുറൻസ് ലഭിക്കില്ലെങ്കിലും, മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കം, മരം വീഴൽ, കെട്ടിടങ്ങൾ തകരൽ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇതിൽ ഉൾപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിന്റെ ബോഡി, സസ്പെൻഷൻ, ഇലക്ട്രിക്കൽ ഘടകങ്ങൾ, സീറ്റുകൾ (Upholstery) എന്നിവയ്ക്കുണ്ടാകുന്ന കേടുപാടുകൾക്ക് ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ വെറും തേർഡ് പാർട്ടി (Liability) ഇൻഷുറൻസ് മാത്രം ഉള്ളവർക്ക് സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് യാതൊരു പരിരക്ഷയും ലഭിക്കില്ല.

എൻജിൻ സംരക്ഷണവും കോൺസിക്വൻഷ്യൽ ലോസും

മഴക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി വാഹനത്തിന്റെ എൻജിൻ സംരക്ഷണമാണ്. വെള്ളക്കെട്ടിലൂടെ ഓടിക്കുമ്പോഴോ വാഹനം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴോ എൻജിൻ ഓഫ് ആയാൽ അത് വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നത് ഗുരുതരമായ പിഴവാണ്. ഇങ്ങനെ ചെയ്യുമ്പോൾ എൻജിനുള്ളിലേക്ക് വെള്ളം കയറി 'ഹൈഡ്രോസ്റ്റാറ്റിക് ലോക്ക്' (Hydrostatic lock) സംഭവിക്കുകയും എൻജിൻ പൂർണമായും തകരാറിലാകുകയും ചെയ്യും.

ഇത്തരം നാശനഷ്ടങ്ങളെ 'കോൺസിക്വൻഷ്യൽ ലോസ്' (Consequential loss) ആയി കണക്കാക്കി സാധാരണ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ സാധാരണ പോളിസികൾക്കൊപ്പം 'എൻജിൻ പ്രൊട്ടക്ഷൻ' (Engine Protection add-on) എന്ന അധിക പരിരക്ഷ കൂടി എടുക്കുന്നത് സുരക്ഷിതമാണ്.

അശ്രദ്ധയും ക്ലെയിം നിരസിക്കലും

വാഹന ഉടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധ (Negligence) ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകുമെന്നും വിശ്വനാഥന്‍ ഒടാട്ട് ധനം ഓണ്‍ലൈനോട് പറഞ്ഞു. ഉദാഹരണത്തിന്, മൂന്നോ നാലോ അടി വെള്ളം ഉയർന്നുനിൽക്കുന്ന റോഡിലൂടെ ബോധപൂർവം വണ്ടി ഓടിക്കുകയോ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുകയോ ചെയ്താൽ അത് ഇൻഷുറൻസ് പരിധിയിൽ വരില്ല. ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിലും സ്വന്തം വസ്തു പോലെ സൂക്ഷിക്കണമെന്നാണ് ഇന്‍ഷുറന്‍സിലെ പ്രധാന വ്യവസ്ഥ.

വാഹനം വെള്ളത്തിൽ എത്രത്തോളം ആഴത്തിൽ മുങ്ങിക്കിടന്നു എന്നത് ക്ലെയിം തുക നിശ്ചയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്.

വാഹന ഇൻഷുറൻസ് എടുക്കുമ്പോഴും ക്ലെയിം ചെയ്യുമ്പോഴും ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പൊതുവായ ചില പ്രധാന കാര്യങ്ങളുണ്ട്. പ്രധാനമായും പാക്കേജ് പോളിസി (ഫുൾ കവർ), ലയബിലിറ്റി പോളിസി (തേർഡ് പാർട്ടി) എന്നിങ്ങനെ രണ്ട് തരം ഇൻഷുറൻസുകളാണുള്ളത്. ഒരു അപകടം സംഭവിച്ചാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെയും ആവശ്യമെങ്കിൽ പോലീസിനെയും വിവരമറിയിക്കണം. ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുമ്പോൾ മരണമോ വൈകല്യമോ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണൽ (MACT) വഴിയാണ് നഷ്ടപരിഹാരം ലഭ്യമാകുന്നത്. ചെറിയ കേസുകളിൽ ജിഡിആർ (General Diary Report) ആവശ്യമാണ്.

അപകടമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാഹനം വെള്ളക്കെട്ടിൽ കുടുങ്ങിയാൽ ഒരിക്കലും ഇഗ്നിഷൻ ഓൺ ചെയ്യാനോ സ്റ്റാർട്ട് ചെയ്യാനോ ശ്രമിക്കരുത്.

  • നാശനഷ്ടം സംഭവിച്ചാലുടൻ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കുക; വൈകിയുള്ള റിപ്പോർട്ടിംഗ് ക്ലെയിമിനെ ബാധിച്ചേക്കാം.

  • കേടുപാടുകളുടെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നത് തെളിവായി ഉപകരിക്കും.

  • സർവേയർ പരിശോധിക്കുന്നതിന് മുൻപ് അനുവാദമില്ലാതെ അറ്റകുറ്റപ്പണികൾ തുടങ്ങരുത്.

  • വാഹനം കെട്ടിവലിച്ച് (Towing) അംഗീകൃത വർക്ക്ഷോപ്പിൽ എത്തിക്കുക.

കൃത്യമായ പോളിസി തിരഞ്ഞെടുക്കുന്നതും വ്യവസ്ഥകൾ പാലിക്കുന്നതും മഴക്കാലത്ത് വാഹനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT