Banking, Finance & Insurance

പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 5 മാത്രമാകും; ഓഹരി വിറ്റൊഴിയലും പരിഗണനയില്‍

Dhanam News Desk

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കടന്നേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട.്  നിലവില്‍ 12 ബാങ്കുകളാണ് പൊതുമേഖലയില്‍ ഉള്ളത്. ഇവയുടെ എണ്ണം പരമാവധി അഞ്ചാക്കാനും മറ്റുള്ളവയെ സ്വകാര്യവത്കരിക്കാനുമാണ് നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ ബാങ്ക് ഒഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ ഭൂരിഭാഗം ഓഹരി വില്പനയാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. രാജ്യത്ത് അഞ്ചിലധികം പൊതുമേഖലാ ബാങ്കുകള്‍ വേണ്ടെന്ന്  റിസര്‍വ് ബാങ്കും ചില വിദഗ്ദ്ധസമിതികളും നേരത്തേ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.അതേസമയം,  ഇനി പൊതുമേഖലാ ബാങ്ക് ലയനം ഉണ്ടാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.

കോവിഡ് പശ്ചാത്തലത്തില്‍ നികുതി വരുമാനം കുറഞ്ഞതിനാല്‍ പൊതുമേഖലാ ഓഹരി വില്പനയിലൂടെ പണം നേടാനുള്ള നിര്‍ദ്ദേശത്തില്‍ ബാങ്കുകളും ഉള്‍പ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഓഹരി വിറ്റൊഴിയല്‍ പരിഗണിക്കുന്നു.അതേസമയം, വിഷയത്തില്‍ ഇതുവരെ ധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 1,47,350 കോടി രൂപയുടെ കുടിശിക വരുത്തിയ 2,426 പ്രമുഖരുടെ വിവരങ്ങള്‍ അഖിലേന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.ഈ കുടിശിക തിരിച്ചു പിടിച്ച് മൂലധന സഹായം നല്‍കുന്നതിന് പകരം സ്വകാര്യവത്ക്കരണ നടപടികള്‍ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്കുള്ള പരിഹാരമല്ലെന്നാണ് ഇതോടൊപ്പം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അഭിപ്രായപ്പെട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT