Image Courtesy: Canva, RBI 
Banking, Finance & Insurance

ബാങ്ക് ഇടപാടുകാരെ കുഴപ്പത്തിലാക്കി ചെക്ക് ക്ലിയറിംഗ് പരിഷ്‌കാരം; ജീവനക്കാര്‍ക്കും തലവേദന

ചെക്കുകള്‍ കൃത്യമായി ക്ലിയറിംഗ് നടക്കാത്തത് ജീവനക്കാരുടെ ജോലി ഇരട്ടിയാക്കിയിട്ടുണ്ട്. ചെക്ക് ക്ലിയറിംഗ് നടത്തുന്ന വിഭാഗത്തിലുള്ള ജീവനക്കാര്‍ പലപ്പോഴും രാത്രി വൈകിയും ജോലി ചെയ്യേണ്ട അവസ്ഥയിലാണ്

Dhanam News Desk

ബാങ്ക് ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ അനായാസമാക്കാന്‍ ആരംഭിച്ച ചെക്ക് ക്ലിയറിംഗ് പരിഷ്‌കാരം ആദ്യ മാസം തന്നെ പാളി. ചെക്ക് അതാത് ദിവസം തന്നെ ക്ലിയര്‍ ചെയ്യാന്‍ ഒക്‌ടോബര്‍ നാല് മുതലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്കിയത്. എന്നാല്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ചെക്ക് ക്ലിയറിംഗ് പുതിയ രീതിയിലേക്ക് മാറിയത് ഇടപാടുകാര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും തലവേദനയായിരിക്കുകയാണ്.

പുതിയ പരിഷ്‌കാരം നടപ്പിലാക്കും മുമ്പ് രണ്ട് അല്ലെങ്കില്‍ മൂന്നു ദിവസം കൊണ്ട് പാസായിരുന്ന ചെക്കുകള്‍ക്ക് ഇപ്പോള്‍ അഞ്ചുദിവസമെങ്കിലും എടുക്കുന്നുണ്ട്. കാലതാമസം സ്ഥിരം സംഭവമായി മാറിയതോടെ ജീവനക്കാരും ഇടപാടുകാരും തമ്മിലുള്ള സംഘര്‍ഷം തുടര്‍ക്കഥയായി മാറി.

ചെക്ക് ക്ലിയറിംഗ് സംവിധാനത്തില്‍ ഇപ്പോഴും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യത്തിന് പരിശീലനം പോലും നല്കാതെയും മുന്‍കരുതലുകളെടുക്കാതെയും പരിഷ്‌കാരം കൊണ്ടുവന്നതാണ് തിരിച്ചടിക്ക് കാരണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

അടുത്ത വര്‍ഷം ജനുവരി മൂന്ന് മുതല്‍ ചെക്കുകള്‍ 3-4 മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് റിസര്‍വ് ബാങ്ക്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്.

രാത്രി വൈകിയും ജോലി

ചെക്കുകള്‍ കൃത്യമായി ക്ലിയറിംഗ് നടക്കാത്തത് ജീവനക്കാരുടെ ജോലി ഇരട്ടിയാക്കിയിട്ടുണ്ട്. ചെക്ക് ക്ലിയറിംഗ് നടത്തുന്ന വിഭാഗത്തിലുള്ള ജീവനക്കാര്‍ പലപ്പോഴും രാത്രി വൈകിയും ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന് സാധിച്ചില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

ചെക്കുകള്‍ 'in transit' നിലയില്‍ കുടുങ്ങി കിടക്കുന്നത്, ക്ലിയറിംഗ് സമയം വര്‍ധിക്കുന്നത്, ഡാറ്റ പ്രോസസിംഗ് വൈകല്‍ തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായ ക്ലിയറിംഗിന് ആവശ്യമായ സെര്‍വര്‍ ശേഷിയും പ്രോസസിംഗ് ബാന്‍ഡ്‌വിഡ്ത്തും ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് സൂചന.

മിക്ക ബാങ്കുകളിലും ജീവനക്കാര്‍ രാത്രി വൈകിയും ജോലി ചെയ്താണ് പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കുന്നത്. ഈ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നും ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അടുത്ത ഘട്ട പരിഷ്‌കാരം നീട്ടിവയ്ക്കണമെന്നും ബാങ്കിംഗ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT