യു.എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനിയായ ആന്ത്രോപിക് (Anthropic) പുതിയതായി വികസിപ്പിച്ചെടുത്ത സ്പെഷ്യലൈസ്ഡ് എ.ഐ മോഡലായ ക്ലോഡ് മിഥോസ് (Claude Mythos) ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഐടി ചെലവുകൾ ഗണ്യമായി വർധിപ്പിക്കുന്നതായി റിപ്പോർട്ട്. സൈബർ സംവിധാനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങൾ തങ്ങളുടെ ഐ.ടി ബജറ്റ് കുത്തനെ വർധിപ്പിക്കുകയാണെന്ന് ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐ ആണ് റിപ്പോർട്ട് ചെയ്തത്.
ആന്ത്രോപിക് ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ ഏറ്റവും അത്യാധുനികവും ശക്തവും ഉയർന്ന പ്രകടന ശേഷി കാഴ്ചവെക്കുന്നതുമായ എ.ഐ മോഡലാണ് ക്ലോഡ് മിഥോസ്. റീസണിങ്ങിന്റേയും ഇന്റലിജൻസിന്റേയും കാര്യത്തിൽ ക്ലോഡ് ഓപസ് സീരിസിനേക്കാളും പതിന്മടങ്ങ് ശക്തവുമാണിത്. പൊതു ഉപയോഗത്തിനുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിലും സോഫ്റ്റ്‍വെയർ സംവിധാനങ്ങളിലെ തെറ്റുകളും ശ്രദ്ധയിൽപ്പെടാതെ കിടക്കുന്ന ന്യൂനതകളും കണ്ടെത്തുന്നതിൽ ക്ലോഡ് മിഥോസ് അഭൂതപൂർവമായ കഴിവ് പ്രകടിപ്പിക്കുന്നുണ്ട്.
അതായത്, ക്ലോഡ് മിഥോസിന്റെ വിപുലമായ കോഡിംഗ് ശേഷി ഉപയോഗപ്പെടുത്തി, നിലവിലുള്ള സൈബർ സുരക്ഷാ സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്താനും അവ ചൂഷണം ചെയ്യാനും സാധ്യതയുണ്ടെന്നതാണ് ബാങ്കിംഗ് മേഖലയെ ആശങ്കയിലാക്കുന്നതെന്ന് സാരം. മിഥോസ് കാരണം ബാങ്കിംഗ് മേഖല നേരിടാവുന്ന പ്രധാന വെല്ലുവിളികൾ താഴെ ചേർക്കുന്നു.
അതിവേഗത്തിലുള്ള സൈബർ ആക്രമണങ്ങൾ: ഒരു സോഫ്റ്റ്‌വെയറിലെ സുരക്ഷാ വീഴ്ച കണ്ടെത്തുന്നത് മുതൽ അത് ആയുധമാക്കുന്നത് വരെയുള്ള സമയം ഗണ്യമായി കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2023-ൽ 19 ദിവസമായിരുന്ന ഈ കാലയളവ്, ഇപ്പോൾ 72 മണിക്കൂറിൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്.
ലെഗസി സിസ്റ്റങ്ങൾ: ബാങ്കുകൾ ഇപ്പോഴും പഴയ രീതിയിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ (SOPs) പിന്തുടരുന്നത്, 2026-ലെ മാറിയ സാഹചര്യത്തിലുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നു.
ഇന്റർകണക്റ്റഡ് റിസ്ക്: പേയ്‌മെന്റ് ഗേറ്റ്‌വേകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഫോറെക്സ് ട്രേഡിംഗ് എന്നിവയുമായി ബാങ്കുകൾ ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ഒരു ബാങ്കിന്റെ നെറ്റ്‍വർക്ക് സംവിധാനത്തിലുണ്ടാകുന്ന വീഴ്ച രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലൊന്നാകെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കാം.
എ.ഐ കാരണമുള്ള പുതിയ സാങ്കേതിക വെല്ലുവിളികൾ നേരിടുന്നതിനായി ഐടി നിക്ഷേപം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പഞ്ചാബ് & സിന്ധ് ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ സ്വരൂപ് കുമാർ സാഹ വ്യക്തമാക്കി. അതുപോലെ സൈബർ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഐടി ചെലവുകൾ വർധിപ്പിക്കാൻ തീരുമാനിച്ചതായി പൊതുമേഖലയിൽ നിന്നുള്ള മറ്റൊരു ബാങ്കിംഗ് സ്ഥാപനമായ യൂക്കോ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ അശ്വിനി കുമാർ വ്യക്തമാക്കി.
അതേസമയം ഐ.ടി ചെലവുകളെ വെറുമൊരു പ്രവർത്തന ചെലവ് (Cost of running) എന്നതിലുപരി, നിലനിൽപ്പിനായുള്ള ചെലവ് (Cost of surviving) ആയി ബാങ്കുകൾ കാണേണ്ട ഘട്ടമാണിതെന്ന് മാർക്കറ്റ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടു. എന്തായാലും ഈയൊരു വഴിയെ ഇന്ത്യയിലെ ബാങ്കുകൾ നീങ്ങിത്തുടങ്ങിയതായാണ് വിവിധ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
സ്പെഷ്യലൈസ്ഡ് എ.ഐ മോഡലായ ക്ലോഡ് മിഥോസ്, സൈബർസെക്യൂരിറ്റി മേഖലയിൽ ഉയർത്തുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനും പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ നിർദ്ദേശിക്കുന്നതിനുമായി എസ്.ബി.ഐ ചെയർമാൻ സി.എസ്. സെട്ടിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഒരു സമിതി രൂപീകരിച്ചു. ഐ.ടി സംവിധാനങ്ങൾ സുരക്ഷിതമാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം എ.ഐ.യുടെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനമായാണ് ക്ലോഡ് മിഥോസിനെ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 7-ന് ക്ലോഡ് മിഥോസിന്റെ പൈലറ്റ് ലോഞ്ച് നടന്നതോടെയാണ് ആഗോളതലത്തിൽ ഈ എ.ഐ മോഡലിന്റെ ഹാക്കിംഗ് ശേഷിയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചത്. പ്രധാനപ്പെട്ട എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലും മിഥോസ് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ആന്ത്രോപിക് അവകാശപ്പെട്ടിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine