Image courtesy: Canva
Banking, Finance & Insurance

ക്രെഡിറ്റ് സ്‌കോറുകള്‍ തോന്നുംപടി; ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനികള്‍ക്കെതിരേ പരാതികള്‍ വര്‍ധിച്ചു

സാമ്പത്തിക കാര്യ ഒംബുഡ്‌സ്മാന് മുന്നില്‍ 2025 സാമ്പത്തിക വര്‍ഷമെത്തിയ പരാതികളുടെ എണ്ണം 2.95 ലക്ഷം ആണ്. 24ല്‍ ഇത് 2.93 ലക്ഷവും അതിനു മുമ്പുള്ള സാമ്പത്തികവര്‍ഷം 2.34 ലക്ഷവുമായിരുന്നു

Dhanam News Desk

ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പയെടുക്കാന്‍ സമീപിക്കുന്നവര്‍ക്കും വളരെയധികം പ്രധാനപ്പെട്ടതാണ് ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍. ക്രെഡിറ്റ് റിപ്പോര്‍ട്ടുകളിലെ ചെറിയൊരു പ്രശ്‌നം പോലും വായ്പ ലഭിക്കുന്നതില്‍ നിന്ന് തടയും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പരാതികളില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനികള്‍ക്കെതിരായ പരാതികള്‍ 2022ല്‍ 1,039 ആയിരുന്നു. 2023ല്‍ ഇത് 3,847 ആയി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത വര്‍ഷം 20224-25 കാലഘട്ടത്തില്‍ 4,585 ആയും വര്‍ധിച്ചതായും പരാതികള്‍ കൈകാര്യം ചെയ്യുന്ന ഓബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ 84 ശതമാനവും ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനികള്‍ക്കെതിരേയാണ്.

സാമ്പത്തിക കാര്യ ഒംബുഡ്‌സ്മാന് മുന്നില്‍ 2025 സാമ്പത്തിക വര്‍ഷമെത്തിയ പരാതികളുടെ എണ്ണം 2.95 ലക്ഷം ആണ്. 24ല്‍ ഇത് 2.93 ലക്ഷവും അതിനു മുമ്പുള്ള സാമ്പത്തികവര്‍ഷം 2.34 ലക്ഷവുമായിരുന്നു.

ബാങ്കിംഗ് രംഗത്തെ പരാതികള്‍

സാമ്പത്തികരംഗത്തെ പരാതികളില്‍ കൂടുതലും ബാങ്കിംഗുമായി ബന്ധപ്പെട്ടുള്ളതാണ്. 2025 സാമ്പത്തികവര്‍ഷം 2,41,601 പരാതികളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് വന്നത്. ഇതിലേറെയും ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടുള്ളതാണ്.

ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച പരാതികള്‍ അഞ്ചുശതമാനത്തില്‍ കൂടുതല്‍ വര്‍ധിച്ചു. അതേസമയം, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ കുറവുണ്ടായി. 14.56 ശതമാനത്തില്‍ നിന്ന് 7.47 ശതമാനമായി 2025ല്‍ കുറഞ്ഞു.

കാര്‍ഡ് അധിഷ്ഠിത സാമ്പത്തിക ക്രയവിക്രയങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റമാണ് എടിഎം, ഡെബിറ്റ് കാര്‍ഡ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ബാങ്കുകള്‍ക്കെതിരായ പരാതികളിലേറെയും സ്വകാര്യ ബാങ്കുകള്‍ക്കെതിരേയാണ്. 1,11,199 പരാതികളാണ് സ്വകാര്യ ബാങ്കുകള്‍ക്കെതിരേ വന്നത്. 1,03,117 പരാതികള്‍ പൊതുമേഖല ബാങ്കുകള്‍ക്കെതിരേയും വന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പരാതികളിലും വര്‍ധനയുണ്ടാകുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 33,072ല്‍ നിന്ന് മൂന്നുവര്‍ഷത്തിനിടെ 43,864 പരാതികളായാണ് ഉയര്‍ന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT