Image by Canva 
Banking, Finance & Insurance

ബാങ്കുകളെ കൈവിട്ട് ഉപയോക്താക്കള്‍; ഉത്പന്ന വായ്പ ഫിന്‍ടെക് കമ്പനികളിലേക്ക്

പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള ഉപഭോക്തൃ വായ്പകളില്‍ വന്‍ ഇടിവ്

Dhanam News Desk

വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള ഉപഭോക്തൃ വായ്പകളില്‍ ഈ വര്‍ഷം വന്‍ കുറവ്. മറ്റ് റീറ്റെയ്ല്‍ വായ്പകള്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുമ്പോഴാണ് ഈ ഇടിവെന്നതാണ് ശ്രദ്ധേയം.

റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഉപയോക്തൃ വായ്പകള്‍ കൊവിഡ് കാലഘട്ടത്തില്‍, അതായത് 2020 ഓഗസ്റ്റില്‍ 9,053 കോടി രൂപയായിരുന്നു. പിന്നീട് അത് വന്‍ തോതില്‍ കുതിച്ചുയര്‍ന്ന് 2022 ഓഗസ്റ്റില്‍ 32,919 കോടി രൂപയായി. ബാങ്കുകളില്‍ ആവശ്യത്തിന് സര്‍പ്ലസ് ഉണ്ടായിരുന്നതിനാല്‍ വായ്പ ലഭ്യത എളുപ്പമാക്കിയതും ഇതിന് സഹായകമായി. എന്നാല്‍ 2023 ഓഗസ്റ്റ്‌ ആയപ്പോള്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകൾ  21,221 കോടി രൂപയായി കുറഞ്ഞു.

അതേസമയം മറ്റ് വ്യക്തിഗത വായ്പകളെല്ലാം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉപയോക്തൃ വായ്പകള്‍ 42.5 ശതമാനം ഇടിഞ്ഞപ്പോള്‍ ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ, മറ്റ് വ്യക്തിഗത വായ്പ എന്നിവ യഥാക്രമം 30.1 ശതമാനം 16.6 ശതമാനം 15.9 ശതമാനം വളര്‍ച്ച നേടി.

ഉപയോക്താക്കള്‍ കൂടുതലായി എന്‍.ബി.എഫ്.സികള്‍, ഫിന്‍ടെക് കമ്പനികള്‍ എന്നിവയെ ആശ്രയിച്ചതാണ് ഇതിന് കാരണം. ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട് പ്രാരം എന്‍.ബി.എഫ്‌സികള്‍, പ്രൈവറ്റ് ബാങ്കുകള്‍, ഫിന്‍ടെക് കമ്പനികള്‍ എന്നിവ ചേര്‍ന്നാണ് ഉപയോക്തൃ വായ്പകളുടെ മുഖ്യ പങ്ക് കൈയാളുന്നത്. ഇത് യഥാക്രമം 31 ശതമാനം, 20 ശതമാനം, 15 ശതമാനം എന്നിങ്ങനെയാണ്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ വിഹിതം ഒരു ശതമാനം മാത്രം.

ഉത്പന്ന ഡിമാന്‍ഡ് മേലോട്ട്

ഉപയോക്തൃ വായ്പകളില്‍ കുറവുണ്ടായെങ്കിലും ഉത്പന്ന ഡിമാന്‍ഡ് ഉയരുന്നുണ്ട്. ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (TPCI) കണക്കുകള്‍ പ്രകാരം ഉപയോക്തൃ ഉത്പന്നങ്ങളുടെ വില്‍പ്പനമൂല്യം 2023ന്റെ ആദ്യ പകുതിയില്‍ 8 ശതമാനത്തിലധികം ഉയര്‍ന്നു. 2022നെ അപേക്ഷിച്ച് എയര്‍കണ്ടീഷനറുകളുടെ വില്‍പ്പന മൂല്യം 7 ശതമാനവും വാഷിംഗ് മെഷീനുകളുടേത് 6 ശതമാനവും മൈക്രോവേവ് അവനുകളുടേത് 4 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഇതിന്റെ നേട്ടം ലഭിച്ചത് കൂടുതലായും എന്‍.ബി.എഫ്.സികള്‍ക്കും ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ക്കുമാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT