രാജ്യത്ത് പുതിയ സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനി രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതോടെ ധനകാര്യ സേവനങ്ങളിൽ സഹകരണ മേഖലയ്ക്ക് പുതിയ വാതിലുകൾ തുറക്കുന്നു. ക്ഷീരോത്പാദനം, പഞ്ചസാര, വളം, ബാങ്കിംഗ് മേഖലകളിൽ സജീവമായ 8.5 ലക്ഷം സഹകരണ സംഘങ്ങളും 30 കോടിയിലധികം വരിക്കാരും ഇൻഷുറൻസ് വിപണിയിൽ വലിയ സാധ്യത സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ധനകാര്യ സേവനങ്ങളിൽ സഹകരണ മേഖലയുടെ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയൊരു സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനി (Cooperative Life Insurance Company) രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. പ്രാഥമിക ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ ഔദ്യോഗികമായ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നിലവിൽ ക്ഷീരോത്പാദനം, പഞ്ചസാര, വളം, ബാങ്കിംഗ് എന്നീ മേഖലകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന സഹകരണ സംഘങ്ങളെ ഇൻഷുറൻസ് രംഗത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലൊട്ടാകെ 30 കോടിയിലധികം വരിക്കാരുള്ള 8.5 ലക്ഷത്തോളം സഹകരണ സംഘങ്ങളുടെ വിപുലമായ ശൃംഖല ഇൻഷുറൻസ് ബിസിനസിനും വലിയ സാധ്യതയാണ് നൽകുന്നത്. സാങ്കേതികവിദ്യയും ഭരണപരിഷ്കാരങ്ങളും വഴി ഈ സഹകരണ സംഘങ്ങളെ ആധുനികവത്കരിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ജനറൽ ഇൻഷുറൻസ് രംഗത്ത് സഹകരണ മേഖലയ്ക്കുള്ള വിജയകരമായ സാന്നിധ്യം വ്യക്തമാക്കാൻ 'ഇഫ്കോ ടോക്കിയോ' (IFFCO Tokio) എന്ന കമ്പനിയെ ഒരു മാതൃകയായും അമിത് ഷാ ചൂണ്ടിക്കാണിച്ചു.
അതേസമയം സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കൃത്യമായ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഇതിന്റെ ഉടമസ്ഥാവകാശമോ ഓഹരി പങ്കാളിത്തമോ എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്. കൂടാതെ ഇൻഷുറൻസ് റെഗുലേറ്ററായ ഐ.ആർ.ഡി.എ.ഐയുടെ (IRDAI) അനുമതി ലഭിക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യവും മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ ഇപ്പോൾ 26 കമ്പനികളാണ് ലൈഫ് ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നത്. പുതിയ സ്ഥാപനം യാഥാർത്ഥ്യമാകുന്നതോടെ ശക്തമായ നിയന്ത്രണങ്ങളുള്ള ഈ വലിയ വിപണിയിലേക്ക് സഹകരണ മേഖലയ്ക്കും നേരിട്ട് പ്രവേശനം സാധ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine