ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഏകദേശം 12 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടി. പക്ഷേ, കാര്‍ഡുകളിലൂടെയുള്ള ചെലവില്‍ പക്ഷേ, മുന്‍മാസത്തെക്കാള്‍ 5,700 കോടിയിലേറെ രൂപയുടെ കുറവ്. എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡുകളിലൂടെ കൂടുതല്‍ ചെലവ് നടന്നപ്പോള്‍ എസ്.ബി.ഐ കാര്‍ഡിന്റെ വിപണി വിഹിതം താഴ്ന്നു. ചെറുകിട കാര്‍ഡ് ദാതാക്കള്‍ വളര്‍ച്ചയില്‍ മുന്നേറുകയാണ്. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കുകളും എച്ച്.എസ്.ബി.സി, ജെഫറീസ് എന്നിവയുടെ വിലയിരുത്തലുകളും ക്രെഡിറ്റ് കാര്‍ഡ് വിപണിയിലെ മത്സരം മാറുന്നതായി സൂചിപ്പിക്കുന്നു.
2026 ഓഗസ്റ്റ് അവസാനം രാജ്യത്ത് പ്രചാരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 12.405 കോടിയായി. ജൂലൈയില്‍ ഇത് 12.285 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാര്‍ഡുകളുടെ എണ്ണത്തില്‍ ഏകദേശം 10.3% വളര്‍ച്ചയുണ്ടെന്ന് എച്ച്.എസ്.ബി.സി വിലയിരുത്തുന്നു. എന്നാല്‍ കാര്‍ഡുകള്‍ വഴിയുള്ള ചെലവ് ജൂലൈയിലെ 2.08 ലക്ഷം കോടിയില്‍നിന്ന് ഓഗസ്റ്റില്‍ 2.02 ലക്ഷം കോടിയായി കുറഞ്ഞു; മാസാന്ത ഇടിവ് 2.8%. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെലവ് ഇപ്പോഴും 5.9% കൂടുതലാണ്. അതായത്, ക്രെഡിറ്റ് കാര്‍ഡ് വിപണി ചുരുങ്ങിയെന്നല്ല കണക്കുകള്‍ പറയുന്നത്. പുതിയ കാര്‍ഡുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയിലൂടെയുള്ള ചെലവിന്റെ വളര്‍ച്ച മന്ദഗതിയിലാണ്.
ഓഗസ്റ്റിലെ പ്രധാന ഇഷ്യൂവര്‍മാരുടെ പ്രകടനത്തില്‍ വ്യക്തമായ വ്യത്യാസമുണ്ട്. അതിന്റെ വിശദാംശങ്ങളാണ് ഇ്ന്‍ഫോഗ്രാഫിക്‌സായി മുകളില്‍ കൊടുത്തിരിക്കുന്നത്. മൊത്തം വിപണിയിലെ ചെലവ് കുറഞ്ഞിട്ടും എച്ച്.ഡി.എഫ്.സിയുടെ കാര്‍ഡുകളിലൂടെയുള്ള ചെലവ് ഉയര്‍ന്നു. ബാങ്കിന്റെ ചെലവ് അടിസ്ഥാനത്തിലുള്ള വിപണി വിഹിതം ഓഗസ്റ്റില്‍ ഏകദേശം 30% ആയെന്നും ജൂലൈയെക്കാള്‍ ഏകദേശം 1.4 ശതമാന പോയിന്റ് വര്‍ധിച്ചെന്നും ജെഫറീസ് കണക്കാക്കുന്നു. എച്ച്.എസ്.ബി.സിയുടെ കണക്കിലും നേട്ടം ഏകദേശം 1.37 ശതമാന പോയിന്റാണ്.
എസ്.ബി.ഐ കാര്‍ഡിന്റെ ചിത്രം വ്യത്യസ്തമാണ്. ഓഗസ്റ്റില്‍ ഏകദേശം 1.93 ലക്ഷം കാര്‍ഡുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തെങ്കിലും ചെലവ് മുന്‍മാസത്തെക്കാള്‍ കുറഞ്ഞു. ജെഫറീസിന്റെ വിലയിരുത്തലില്‍ ചെലവ് അടിസ്ഥാനത്തിലുള്ള വിപണി വിഹിതം ജൂലൈയിലെ 19%ല്‍നിന്ന് ഓഗസ്റ്റില്‍ 17.5% ആയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള ചെലവ് വളര്‍ച്ചയും ജൂലൈയിലെ 22%ല്‍നിന്ന് ഓഗസ്റ്റില്‍ 7% ആയി താഴ്ന്നു. അതേസമയം, എസ്.ബി.ഐ കാര്‍ഡുകളുടെ എണ്ണം വര്‍ഷാടിസ്ഥാനത്തില്‍ 7.6% വളര്‍ന്നു.
ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എ.യു സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ ചെറുകിട കാര്‍ഡ് ദാതാക്കള്‍ വിപണി വിഹിതം നേടുന്നതായി എച്ച്.എസ്.ബി.സി ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രമുഖ ബാങ്കുകളുടെയും ചെലവ് ഒരേ ദിശയില്‍ നീങ്ങുന്നില്ലെന്നതാണ് ഓഗസ്റ്റിലെ കണക്കുകളുടെ പ്രത്യേകത. കൂടുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം, ഉപയോക്താവ് ഏതു കാര്‍ഡാണ് ഇടപാടിന് തിരഞ്ഞെടുക്കുന്നത് എന്നതും ബാങ്കുകള്‍ക്ക് നിര്‍ണായകമാകുന്നു.
ഓഗസ്റ്റിലെ മാസാന്ത ഇടിവില്‍ ഓണ്‍ലൈന്‍ കാര്‍ഡ് പേയ്‌മെന്റുകളിലെ കുറവ് പ്രധാന ഘടകമാണ്. ഈ വിഭാഗത്തിലെ ചെലവ് ജൂലൈയെ അപേക്ഷിച്ച് 7% കുറഞ്ഞ് 1.23 ലക്ഷം കോടിയായി. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കുറഞ്ഞതിന്റെ കൃത്യമായ ഉപഭോക്തൃ കാരണങ്ങള്‍ ഈ കണക്കുകള്‍ മാത്രം വ്യക്തമാക്കുന്നില്ല.
വിശാലമായ പേയ്‌മെന്റ് വിപണിയിലെ മത്സരവും ശ്രദ്ധേയമാണ്. കാര്‍ഡുകളും വ്യാപാരികള്‍ക്കുള്ള യു.പി.ഐ ഇടപാടുകളും ഉള്‍പ്പെടുന്ന മര്‍ച്ചന്റ് പേയ്‌മെന്റുകളുടെ മൊത്തം മൂല്യം ഓഗസ്റ്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഏകദേശം 19% ഉയര്‍ന്ന് 11.3 ലക്ഷം കോടി രൂപയിലെത്തിയതായി എച്ച്.എസ്.ബി.സി ചൂണ്ടിക്കാട്ടുന്നു. അതേ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ചെലവിന്റെ വളര്‍ച്ച 5.9% മാത്രമായിരുന്നു. മൊത്തം ഡിജിറ്റല്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ വളരുമ്പോഴും അതിന്റെ നേട്ടം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അതേ തോതില്‍ ലഭിക്കുന്നില്ലെന്നാണ് ഈ താരതമ്യം സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 15 മുതല്‍ 2,000 രൂപക്കു മുകളിലുള്ള യു.പി.ഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4% മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ബാധകമാകുന്നത് യു.പി.ഐയും കാര്‍ഡുകളും തമ്മിലുള്ള ചെലവ് വ്യത്യാസം കുറയ്ക്കാമെന്ന് എച്ച്.എസ്.ബി.സി വിലയിരുത്തുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളിലെ വ്യാപാരി നിരക്ക് ഏകദേശം 1% മുതല്‍ 3% വരെയായതിനാല്‍ കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന മത്സര ആശ്വാസം പരിമിതമായിരിക്കുമെന്നാണ് അവരുടെ നിഗമനം.
Read DhanamOnline in English
Subscribe to Dhanam Magazine