Banking, Finance & Insurance

എംഎസ്എംഇകള്‍ക്ക് ഒരു കോടി രൂപ വരെ സുഗമ വായ്പ ; 15 % മുന്‍കൂര്‍ സബ്സിഡി

Babu Kadalikad

മൂലധന ലഭ്യതയുടെ കാര്യത്തില്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) നേരിട്ടുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്‌സിഡി സ്‌കീം (സിഎല്‍സിഎസ്എസ്) ആരംഭിച്ചു. ഈ പദ്ധതിയിലൂടെ 51 വിവിധ മേഖലകളിലെ എംഎസ്എംഇകള്‍ക്ക് 15 ശതമാനം മുന്‍കൂര്‍ സബ്സിഡി സഹിതം ഒരു കോടി രൂപ വരെ സ്ഥാപന വായ്പ എളുപ്പത്തില്‍ ലഭ്യമാക്കും.

എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച യു കെ സിന്‍ഹ കമ്മിറ്റിയുടെ ശുപാര്‍ശകളെക്കുറിച്ച് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് സിഎല്‍സിഎസ്എസ് പദ്ധതി അവതരിപ്പിക്കവേ എംഎസ്എംഇ വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു.

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിനുള്ള എംഎസ്എംഇ സംഭാവന നിലവിലെ 29 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നതിന് സിഎല്‍സിഎസ്എസ് പദ്ധതി നിര്‍ണായകമാകുമെന്ന് ഗഡ്കരി പറഞ്ഞു. ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കാനും ലക്ഷ്യമുണ്ട്.

സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി സിഎല്‍സിഎസ്എസ് പദ്ധതിക്കായി 2,900 കോടി രൂപ അനുവദിച്ചു. സബ്‌സിഡി വിതരണ ഇനത്തിലെ വാര്‍ഷിക ചെലവുകള്‍ക്ക് പരിധിയുണ്ടാകില്ല. പുതുക്കിയ പദ്ധതിയില്‍ എസ്സി-എസ്ടി സംരംഭകര്‍ക്ക് 10 ശതമാനം അധിക സബ്സിഡിയുണ്ട്.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റയിനത്തിലുള്ള തുകകള്‍ കിട്ടാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദ്ദേശം നല്‍കാന്‍ എംഎസ്എംഇ സെക്രട്ടറി അധ്യക്ഷനായുള്ള സമിതി രൂപീകരിക്കുമെന്നും ഗഡ്കരി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 48,000 കോടിയിലധികം  രൂപ എംഎസ്എംഇകള്‍ക്കു നല്‍കാനുള്ളതായി ധനമന്ത്രാലയം കണക്കാക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള സപ്‌ളൈയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തുക ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ ബില്‍ ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്ഫോം സജ്ജമാക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ നടപ്പാക്കുമെന്നു ഗഡ്കരി അറിയിച്ചു.  

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT