നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY27) മികച്ച സാമ്പത്തിക പ്രകടനവുമായി തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് (CSB Bank). ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്ക് 183.27 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുൻപത്തെ പാദത്തിലെ 150.04 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 21.8 ശതമാനത്തിന്റെ മികച്ച വർധനയുണ്ടായി.
മുൻ വർഷത്തെ സമാന പാദത്തിലെ 160.33 കോടി രൂപയേക്കാൾ 14 ശതമാനം ഉയർന്ന തുകയാണിത്. വായ്പാ വിതരണത്തിലെ ശക്തമായ മുന്നേറ്റവും എൻപിഎ നിരക്കുകളിലുണ്ടായ കുറവുമാണ് ബാങ്കിന് തുണയായത്.
ബാങ്കിന്റെ മൊത്തം ബിസിനസ്സ് 20 ശതമാനം വർധിച്ച് 89,272 കോടി രൂപയായി ഉയർന്നു.
മൊത്തം വായ്പകൾ 22.10 ശതമാനം ഉയർന്ന് 42,383 കോടി രൂപയിലെത്തി.
ബാങ്കിന്റെ പ്രധാന വായ്പാ വിഭാഗമായ ഗോൾഡ് ലോൺ പോർട്ട്ഫോളിയോ 35.53 ശതമാനം വർധിച്ച് 22,303 കോടി രൂപയായി. ബാങ്കിന്റെ ആകെ വായ്പകളുടെ 53 ശതമാനവും സ്വർണ്ണ വായ്പകളാണ്.
ഹോൾസെയിൽ വായ്പകളിൽ (കോർപ്പറേറ്റ് വായ്പകൾ) 44.25 ശതമാനത്തിന്റെ ഉയർന്ന വളർച്ച രേഖപ്പെടുത്തി (11,751 കോടി രൂപ).
ബാങ്കിന്റെ ആകെ നിക്ഷേപം 18.25 ശതമാനം വർധിച്ച് 46,889 കോടി രൂപയായി.
ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) മുൻ വർഷത്തെ 424.36 കോടി രൂപയിൽ നിന്ന് 20.17 ശതമാനം വർധിച്ച് 510.01 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം വരുമാനം 10.5 ശതമാനം വർധിച്ച് 1,612.48 കോടി രൂപയായി (മുൻ വർഷം: 1,458.36 കോടി രൂപ).
അതേസമയം, ഫീസ് വരുമാനത്തിലും ട്രഷറി നേട്ടത്തിലുമുണ്ടായ കുറവു കാരണം അറ്റ പലിശ ഇതര വരുമാനം (Non-Interest Income) 21.68 ശതമാനം ഇടിഞ്ഞ് 273.51 കോടി രൂപയായി കുറഞ്ഞു. ഐടി വികസനവും സാങ്കേതിക നവീകരണവും മൂലം ജീവനക്കാരുടെ ചെലവ് (Staff Cost) 16.7% വർധിച്ച് 266.25 കോടി രൂപയായതിനെ തുടർന്ന് ബാങ്കിന്റെ കോസ്റ്റ്-ടു-ഇൻകം അനുപാതം 64.80 ശതമാനമായി ഉയർന്നു. പ്രൊവിഷനുകൾക്ക് മുമ്പുള്ള പ്രവർത്തന ലാഭം 275.76 കോടി രൂപയാണ്.
ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളുടെ (NPA) തോത് കുറയ്ക്കാൻ സാധിച്ചതാണ് രണ്ടാം പാദത്തിലെ പ്രധാന നേട്ടം.
മൊത്തം നിഷ്ക്രിയ ആസ്തി (GNPA) മുൻ പാദത്തിലെ 1.75 ശതമാനത്തിൽ നിന്നും കഴിഞ്ഞ വർഷത്തെ 1.81 ശതമാനത്തിൽ നിന്നും 1.58 ശതമാനമായി കുറഞ്ഞു.
അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.33 ശതമാനമായി കുറഞ്ഞു. (മുൻ പാദത്തിൽ 0.39%, മുൻ വർഷം 0.52%).രണ്ടാം പാദത്തിൽ ബാങ്ക് 58.82 കോടി രൂപ ബാധ്യത എഴുതിത്തള്ളിയതാണ് എൻപിഎ കുറയാൻ സഹായിച്ച പ്രധാന ഘടകം. പ്രൊവിഷൻ കവറേജ് റേഷ്യോ (PCR) 87.65 ശതമാനമായി ഉയർന്നു.
ബാങ്കിന്റെ കറന്റ്, സേവിങ്സ് അക്കൗണ്ട് (CASA) വിഹിതം കഴിഞ്ഞ വർഷത്തെ 21.17 ശതമാനത്തിൽ നിന്ന് 18.96 ശതമാനമായി കുറഞ്ഞത് ഫണ്ട് ചെലവ് (Cost of Funds) ഉയർന്ന തലത്തിൽ നിലനിർത്താൻ കാരണമാകുന്നു. ബാങ്കിന്റെ മൂലധന പര്യാപ്താ അനുപാതം (CRAR) 19.55 ശതമാനത്തിൽ ഭദ്രമാണ്. പ്രതിയോഹരി വരുമാനം (EPS) മുൻ വർഷത്തെ 9.24 രൂപയിൽ നിന്ന് 10.53 രൂപയായി ഉയർന്നിട്ടുണ്ട്.
CSB Bank reports strong Q2 FY27 earnings driven by robust gold loan growth and improved NPA metrics, despite pressure on CASA ratio.
Read DhanamOnline in English
Subscribe to Dhanam Magazine