പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപക് റെഡ്ഡി ചുമതലയേറ്റു. വ്യവസായ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള റെഡ്ഡി ബജാജ് ഫിന്‍സര്‍വ്വില്‍ 17 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് മണപ്പുറം ഫിനാന്‍സില്‍ എത്തുന്നത്. ബജാജ് ഫിന്‍സര്‍വില്‍ ചേരുന്നതിനു മുമ്പ് അമേരിക്കന്‍ എക്സ്പ്രസില്‍ വ്യക്തിഗത, ചെറുകിട ബിസിനസ് വായ്പാ വിഭാഗം തലവനും പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് ഡയറക്ടറുമായിരുന്നു. ഒനിഡ നിര്‍മ്മാതാക്കളായ എം.ഐ.ആര്‍.സി (MIRC) ഇലക്ട്രോണിക്സില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലും ഉയര്‍ന്ന പദവി വഹിച്ചിട്ടുണ്ട്.
പുതിയ സിഇഒ ആയി ദീപക് റെഡ്ഡിയെ സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും നിലവിലെ സിഇഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. ധന വിപണിയിലെ അദ്ദേഹത്തിന്റെ വിശാലമായ അറിവും ജീവനക്കാരുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും കമ്പനിയുടെ വളര്‍ച്ചക്ക് മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
സിഇഒ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല കമ്പനിയെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കുകയും പ്രധാന പദ്ധതികളായ സ്വര്‍ണ്ണ വായ്പ, വാഹന വായ്പ, മൈക്രോ ഫിനാന്‍സ്, എംഎസ്എംഇ വായ്പകള്‍, ഹൗസിംഗ് ഫിനാന്‍സ്, ഡിജിറ്റല്‍ വായ്പകള്‍ എന്നിവ കൂടുതല്‍ വികസിപ്പിക്കുകയും സ്ഥാപനത്തിന്റെ കെട്ടുറപ്പും ഉപഭോക്താക്കളുമായുള്ള ബന്ധവും ശക്തിപ്പെടുത്തുകയുമാണ്.
കൊമേഴ്സ് ബിരുദധാരിയായ റെഡ്ഡി മണിപ്പാലിലെ TAPMI യില്‍ നിന്ന് പി.ഡി.ജി.എം നേടിയിട്ടുണ്ട്. മണപ്പുറം ഫിനാന്‍സിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കാനുള്ള പുതിയ സിഇഒയുടെ കഴിവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine