Image : Canva 
Banking, Finance & Insurance

കാണുന്നവര്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡ് നല്കുന്ന പരിപാടി ബാങ്കുകള്‍ കുറയ്ക്കുന്നു; കാരണമിതാണ്

കൊട്ടക് മഹീന്ദ്ര ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, തുടങ്ങിയ ബാങ്കുകള്‍ ഒക്ടോബറില്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം വലിയ തോതില്‍ കുറച്ചു

Dhanam News Desk

മാറിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയിലില്ലാത്തവരുടെ എണ്ണം ചുരുങ്ങി കൊണ്ടിരിക്കുന്നു. ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രെഡിറ്റ് കാര്‍ഡുകളില്‍ സ്തംഭനാവസ്ഥയാണ്. വാരിക്കോരി ഉപയോക്താക്കളെ പിടിക്കുന്ന രീതി പല ബാങ്കുകളും അവസാനിപ്പിച്ചു.

ഉപയോഗിക്കുമെന്നും തിരിച്ചടയ്ക്കുമെന്നും ഉറപ്പുള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കുകയെന്ന നയത്തിലേക്ക് ബാങ്കുകളും മാറിയിരിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, തുടങ്ങിയ ബാങ്കുകള്‍ ഒക്ടോബറില്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം വലിയ തോതില്‍ കുറച്ചുവെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ വന്‍കിട ബാങ്കുകള്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിന് ഒക്ടോബറില്‍ 765 പുതിയ കാര്‍ഡുകള്‍ മാത്രമാണ് പുതുതായി വിതരണം ചെയ്യാന്‍ സാധിച്ചത്. ആര്‍ബിഎല്‍ ബാങ്കിന്റെ ആകെയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 18,211 പേരെ ആ മാസം നഷ്ടമായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും മൊത്തം ഉപയോക്താക്കളില്‍ 1,228 പേരെ നഷ്ടമായി.

എച്ച്ഡിഎഫ്‌സി ബാങ്ക് ഒക്ടോബറില്‍ 1,44,000 പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. പൊതുമേഖ ബാങ്കായ എസ്ബിഐ സമാന കാലയളവില്‍ 1,27,000 പുതിയ ഇടപാടുകാരെ നേടി. ഐ.സി.ഐ.സി.ഐയ്ക്ക് വളര്‍ച്ച 1,04,000 ആണ്. ആക്‌സിസ് ബാങ്കിന് 79,842 പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെയും ലഭിച്ചു.

ക്രെഡിറ്റ് കാര്‍ഡില്‍ തിരിച്ചടവ് മുടങ്ങുന്നത് പരിധിവിട്ട് ഉയരുന്നതായി അടുത്തിടെ ഗവേഷണ സ്ഥാപനമായ സി.ആര്‍.ഐ.എഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ തിരിച്ചടവ് മുടങ്ങുന്നത് ബാങ്കിംഗ് രംഗത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന് റിസര്‍വ് ബാങ്കും മുന്നറിയിപ്പ് നല്കിയിരുന്നു.

ക്രെഡിറ്റ് കാര്‍ഡ്: പ്രധാന ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പൂര്‍ണ്ണമായി ബില്‍ അടയ്ക്കുക: എല്ലാ മാസവും മുഴുവന്‍ തുകയും കൃത്യസമയത്ത് അടച്ചാല്‍ പലിശ ഒഴിവാക്കാം.

ക്രെഡിറ്റ് ഉപയോഗം കുറയ്ക്കുക: ലഭ്യമായ ക്രെഡിറ്റിന്റെ 30%ല്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക; ഇത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തും.

അധിക ഫീസുകള്‍ ശ്രദ്ധിക്കുക: ചില വ്യാപാരികള്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്ക് അധിക ഫീസ് ഈടാക്കാം, ഇത് ഒഴിവാക്കാന്‍ ശ്രമിക്കുക.

സുരക്ഷ ഉറപ്പാക്കുക: ഓണ്‍ലൈന്‍ ഇടപാടുകളിലും പ്രാദേശിക വിപണികളിലും ജാഗ്രത പാലിക്കുക, തട്ടിപ്പുകള്‍ ഒഴിവാക്കുക.

ലോണ്‍ എടുക്കുന്നത് ഒഴിവാക്കുക: ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നതും ലോണ്‍ എടുക്കുന്നതും ഒഴിവാക്കുക; ഉയര്‍ന്ന പലിശ നിരക്ക് കാരണം വലിയ സാമ്പത്തിക ബാധ്യതയാകും വരുത്തി വയ്‌ക്കേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT