Banking, Finance & Insurance

കേരള-ജര്‍മന്‍ കണക്ഷന്‍ വരുമോ? ഡോയ്‌ചെ ബാങ്കിന്റെ റീട്ടെയ്ല്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍, കൊട്ടക് മഹീന്ദ്ര ബാങ്കുകള്‍ രംഗത്ത്

കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറല്‍ ബാങ്കും അന്തിമ ബിഡുകള്‍ സമര്‍പ്പിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്

Dhanam News Desk

ജര്‍മന്‍ ബാങ്കിംഗ് ഭീമനായ ഡോയ്‌ചെ ബാങ്കിന്റെ ഇന്ത്യന്‍ റീട്ടെയില്‍ ബാങ്കിംഗ് ആസ്തികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ (രണ്ട് ലക്ഷം കോടി രൂപ) മൂല്യമുള്ള ഈ ആസ്തികള്‍ സ്വന്തമാക്കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറല്‍ ബാങ്കും അന്തിമ ബിഡുകള്‍ സമര്‍പ്പിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്.

ഡോയ്‌ചെ ബാങ്ക് ഇന്ത്യയില്‍ വര്‍ഷങ്ങള്‍ കൊണ്ട് വിപുലപ്പെടുത്തിയ ഭവന വായ്പ, പണയ വായ്പ, ചെറിയ ബിസിനസ് ലോണുകള്‍, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ് എന്നിവയാണ് ഇടപാടിന്റെ ഭാഗമായുള്ള പ്രധാന ആസ്തികള്‍. ഇന്ത്യയിലെ റീട്ടെയില്‍ ബാങ്കിംഗ് രംഗത്ത് നിന്ന് സാവധാനം പിന്മാറി കോര്‍പറേറ്റ് ബാങ്കിംഗ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഡോയ്‌ചെ ബാങ്കിന്റെ തന്ത്രം.

ഇനിയും സമയമെടുക്കാം

ഇടപാട് ചര്‍ച്ചകള്‍ പുരോഗമിച്ചു കഴിഞ്ഞെങ്കിലും അവസാന തീരുമാനമാകാന്‍ ഇനിയും സമയമെടുക്കാം. ഏതു ബാങ്കിന് ബിഡ് കിട്ടുമെന്ന കാര്യം ഈ ചര്‍ച്ചകളുടെ പുരോഗതിയെ ആശ്രയിച്ചാണ്. മുമ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന യുഎഇ ആസ്ഥാനമായ എമിറേറ്റ്‌സ് എന്‍ബിഡി അന്തിമ ബിഡ് സമര്‍പ്പിച്ചിട്ടില്ല.

ഇടപാട് നടപ്പായാല്‍, ശക്തമായ മത്സരവും ഉയര്‍ന്ന റെഗുലേറ്ററി ചെലവുകളുമുള്ള റീട്ടെയില്‍ മേഖലയില്‍ നിന്ന് വിദേശ ബാങ്കുകള്‍ പിന്മാറുന്ന പ്രവണതയുടെ മറ്റൊരു ഉദാഹരണമായി ഇത് മാറും. സിറ്റിബാങ്ക് ഉള്‍പ്പെടെ നിരവധി വിദേശ ബാങ്കുകള്‍ ഇന്ത്യയിലെ റീട്ടെയില്‍ ബിസിനസ് മുമ്പ് കൈയൊഴിഞ്ഞിരുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്കിന് ഈ ഇടപാട് നടപ്പായാല്‍, റീട്ടെയില്‍ ബാങ്കിംഗിലും വെല്‍ത്ത് മാനേജ്‌മെന്റിലും സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും.

മുന്‍കാലങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ വ്യക്തിഗത വായ്പ പോര്‍ട്ട്‌ഫോളിയോ ഏറ്റെടുത്തതുപോലെ, തിരഞ്ഞെടുത്ത ആസ്തി ഏറ്റെടുക്കലുകള്‍കൊണ്ടാണ് കൊട്ടക് വളര്‍ച്ച കൈവരിച്ചിട്ടുള്ളത്.

ഫെഡറല്‍ ബാങ്കിന് അധിക കരുത്ത്

ഫെഡറല്‍ ബാങ്കിന് ഇത് ഒരു വഴിത്തിരിവായ ഇടപാടായി മാറാന്‍ സാധ്യതയുണ്ട്. ദേശീയതലത്തില്‍ കൂടുതല്‍ ശക്തമായ ബാങ്കായി മാറാനുള്ള ഫെഡറല്‍ ബാങ്കിന്റെ ശ്രമങ്ങള്‍ക്ക് ഇത് വേഗം കൂട്ടും. സമീപകാലത്ത് സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോണ്‍ നടത്തിയ വലിയ നിക്ഷേപവും ഫെഡറല്‍ ബാങ്കിന് അധിക കരുത്ത് നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ വിദേശ-ദേശീയ ബാങ്കുകളുടെ പുനഃക്രമീകരണ പ്രവണതകളെ സൂചിപ്പിക്കുന്ന നിര്‍ണായക ഇടപാടായാണ് ഈ നീക്കത്തെ വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നത്. കരാര്‍ അന്തിമരൂപം കൈവരിക്കുമോ, ഏത് ബാങ്കാണ് വിജയിയാകുക എന്നതിലേക്കാണ് ഇപ്പോള്‍ വിപണിയുടെ മുഴുവന്‍ ശ്രദ്ധ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT