10 ലക്ഷം കോടി രൂപ വരെ മൊത്തം ബിസിനസുള്ള ബാങ്കുകളുടെ വിഭാഗത്തിൽ 2026-ലെ 'ധനം ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരം തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് (ടി.എം.ബി) സ്വന്തമാക്കി. കൊച്ചിയിൽ നടന്ന ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ൽ, ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടീവ് ചെയർമാനും എൽ.ഐ.സി മുൻ ചെയർമാനുമായ എം.ആർ. കുമാറിൽനിന്ന് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി. വിക്രമാദിത്യൻ പുരസ്കാരം ഏറ്റുവാങ്ങി.
ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, വേഗത്തിലുള്ള ബിസിനസ് വളർച്ചയും സുരക്ഷിതമായ ബാങ്കിംഗ് പ്രവർത്തനവും ഒരുമിച്ച് സാധ്യമാണെന്ന് തെളിയിച്ചു. വായ്പാ വിതരണം വിപുലീകരിക്കുമ്പോഴും ആസ്തികളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് ഈ ഇടത്തരം സ്വകാര്യ ബാങ്കിന്റെ പ്രധാന മികവ്.
2025-26 സാമ്പത്തിക വർഷത്തിൽ നിക്ഷേപങ്ങളും വായ്പകളും ചേർന്ന ബാങ്കിന്റെ മൊത്തം ബിസിനസ് 17.6 ശതമാനം വർധിച്ച് 1.15 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം 13.1 ശതമാനം ഉയർന്ന് 1,338 കോടി രൂപയായി. മൊത്തം കിട്ടാക്കടങ്ങളുടെ അനുപാതം (Gross NPA) വെറും 0.73 ശതമാനം മാത്രമാണ്. പുരസ്കാരത്തിനായി പരിഗണിച്ച 21 ബാങ്കുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബിസിനസിലും ലാഭത്തിലും മുന്നേറുമ്പോഴും വായ്പകളുടെ ഗുണനിലവാരം സംരക്ഷിക്കാനായതാണ് പുരസ്കാര നിർണയത്തിൽ നിർണായകമായത്.
ചടങ്ങിൽ ധനം ബിസിനസ് മീഡിയ ചെയർമാനും ചീഫ് എഡിറ്ററുമായ കുര്യൻ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധർ പൈ, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് (കേരള) രക്ഷാധികാരിയും അവാർഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയൻ, ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സതീഷ് മേനോൻ, കെ. വെങ്കിടാചലം അയ്യർ ആൻഡ് കമ്പനി സീനിയർ പാർട്ണറും ബി.എഫ്.എസ്.ഐ അഡ്വൈസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണൻ, വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ സംബന്ധിച്ചു.
Tamilnad Mercantile Bank won the Dhanam Bank of the Year 2026 award in the mid-sized bank category, backed by business growth, profitability and low gross NPAs.
Read DhanamOnline in English
Subscribe to Dhanam Magazine