Banking, Finance & Insurance

ധനലക്ഷ്മി ബാങ്കിന് വരുമാനത്തിലും ലാഭത്തിലും സര്‍വകാല റെക്കോര്‍ഡ്, ഓഹരി പുതിയ ആവേശത്തില്‍

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന 48 ശതമാനത്തോളമാണ്

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിന് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റെക്കോഡ് നേട്ടം. വരുമാനം 443 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ലാഭത്തിലും പുതിയ ചരിത്രമെഴുതാന്‍ ബാങ്കിന് സാധിച്ചു. നാലാംപാദത്തില്‍ 43 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. ഇത് ചരിത്രത്തിലെ ഉയര്‍ന്ന ത്രൈമാസ ലാഭമാണ്.

പലിശ വരുമാനത്തിലും പലിശ ഇതര വരുമാനത്തിലും നേട്ടം കൊയ്യാന്‍ സാധിച്ചതാണ് ലാഭം ഉയരാന്‍ കാരണം. ബാങ്കിന്റെ മൊത്തം ബിസിനസ് സാമ്പത്തികവര്‍ഷം 19.68 ശതമാനം വര്‍ധിച്ച് 33,772 കോടി രൂപയായി. നിക്ഷേപത്തില്‍ വാര്‍ഷിക വളര്‍ച്ച 16.42 ശതമാനമാണ്. നിക്ഷേപം 18,643 കോടി രൂപയായി ഉയര്‍ന്നു.

സ്വര്‍ണവായ്പയില്‍ ഉണര്‍വ്

മറ്റ് സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി സ്വര്‍ണവായ്പ 71.41 ശതമാനം വളര്‍ന്നു. ആകെ വായ്പകള്‍ 15,129 കോടി രൂപയായി. വരുമാനം ഉയര്‍ന്നതിനൊപ്പം ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചതും ബാങ്കിന്റെ ലാഭത്തില്‍ പ്രതിഫലിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 103 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷം ലാഭം 67 കോടിയായിരുന്നു.

ആദ്യ പാദത്തില്‍ നേടിയ പോസിറ്റീവ് മുന്നേറ്റം ബാങ്ക് തുടര്‍ന്നു നിലനിര്‍ത്തുകയും അതിന്റെ ഫലമായി വ്യാപാരത്തിന്റെ മിക്ക മേഖലകളിലും റെക്കോഡ് വളര്‍ച്ചയും മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമതയും കൈവരിക്കാന്‍ സാധിച്ചുവെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.കെ അജിത്ത്കുമാര്‍ പറഞ്ഞു.

ആഗോള സാഹചര്യങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച ഇടിഞ്ഞു നിന്ന ഓഹരി വിപണിയില്‍ തുടക്കത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയും താഴ്ന്നു നിന്നെങ്കിലും പിന്നീട് കയറി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന 48 ശതമാനത്തോളമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT