canva
Banking, Finance & Insurance

പണത്തിന് ആവശ്യം; മുതിർന്ന പൗരന്മാർക്ക് ലഭിക്കാവുന്ന ലോണുകൾ ഏതൊക്കെ?

വിരമിക്കുന്നതോടെ വരുമാന ഘടനയിലും വ്യത്യാസം വരുന്നതിനാൽ, ജോലിയുള്ള ഒരാളുടേത് പോലെയാകില്ല മുതിർന്ന പൗരന്മാരുടെ വായ്പ അപേക്ഷ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തപ്പെടുക.

Dhanam News Desk

ഉത്തരവാദിത്തങ്ങൾ നിറവേറ്റി ജോലിയിൽ നിന്നും വിരമിച്ച്, റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടന്നാലും ഒരാളുടെ സാമ്പത്തിക ആവശ്യതകൾ കുറയണമെന്നില്ല. മെഡിക്കൽ ചെലവ്, വീടിന്റെ അറ്റക്കുറ്റപ്പണി, മക്കളെ സഹായിക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ അപ്പോഴും നേരിടേണ്ടിവരാം. അത്തരമൊരു സന്ദർഭത്തിൽ ചിലപ്പോൾ വായ്പയാകും ആശ്രയം.

എന്നാൽ വിരമിക്കുന്നതോടെ വരുമാന ഘടനയിലും വ്യത്യാസം വരുന്നതിനാൽ, ജോലിയുള്ള ഒരാളുടേത് പോലെയാകില്ല മുതിർന്ന പൗരന്മാരുടെ വായ്പ അപേക്ഷ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തപ്പെടുക. ശമ്പളം ഇല്ലാത്തതിനാൽ വായ്പ അനുവദിക്കുകയാണെങ്കിൽ എങ്ങനെ അതു തിരിച്ചടയ്ക്കാൻ കഴിയുമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നിരുന്നാലും മുതിർന്ന പൗരന്മാർക്ക് വായ്പ ലഭിക്കാനുള്ള അവസരങ്ങൾ മുന്നിലുണ്ടെന്നതാണ് വസ്തുത. അവ എന്തൊക്കൊയെന്ന് നോക്കാം.

പെൻഷൻകാർക്കുള്ള പേഴ്സണൽ ലോൺ: എല്ലാ മാസവും മുടങ്ങാതെ പെൻഷൻ ലഭിക്കുന്നത് ബാങ്ക് അക്കൗണ്ടിലേക്കാണെങ്കിൽ, ആ ബാങ്കിൽ നിന്നും പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രതിമാസം 20,000-25,000 രൂപയെങ്കിലും പെൻഷൻ ലഭിക്കുന്നവർക്ക് ബാങ്ക് വായ്പ അനുവദിക്കാം. പരമാവധി പ്രായം 75 വയസ്സ് വരെയാകാം. വായ്പ തുകയും തിരിച്ചടവ് കാലാവധിയും ചെറുതായിരിക്കാം. ഭവന വായ്പകളേക്കാൾ ഉയർന്ന പലിശ നിരക്ക് പ്രതീക്ഷിക്കാം. ക്രെ‍ഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ പരി​ഗണന ലഭിക്കാം. മറ്റൊരാളെ കൂടി വായ്പയുടെ സഹഅപേക്ഷകനാക്കുന്നത് ലോൺ അനുവദിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്.

ഫിക്സഡ് ഡിപ്പോസിറ്റിനുമേൽ വായ്പ: മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായി വായ്പ ലഭിക്കാവുന്ന എളുപ്പ മാർ​ഗമാണിത്. സാമ്പത്തിക ആവശ്യം നേരിടുന്നതിനായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പിൻവലിക്കുന്നതിന് പകരം അത് ഈടായി നൽകിക്കൊണ്ട് വായ്പ നേടാൻ സഹായിക്കുന്ന രീതിയാണിത്. ഇങ്ങനെയാകുമ്പോൾ എഫ്ഡിയിൽ നിന്നുള്ള പലിശ വരുമാനം നഷ്ടമാകില്ലെന്നതും പ്രത്യേകതയാണ്.

പ്രോപ്പർട്ടി ലോൺ: സ്വന്തമായുള്ള വസ്തുവോ വീടോ പണയപ്പെടുത്തി നേടാവുന്ന വായ്പയാണിത്. വലിയൊരു തുക ആവശ്യമായുള്ളതെങ്കിലാണ് ഈ മാർ​ഗം ഉപയോ​ഗിക്കേണ്ടത്. ഇതിൽ പേഴ്സണൽ ലോണിനേക്കാൾ പലിശയും കുറവായിരിക്കും. പക്ഷേ തിരിച്ചടവ് ബുദ്ധിമുട്ടായി മാറുകയാണെങ്കിൽ ഇതിന്മേലുള്ള പ്രത്യാഘാതം വലുതാണെന്നതും ഓർക്കുക. അതിനാൽ വരുമാനം ഉറപ്പാക്കാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ പ്രോപ്പർട്ടി ലോൺ സ്വീകരിക്കാവൂ.

റിവേഴ്സ് മോർട്ട്​ഗേജ്: പ്രതിമാസ വരുമാനം കുറവായിട്ടുള്ളവർക്ക് പരി​ഗണിക്കാവുന്ന വായ്പയാണിത്. സ്വന്തമായി വീടുള്ള മുതിർന്ന പൗരന്മാ‌ർക്ക് ഇതിൽ ആശ്രയിക്കാം. വായ്പ തിരിച്ചടവ് വീട് വിൽക്കുന്ന വേളയിലായിരിക്കും ക്രമീകരിക്കുക. ഇത് ഇന്ത്യയിൽ അത്ര പ്രചാരത്തിലായിട്ടില്ല. വീടുമായുള്ള വൈകാരിക അടുപ്പമാണ് പ്രധാന പ്രതിബന്ധം.

ഗോൾഡ് ലോൺ: സ്വന്തമായി സ്വ‌‍‌‌ർണം ഉണ്ടെങ്കിൽ അത് പണയം വെക്കുന്നതാണ് പണം കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാർ​ഗം. മറ്റ് നടപടി ക്രമങ്ങളില്ലാതെ പണം വേ​ഗത്തിൽ ലഭിക്കുമെന്നുള്ളതും ഇതിനെ ആകർഷകമാക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ പണയപ്പെടുത്തിയ സ്വർണം ലേലത്തിൽ പോകുന്നതായിരിക്കും.

ശ്രദ്ധിക്കുക

റിട്ടയർമെന്റ് ജീവിതത്തിൽ മനസ്സമാധാനത്തിനും സ്ഥിരതയ്ക്കുമാണ് പ്രധാന്യം. നിശ്ചിത വരുമാനമായിരിക്കും മിക്കവർക്കും ഈ കാലഘട്ടത്തിൽ കയ്യിലുണ്ടാകുക എന്നതിനാൽ വായ്പ എടുക്കുന്നത് അത്രയും ഒഴിവാക്കാനാകാത്ത ആവശ്യം നേരിടുന്നതിനുവേണ്ടി മാത്രമായിരിക്കണം. പ്രായോ​ഗിക ചിന്തയ്ക്ക് പ്രാമുഖ്യം കൊടുക്കുക. വായ്പ എടുക്കുമ്പോൾ നൽകേണ്ടിവരുന്ന പ്രതിമാസ തിരിച്ചടവ് (ഇഎംഐ) നിലവിലെ വരുമാനത്തിൽ കണ്ടെത്താൻ കഴിയുമോ എന്നും സ്വയം വിലയിരുത്തുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT