ഡിജിറ്റൽ ഇടപാടുകൾ അതിവേഗം വ്യാപിക്കുമ്പോൾ ഉപഭോക്താക്കളുടെ പണത്തിനും വിവരങ്ങൾക്കും പൂർണ സുരക്ഷ ഉറപ്പാക്കുകയാണ് ബാങ്കിംഗ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രമുഖ ബാങ്ക് മേധാവികൾ. സാങ്കേതികവിദ്യയിലൂന്നിയ വളർച്ചയ്ക്കൊപ്പം സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കുകയും ഉപഭോക്തൃ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ നടന്ന 'ധനം ബി.എഫ്.എസ്.ഐ സമിറ്റ് ആൻഡ് അവാർഡ് നൈറ്റ് 2026'-ൽ 'ബാങ്കിംഗിന്റെ ഭാവി: വളർച്ച, ഗവേണൻസ്, ഡിജിറ്റൽ പരിവർത്തനം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ബാങ്കിംഗ് മേഖലയിലെ പുതിയ പ്രവണതകളും വെല്ലുവിളികളും വിലയിരുത്തിയത്.
ആർ.ബി.ഐ മുൻ ചീഫ് ജനറൽ മാനേജരും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുൻ ചെയർമാനുമായ പി.ആർ. രവി മോഹൻ ചർച്ച നിയന്ത്രിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസ്, ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.കെ. അജിത് കുമാർ, കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
ബാങ്കിംഗ് സേവനങ്ങൾ ശാഖകളിൽ മാത്രം ഒതുങ്ങുന്ന കാലം മാറുകയാണെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു. പ്ലാറ്റ്ഫോമുകൾ, ബിസിനസ് കറസ്പോണ്ടന്റുമാർ, വിതരണ പങ്കാളികൾ എന്നിവയിലൂടെയുള്ള ബാങ്കിംഗ് സേവന വ്യാപനമാണ് ഭാവിയിൽ കൂടുതൽ പ്രാധാന്യമാർജിക്കുക. ബാങ്കുകൾക്ക് കൂടുതൽ ചെലവില്ലാതെ അവസാന ഉപഭോക്താവിലേക്ക് എത്താനും സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്താനും ഈ മാതൃക സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്കൗണ്ട് തുറക്കലും ഡെബിറ്റ് കാർഡ് ലഭ്യമാക്കലും സാമ്പത്തിക ഉൾപ്പെടുത്തലിന്റെ ആദ്യഘട്ടമാണെന്നും, ഇനി ജനങ്ങളുടെ സാമ്പത്തിക ശേഷിയും വരുമാനവും വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്നും ഡോ. കെ. പോൾ തോമസ് കൂട്ടിച്ചേർത്തു. താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെയും സൂക്ഷ്മ സംരംഭകരുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള വായ്പാ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന ബാങ്കുകൾക്ക് വലിയ സാധ്യതകളുണ്ട്. ഇത്തരം ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന വായ്പകൾ തൊഴിൽ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വളർച്ചയിലും പങ്കുവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ നവീകരണം, തത്സമയ ഡാറ്റയുടെ ഉപയോഗം, ഉപഭോക്തൃ പ്രതീക്ഷകളിലെ മാറ്റം എന്നിവ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുകയാണെന്ന് ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.കെ. അജിത് കുമാർ പറഞ്ഞു. അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനങ്ങൾ, ജി.എസ്.ടി രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വേഗത്തിൽ വിലയിരുത്താനും വായ്പാ തീരുമാനങ്ങൾ എടുക്കാനും ബാങ്കുകൾക്ക് കഴിയുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായ്പ വിതരണത്തിൽ പഴയ രീതിയിലുള്ള ഈടുകൾക്കും രേഖകൾക്കും മാത്രം ആശ്രയിക്കുന്നതിൽനിന്ന് ഡാറ്റ അധിഷ്ഠിത വിലയിരുത്തലുകളിലേക്ക് മാറുന്നത് കൂടുതൽ ആളുകളിലേക്ക് വായ്പ ലഭ്യമാക്കാൻ സഹായിക്കും. ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനു പകരം ഉപഭോക്താക്കളുടെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്ന ബാങ്കിംഗ് സേവനങ്ങളാണ് ഭാവിയിൽ കൂടുതൽ പ്രസക്തമാകുക. തട്ടിപ്പ് തിരിച്ചറിയൽ ഉൾപ്പെടെയുള്ള മേഖലകളിൽ എ.ഐയുടെ ഉപയോഗം വർധിക്കുമ്പോഴും സാങ്കേതികവിദ്യയ്ക്കൊപ്പം മാനുഷികമായ വിവേചനാധികാരവും സഹാനുഭൂതിയും നിലനിർത്തേണ്ടതുണ്ടെന്നും കെ.കെ. അജിത് കുമാർ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ ബാങ്കിംഗ് വളർച്ചയ്ക്കൊപ്പം സൈബർ സുരക്ഷാ വെല്ലുവിളികളും വർധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബാങ്കുകൾക്ക് കൂടുതൽ പ്രധാനമാകുകയാണെന്ന് കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ പറഞ്ഞു. ബാങ്ക് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്ന ഉപഭോക്താക്കൾ ദൈനംദിന ഇടപാടുകൾക്കായി മറ്റ് ആപ്പുകളെയും പ്ലാറ്റ്ഫോമുകളെയും ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താവിന്റെ വിശ്വാസം നിലനിർത്തുന്നതും പണം സുരക്ഷിതമാക്കുന്നതും ബാങ്കുകളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.
സൈബർ സുരക്ഷയെക്കാൾ സൈബർ പ്രതിരോധശേഷിക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും, ഒരു പ്രതിസന്ധി ഉണ്ടായാൽ അതിൽ നിന്ന് എത്ര വേഗത്തിൽ തിരിച്ചുവരാനും സേവനങ്ങൾ പുനഃസ്ഥാപിക്കാനും കഴിയുമെന്നതാണ് നിർണായകമെന്നും വിമല വിജയഭാസ്കർ പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ഡിജിറ്റൽ ഇടപാടുകളിൽ സുരക്ഷിതരായിരിക്കാനുള്ള അറിവും ശേഷിയും വളർത്തേണ്ടതുണ്ട്.
യു.പി.ഐയും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കുമ്പോഴും ഗ്രാമീണ മേഖലകളിൽ നേരിട്ടുള്ള സേവനങ്ങളുടെയും മനുഷ്യസ്പർശത്തിന്റെയും പ്രാധാന്യം നിലനിൽക്കും. സാമ്പത്തിക ഉൾപ്പെടുത്തൽ അക്കൗണ്ട് തുറക്കുന്നതിൽ മാത്രം അവസാനിക്കാതെ ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിലേക്ക് എത്തണമെന്നും വിമല വിജയഭാസ്കർ കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സാങ്കേതികവിദ്യ, പങ്കാളിത്ത മാതൃകകൾ, ഡാറ്റ അധിഷ്ഠിത വായ്പാ വിതരണം, സൈബർ പ്രതിരോധം, ഉപഭോക്തൃ വിശ്വാസം എന്നിവയുടെ സംയോജനമായിരിക്കും ബാങ്കിംഗിന്റെ ഭാവി എന്ന വിലയിരുത്തലോടെയാണ് ധനം ബിഎഫ്എസ്ഐ സമിറ്റ് ആന്ഡ് അവാര്ഡ് നൈറ്റ് 2026-ലെ പ്രത്യേക ചർച്ച അവസാനിച്ചത്.
Bank leaders at Dhanam BFSI Summit 2026 discussed how digital banking, cybersecurity resilience, data-driven lending and financial inclusion will shape the future of banking.
Read DhanamOnline in English
Subscribe to Dhanam Magazine