പ്രമുഖ ചെറുകിട സ്വകാര്യ ബാങ്കായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (Equitas Small Finance Bank) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.എന്‍ വാസുദേവന്‍ രാജി സമര്‍പ്പിച്ചു.
മകളുടെ ഉടമസ്ഥതാ പങ്കാളിത്തമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് രാജിക്ക് കാരണം. ഒക്ടോബര്‍ 29ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. രാജിവാര്‍ത്ത പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. കേരളത്തില്‍ ഏഴു ജില്ലകളില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ശാഖകളുണ്ട്.
വാസുദേവന്റെ മകള്‍ വര്‍ഷിണി വാസുദേവന്‍ പതംഗി സഹസ്ഥാപകയായ യൂണികോ ഹൗസിംഗ് ഫിനാന്‍സ് (Unico Housing Finance) എന്ന എന്‍ബിഎഫ്‌സിയുമായുള്ള ബന്ധമാണ് വിവാദത്തിനാധാരം. 2023 മാര്‍ച്ചില്‍ രൂപീകരിച്ച കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇക്വിറ്റി സ്ഥാപനങ്ങളില്‍നിന്നായി ഏകദേശം 1,000 കോടി യൂണികോ സമാഹരിച്ചിരുന്നു.
ഒരു ബാങ്കിന്റെ മേധാവിയുടെ അടുത്ത ബന്ധുവിന് മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ ഉടമസ്ഥതാ പങ്കാളിത്തമുള്ളത് ഭിന്നതാല്‍പര്യത്തിന് ഇടയാക്കുമോ എന്ന സംശയമാണ് നിക്ഷേപകര്‍ ഉയര്‍ത്തിയത്. ഈ ബന്ധത്തിന്റെ സ്വഭാവം സംബന്ധിച്ച് റിസര്‍വ് ബാങ്ക് നേരത്തെ ഇക്വിറ്റാസ് ബാങ്കിന്റെ ഉന്നത മാനേജ്മെന്റില്‍നിന്ന് വിശദീകരണം തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബാങ്കിന്റെ മികച്ച സാമ്പത്തിക പ്രകടനത്തിനിടയിലാണ് അപ്രതീക്ഷിത രാജിയെന്നതും ശ്രദ്ധേയമാണ്.സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 218 കോടി രൂപ ലാഭം നേടിയിരുന്നു. ബാങ്കിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ത്രൈമാസ ലാഭമാണിത്.
2007ല്‍ മൈക്രോഫിനാന്‍സ് സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിച്ച ഇക്വിറ്റാസിനെ 2016ല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി വളര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് വാസുദേവന്‍. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്സ്, ഡിസിബി ബാങ്ക് എന്നിവിടങ്ങളിലും അദ്ദേഹം നേരത്തെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine