ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ. പോള്‍ തോമസ്‌ 
Banking, Finance & Insurance

മൈക്രോഫിനാന്‍സ് രംഗത്തെ ദേശീയ കൂട്ടായ്മയായ 'സാ-ധന്‍' ചെയര്‍മാനായി കെ. പോള്‍ തോമസ്

Dhanam News Desk

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇന്ത്യയിലെ പ്രമുഖ ദേശീയ സംഘടനയായ 'സാ-ധന്‍' (Sa-Dhan) ചെയര്‍മാനായി കേരളത്തില്‍ നിന്നുള്ള പ്രമുഖ ബാങ്കിംഗ് വിദഗ്ധനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോള്‍ തോമസിനെ വീണ്ടും തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടന്ന സംഘടനയുടെ പൊതുയോഗത്തിലാണ് ഈ തീരുമാനം.

സാമൂഹിക പുരോഗതി ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലിലും (Financial Inclusion) മൈക്രോഫിനാന്‍സ് രംഗത്തും മൂന്ന് പതിറ്റാണ്ടിലേറെയുള്ള വിപുലമായ പ്രവൃത്തിപരിചയമാണ് കെ. പോള്‍ തോമസിനെ ഈ പദവിയിലേക്ക് നയിച്ചത്. ദരിദ്ര-പിന്നാക്ക ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇസാഫ് മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ഇത് രാജ്യത്തെ മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായി വളരുകയായിരുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ മൈക്രോഫിനാന്‍സ് രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് കൂടുതല്‍ മികച്ച സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാനും, അവര്‍ക്ക് ആവശ്യമായ നയരൂപീകരണങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും മുന്‍ഗണന നല്‍കുമെന്നും പോള്‍ തോമസ് പറഞ്ഞു.

സാറ്റിൻ ക്രെഡിറ്റ്കെയർ നെറ്റ്‌വർക്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എച്ച്. പി. സിംഗ്, കാഷ്‌പോർ മൈക്രോ ക്രെഡിറ്റിന്റെ മാനേജിംഗ് ഡയറക്ടറായ മുകുൾ ജയ്‌സ്വാൾ എന്നിവരെ പുതിയ ബോർഡ് അംഗങ്ങളായും എജിഎംതിരഞ്ഞെടുത്തു. സ്വാമാൻ ഫിനാൻഷ്യൽ സർവീസസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജി. കിരൺ കുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.

എന്താണ് സാ-ധന്‍?

ഇന്ത്യയിലെ മൈക്രോഫിനാന്‍സ് മേഖലയിലെ ഏറ്റവും വലിയ സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷനുകളില്‍ (SRO) ഒന്നാണ് സാ-ധന്‍. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയില്‍ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, മറ്റ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ഇരുന്നൂറിലധികം അംഗങ്ങളുണ്ട്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനായി കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതില്‍ സാ-ധന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT