Saudi Arabia Image courtesy: Canva
Banking, Finance & Insurance

സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍; 26 % വര്‍ധന; ഇന്ത്യയിലേക്ക് എത്തുന്നത് 68,000 കോടി രൂപ

പുതിയ തൊഴില്‍ മേഖലകള്‍ തുറന്നതും കൂടുതല്‍ വിദേശ ജീവനക്കാര്‍ എത്തിയതുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

Dhanam News Desk

ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിവിധ രാജ്യക്കാരായ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍ (5.9 ലക്ഷം കോടി രൂപ). ഇതില്‍ ഇന്ത്യക്കാരുടെ സംഭാവന ഏതാണ് 68,000 കോടി രൂപ. സൗദി സെന്‍ട്രല്‍ ബാങ്കായ സാമ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വിദേശികള്‍ സൗദിയില്‍ നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം കൂടി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരും ബിസിനസുകാരുമായ 1.6 കോടി വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കാണിത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ പണത്തിന്റെ ഏഴ് ശതമാനം സൗദി അറേബ്യയില്‍ നിന്നാണ്.

കാരണങ്ങള്‍ പലത്

സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയില്‍ 44 ശതമാനം വിദേശികളാണ്. പണം അയക്കുന്നത് വര്‍ധിക്കാന്‍ വിവിധ കാരണങ്ങളാണ് ബാങ്കിംഗ് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ തൊഴില്‍ മേഖലകള്‍ തുറന്നതും കൂടുതല്‍ വിദേശ ജീവനക്കാര്‍ എത്തിയതുമാണ് പ്രധാന കാരണം. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നത് വിദേശികള്‍ക്ക് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ അവസരമൊരുക്കുന്നു. ഫിന്‍ടെക് രംഗത്തെ വളര്‍ച്ച മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ പ്രാധാന്യം നല്‍കിയതോടെ എളുപ്പത്തില്‍ പണമയക്കാമെന്നതും സര്‍വീസ് ചാര്‍ജ് കുറവാണെന്നതും ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയില്‍ നിന്നുള്ള മണി ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ കുറവാണ്.

സ്വദേശികളുടെ പണമയക്കലും കൂടി

സൗദി പൗരന്‍മാര്‍ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്റെ തോത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധിച്ചതായും സാമയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 290 കോടി റിയാലാണ് കഴിഞ്ഞ വര്‍ഷം അവര്‍ അയച്ചത്. വിദേശ രാജ്യങ്ങളിലെ പഠന ചെലവുകള്‍, വിദേശത്തെ ബിസിനസ് അനുബന്ധ ചെലവുകള്‍ എന്നിവക്കാണ് പ്രധാനമായും സൗദി പൗരന്‍മാര്‍ വിദേശത്തേക്ക് പണം അയക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT