ഇൻസൈറ്റിൽ പ്രേം വത്സ Image Source: Social Media
Banking, Finance & Insurance

ബാങ്ക് വാങ്ങാന്‍ ബാങ്കിന്റെ തന്നെ പണം! ഐ.ഡി.ബി.ഐ-ഫെയര്‍ഫാക്‌സ് ഇടപാടിലെ തന്ത്രം നിയമ കുരുക്കുകളിലേക്ക്

ഐഡിബിഐ ബാങ്കിലെ ഓഹരികൾ ഏറ്റെടുക്കാൻ ഫെയർഫാക്സ് മുന്നോട്ടുവയ്ക്കുന്ന ഫണ്ടിങ് മാതൃകയും അനുബന്ധ സ്ഥാപനങ്ങളുടെ കൈമാറ്റവും ആർബിഐ, സെബി ചട്ടങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചയാകുന്നു

Dhanam News Desk

ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണത്തിൽ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ബാങ്കിന്റെ തന്നെ മിച്ചമൂലധനം ഉപയോഗിച്ച് ഇടപാടിന്റെ ഭൂരിഭാഗം ഫണ്ടിംഗ് നടത്താൻ പദ്ധതിയിടുന്നു. ഈ തന്ത്രം സാമ്പത്തിക വിദഗ്ധർക്ക് ആശങ്കയുണ്ടാക്കുന്നു, പ്രത്യേകിച്ച് ആർബിഐ, സെബി ചട്ടങ്ങൾ മറികടക്കുന്നതും സുതാര്യത കുറവുള്ള മൂല്യനിർണയവും ചർച്ചയാകുന്നു.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക സമവാക്യങ്ങൾക്കാണ് ഐഡിബിഐ ബാങ്ക്—ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ഇടപാട് വഴിതുറക്കുന്നത്. ബാങ്കിനെ വാങ്ങാൻ പുതിയ നിക്ഷേപമൂലധനം കൊണ്ടുവരുന്നതിനു പകരം, ഏറ്റെടുക്കപ്പെടുന്ന ബാങ്കിന്റെ തന്നെ മിച്ചമൂലധനം ഉപയോഗിച്ച് ഇടപാടിന്റെ സിംഹഭാഗവും കണ്ടെത്തുക എന്ന അത്യപൂർവ തന്ത്രമാണ് ഇന്ത്യൻ-കനേഡിയൻ ശതകോടീശ്വരനായ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള ഫെയർഫാക്സ് മുന്നോട്ടുവെക്കുന്നത്.

പണം കറങ്ങുന്ന വഴി: 54% ഫണ്ടിങ് ബാങ്കിൽ നിന്ന്?

ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ വാങ്ങാൻ 5.6 ബില്യൺ ഡോളറാണ് (ഏകദേശം 53,000 കോടി രൂപ) ഫെയർഫാക്സ് മുടക്കേണ്ടത്. എന്നാൽ, ഇതിൽ പകുതിയിലധികവും — ഏകദേശം 3 ബില്യൺ ഡോളർ (ഏകദേശം 28,300 കോടി രൂപ) — കണ്ടെത്തുന്നത് ബാങ്കിന്റെ തന്നെ പണം ഉപയോഗിച്ചാണെന്ന് ഫെയർഫാക്സ് വ്യക്തമാക്കുന്നു.

ഫെയർഫാക്സിന്റെ കീഴിലുള്ള ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്, അൺലിസ്റ്റഡ് കമ്പനിയായ ഗോ ഡിജിറ്റ് ലൈഫ്, ഐഐഎഫ്എൽ ക്യാപിറ്റൽ എന്നിവ ഐഡിബിഐ ബാങ്കിന് കൈമാറി, പകരം ബാങ്കിൽ നിന്ന് പണമായി (Cash) ഈ തുക വാങ്ങിയെടുക്കാനാണ് പദ്ധതി. 2016 മുതൽ 2020 വരെയുള്ള കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാരും എൽഐസിയും പൊതുഖജനാവിൽ നിന്ന് നൽകിയ 9,300 കോടി രൂപയുടെ റീക്യാപിറ്റലൈസേഷനാണ് ഇന്ന് ബാങ്കിന്റെ ക്യാപിറ്റൽ അഡിക്വസി റേഷ്യോ 27.1 ശതമാനത്തിൽ എത്തിച്ചത്. ആ ജനകീയ നിക്ഷേപത്തിന്റെ കരുത്തിലാണ് ഇപ്പോൾ ഫെയർഫാക്സ് സ്വന്തം ഇടപാടിനായി ധനസമാഹരണം നടത്തുന്നത് എന്നതും ശ്ര​ദ്ധേയം.

പരസ്പരവിരുദ്ധമായ കോർപ്പറേറ്റ് നിലപാട്

ബാങ്കും ഇൻഷുറൻസ്-വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഒരു കുടക്കീഴിൽ വരുന്നത് വിപണിയിൽ വൻ നേട്ടമുണ്ടാക്കുമെന്നാണ് ഫെയർഫാക്സിന്റെ വാദം. എന്നാൽ ഒക്ടോബർ 15-ന് നിക്ഷേപകരുമായി നടത്തിയ കോൺഫറൻസ് കോളിൽ പ്രേം വത്സ തന്നെ പറഞ്ഞത്, "ഞങ്ങൾ കൂട്ടുസംരംഭത്തില്‍ (Synergy) വിശ്വസിക്കുന്നില്ല; സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തിലാണ് വിശ്വസിക്കുന്നത്" എന്നാണ്.

പ്രവർത്തനപരമായ സംയോജനമോ വിപണി നേട്ടങ്ങളോ ലക്ഷ്യമല്ലെങ്കിൽ, ഈ കമ്പനികളെ ഐ‍ഡിബിഐ ബാങ്കിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് എന്തിനാണ്? സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിൽ, ഐഡിബിഐ ബാങ്കിന്റെ കൈവശമുള്ള ലിക്വിഡ് ക്യാഷ്, മാതൃകമ്പനിയായി മാറുന്ന ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിലേക്ക് മാറ്റാനുള്ള ലളിതമായ വഴി മാത്രമാണിത്.

ആർബിഐയുടെയും സെബിയുടെയും കടമ്പകൾ

ഫെയർഫാക്സിന്റെ ഈ നീക്കം ഇന്ത്യയിലെ കർശനമായ ബാങ്കിങ്-വിപണി നിമയങ്ങൾക്ക് മുന്നിലും വൻ പ്രതിസന്ധി സൃഷ്ടിക്കും.

  • ആർബിഐ പരിധികൾ: ഒരു വാണിജ്യ ബാങ്കിന് ഏതെങ്കിലും ഒരു സബ്‌സിഡിയറി കമ്പനിയിൽ പരമാവധി 10 ശതമാനവും, മൊത്തം ധനകാര്യ സബ്‌സിഡിയറികളിലായി പരമാവധി 20 ശതമാനം മൂലധനമേ നിക്ഷേപിക്കാനാകൂ. 28,300 കോടി രൂപയുടെ ഇടപാട് ഈ പരിധിയെ മറികടക്കും.

  • റിലേറ്റഡ് പാർട്ടി വോട്ടിങ്: സെബി (SEBI) ചട്ടപ്രകാരം, ഫെയർഫാക്സിന് ഈ അനുബന്ധ സ്ഥാപനങ്ങളുടെ വാങ്ങലിൽ വോട്ട് ചെയ്യാനാവില്ല. ഐഡിബിഐ ബാങ്കിൽ 34 ശതമാനം ഓഹരിയുള്ള സർക്കാരും എൽഐസിയും ഉൾപ്പെടുന്ന ന്യൂനപക്ഷ ഓഹരി ഉടമകൾ ഇതിനെ പിന്തുണയ്ക്കുമോ എന്നത് നിർണായകമാണ്.

  • വിലനിർണയ തർക്കം: സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഗോ ഡിജിറ്റ് ലൈഫിന്റെ മൂല്യം നിശ്ചയിക്കുന്നതിലും സുതാര്യത ചോദ്യം ചെയ്യപ്പെടാം.

സിഎസ്ബി ബാങ്ക്: ഇരട്ട ബാങ്കിങ് തലവേദന

കേരളത്തിലെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നായ തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ (CSB Bank) പ്രൊമോട്ടർ കൂടിയാണ് ഫെയർഫാക്സ് (ഏകദേശം 40% ഓഹരി). ഒരു സ്ഥാപനത്തിന് ഒരേസമയം രണ്ട് ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിൽ നിയന്ത്രണാധികാരം നൽകാൻ റിസർവ് ബാങ്ക് അനുവദിക്കാറില്ല.

ഐഡിബിഐ ബാങ്ക് ഇടപാട് യാഥാർത്ഥ്യമാകണമെങ്കിൽ, സിഎസ്ബി ബാങ്കിലെ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുകയോ, ഇരു ബാങ്കുകളെയും തമ്മിൽ ലയിപ്പിക്കുകയോ, നോൺ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി (NOFHC) ഘടനയിലേക്ക് മാറുകയോ ചെയ്യേണ്ടി വരും. അതിനാൽ, ഐഡിബിഐ ബാങ്കിലെ ഓരോ ചലനങ്ങളും കേരളത്തിന്റെ ബാങ്കിങ് സമവാക്യങ്ങളെ കൂടിയാണ് മാറ്റിമറിക്കുന്നത്.

Fairfax Financial’s proposed IDBI Bank acquisition raises questions over its funding structure, regulatory limits, related-party approvals and its existing control of CSB Bank.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT