Federal Bank  Image : Canva and Federal Bank website
Banking, Finance & Insurance

ഒ.ടി.പി മറന്നേക്കൂ, ഇനിയെല്ലാം ബയോമെട്രിക്! തുടക്കമിട്ട് ഫെഡറല്‍ ബാങ്ക്, ഇടപാട് പൂര്‍ത്തിയാക്കാന്‍ വെറും നാലു സെക്കന്‍ഡ്‌

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ സംവിധാനം വൈകാതെ എല്ലാ ഇടപാടുകാരിലേക്കും എത്തും.

Dhanam News Desk

ഡിജിറ്റല്‍ ബാങ്കിംഗില്‍ പുതിയ കാല്‍വെപ്പുമായി ഫെഡറല്‍ ബാങ്ക്. രാജ്യത്ത് ഇ-കൊമേഴ്‌സ് പണമിടപാടുകള്‍ക്ക് ആദ്യമായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനമാണ് കേരളത്തിന്റെ ബാങ്ക് അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ സംവിധാനം വൈകാതെ എല്ലാ ഇടപാടുകാരിലേക്കും എത്തും.

ഇനി ഒടിപി വേണ്ട

ലോകത്താകമാനം ബാങ്കുകള്‍ ഒടിപിയോട് വിടപറയുന്ന സമയമാണ്. ബാങ്കിംഗ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ബയോമെട്രിക് വെരിഫിക്കേഷനാണ് ആഗോള തലത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഫെഡറല്‍ ബാങ്കും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഇനി ഒടിപി ഉണ്ടാകില്ല. പകരം അക്കൗണ്ട് ഉടമയുടെ വിരലടയാളമോ മുഖത്തിന്റെ ചിത്രമോ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. ഒടിപിക്കായി കാത്തിരിക്കുന്ന സമയം കുറക്കുന്നതിനും സുരക്ഷ കൂട്ടുന്നതിനുമാണ് പുതിയ രീതി.

സ്റ്റാര്‍ട്ടപ്പ് സഹകരണം

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ എം2പി (M2P), മിന്‍കാസുപേ (MinkasuPay) എന്നീ ടെക് സ്ഥാപനങ്ങളുമായാണ് ഇക്കാര്യത്തില്‍ ഫെഡറല്‍ ബാങ്ക് കരാറുണ്ടാക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഓരോ ഇടപാടുകളും മൂന്നോ നാലോ സെക്കന്റിനുള്ളില്‍ നടത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു അപ്‌ഗ്രേഡ് എന്നതിനപ്പുറം ഇടപാടുകാരുടെ സൗകര്യം ഏറെ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഫെഡറല്‍ ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് നാഷണല്‍ ഹെഡ് വിരാട് സുനില്‍ ദീവാന്‍ജി പറഞ്ഞു. ബാങ്ക് ഇടപാടുകാരുടെ സൗകര്യവും വിശ്വാസവും എങ്ങനെ വര്‍ധിപ്പിക്കാമെന്നാണ് ഇതുവഴി തെളിയിക്കുന്നതെന്ന് എം2പി ഫിന്‍ടെക് സഹസ്ഥാപകനായ ആര്‍.മധുസൂദനന്‍ പറഞ്ഞു. മികച്ചതും സുരക്ഷിതവുമായ ഇടപാടുകളാണ് ഇതുവഴി ഉറപ്പാക്കുന്നതെന്ന് ബയോമെട്രിക് ഉപകരണങ്ങളുടെ നിര്‍മാതാക്കളായ മിന്‍കാസു പേ സിഇഒ അന്‍പ് ഗൗണ്ടര്‍ വ്യക്തമാക്കി.

വിവിധ ഇ കൊമേഴസ് മൊബൈല്‍ ആപ്പുകളില്‍ ഒറ്റത്തവണ വിവരങ്ങള്‍ നല്‍കി ഇടപാടുകള്‍ നടത്തുന്ന രീതിയിലാണ് പുതിയ സംവിധാനം. പണം നല്‍കുന്നതിന് മുമ്പുള്ള വെരിഫിക്കേഷന്‍ ബയോമെട്രിക് അടയാളങ്ങള്‍ ഉപയോഗിച്ചായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT