ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ സംരംഭമായ 'ട്വൈസ് ഈസ് വൈസ്' രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ മുംബൈയില്‍ നിര്‍വ്വഹിക്കുന്നു. സംസ്ഥാന സൈബര്‍ സെല്‍ ഡി.ഐ.ജി സഞ്ജയ് ഷിന്ദ്രേ, ഇന്ത്യന്‍ സൈബര്‍ക്രൈം കോഡിനേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിഷാന്ത് കുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെങ്കട്ടരാമന്‍ വി, സീനിയര്‍ വൈസ് പ്രസിഡന്റും ഇന്റേണല്‍ വിജിലന്‍സ് മേധാവിയുമായ ബിന്‍സി ചെറിയാന്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി, സീനിയര്‍ വൈസ് പ്രസിഡന്റും മുംബൈ സോണല്‍ ഹെഡുമായ ഋഷി ജാ തുടങ്ങിയവര്‍ സമീപം.  
Banking, Finance & Insurance

സൈബര്‍ തട്ടിപ്പിനെതിരെ ഫെഡറല്‍ ബാങ്ക്; സി.എസ്.ആര്‍ സംരംഭമായ 'ട്വൈസ് ഈസ് വൈസ്' രണ്ടാം ഘട്ടത്തിന് തുടക്കം

ഡിജിറ്റല്‍ ലോകത്ത് സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാരെ ശാക്തീകരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ പറഞ്ഞു

Dhanam News Desk

വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള ഫെഡറല്‍ ബാങ്കിന്റെ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ (ഐ4സി) സഹകരണത്തോടെ ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ സംരംഭമായി നടത്തുന്ന 'ട്വൈസ് ഈസ് വൈസ്' (Twice is wise) രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് മുംബൈയില്‍ തുടക്കമായി, സംസ്ഥാന സൈബര്‍ സെല്‍ ഡി.ഐ.ജി സഞ്ജയ് ഷിന്ദ്രേ്, ഇന്ത്യന്‍ സൈബര്‍ക്രൈം കോഡിനേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിഷാന്ത് കുമാര്‍, ഫെഡറല്‍ ബാങ്ക് എംഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെങ്കട്ടരാമന്‍ വി, സീനിയര്‍ വൈസ് പ്രസിഡന്റും ഇന്റേണല്‍ വിജിലന്‍സ് മേധാവിയുമായ ബിന്‍സി ചെറിയാന്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി, സീനിയര്‍ വൈസ് പ്രസിഡന്റും മുംബൈ സോണല്‍ ഹെഡുമായ ഋഷി ജാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും

ഓണ്‍ലൈന്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് പ്രധാനമായും പ്രചാരണ പരിപാടി വഴി പങ്കുവെക്കുന്നത്. ഡിജിറ്റല്‍ ലോകത്ത് സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാരെ ശാക്തീകരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ പറഞ്ഞു. അശ്രദ്ധയോടെയുള്ള നമ്മുടെ ഏതൊരു ക്ലിക്കും തട്ടിപ്പിലേക്ക് നയിക്കാം. അധിക സമയമെടുത്ത്, ശ്രദ്ധയോടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് 'ടൈ്വസ് ഈസ് വൈസ്' ക്യാമ്പയിനിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം പൊതുജന ബോധവല്‍ക്കരണമാണെന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പൗരന്മാര്‍ക്ക് മാത്രമേ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കഴിയുകയുള്ളൂവെന്നും ഇന്ത്യന്‍ സൈബര്‍ക്രൈം കോഡിനേഷന്‍ സെന്റര്‍ സി.ഇ.ഒ രാജേഷ് കുമാര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്നതിലൂടെ പൊതുജന അവബോധം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറു മാസത്തെ ബോധവല്‍ക്കരണം

ഈ വര്‍ഷം മാത്രം 12 ലക്ഷത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് കണക്ക്. ഏകദേശം 12,000 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. വര്‍ഷംതോറും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 15 ശതമാനം വര്‍ധനവുണ്ടാകുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍, ആറു മാസത്തെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് നടത്തുന്നത്. ഡല്‍ഹി, മുംബൈ, പൂനെ, നാഗ്പൂര്‍, കോലാപ്പൂര്‍, അഹമ്മദാബാദ്, സൂറത്ത്, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ഹിസാര്‍, ജലന്ധര്‍, കര്‍ണാല്‍, ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ എന്നിവിടങ്ങളിലാണ് പ്രചാരണ പരിപാടികള്‍ നടക്കുക. കേരളത്തില്‍ സംഘടിപ്പിച്ച ആദ്യഘട്ട പ്രചാരണ പരിപാടി 65 ലക്ഷം പേരില്‍ എത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT