Banking, Finance & Insurance

ഫെഡറൽ ബാങ്കിന് സർവകാല റെക്കോർഡ്: പ്രവർത്തന ലാഭത്തിലും വരുമാനത്തിലും ചരിത്രപരമായ മുന്നേറ്റം; അറ്റാദായം 9% വർദ്ധിച്ചു

കഴിഞ്ഞ പാദങ്ങളില്‍ ബാങ്ക് പാലിച്ച അച്ചടക്കത്തിന്റെയും ശ്രദ്ധാപൂർവമായ നിർവഹണത്തിന്റെയും ഫലങ്ങളാണ് മാർജിനുകളുടെ മെച്ചപ്പെടലെന്ന് എം.ഡി കെ.വി.എസ് മണിയൻ

Dhanam News Desk

2025 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,53,364.49 കോടി രൂപയായി ഉയർന്നു. 1,729.33 കോടി രൂപയാണ് പ്രവർത്തന ലാഭം. ചരിത്രത്തിലെ ഏറ്റവുമുയർന്ന ത്രൈമാസിക പ്രവർത്തന ലാഭമാണിത്. 1,041.21 കോടി രൂപയാണ് അറ്റാദായം.

അടിസ്ഥാനസമവാക്യങ്ങൾ ശക്തിപ്പെടുന്നു

ബാങ്കിന്റെ അടിസ്ഥാനസമവാക്യങ്ങൾ ശക്തിപ്പെടുന്നത് തുടരുന്നു എന്നതിന്റെ സൂചകമാണ് മൂന്നാം പാദ ഫലങ്ങളെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ പറഞ്ഞു. കഴിഞ്ഞ ചില പാദങ്ങളായി ഞങ്ങൾ പാലിച്ച അച്ചടക്കത്തിന്റെയും ശ്രദ്ധാപൂർവ്വമായ നിർവഹണത്തിന്റെയും ഫലങ്ങളാണ് മാർജിനുകളുടെ മെച്ചപ്പെടൽ. ചെലവ് ചെയ്യുന്നതില്‍ അച്ചടക്കവും വിവേകപൂർവമായ റിസ്ക് മാനേജ്‌മെന്റുമാണ് ബാങ്ക് പിന്തുടരുന്നതെന്നും കെ.വി.എസ് മണിയൻ പറഞ്ഞു.

നിക്ഷേപത്തില്‍ വര്‍ധന

ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം വര്‍ധിച്ച് 5,53,364.49 കോടി രൂപയിലെത്തി. നിക്ഷേപം 11.80 ശതമാനം വർദ്ധനവോടെ 2,97,795.82 കോടി രൂപയായി. ആകെ നിക്ഷേപത്തിന്റെ 32.07 ശതമാനം ആണ് കാസ. ആകെ വായ്പ 255568.67 കോടി രൂപയായി വര്‍ധിച്ചു.

അറ്റപലിശവരുമാനം വാർഷികാടിസ്ഥാനത്തിൽ 9.11 ശതമാനം വര്‍ധനയോടെ 2652.73 കോടി രൂപയും ഫീ വരുമാനം 18.57 ശതമാനം വർദ്ധനവോടെ 896.47 കോടി രൂപയുമായി. ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റപലിശവരുമാനവും ഫീ വരുമാനവുമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 4,446.86 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്.

ഓഹരിക്ക് 30.45 രൂപ നിരക്കില്‍ 3.20 കോടി ഓഹരികൾ വാങ്ങി ഏജീസ് ഫെഡറൽ ഇൻഷുറൻസ് കമ്പനിയിലെ ബാങ്കിന്റെ ഓഹരിപങ്കാളിത്തം 30 ശതമാനം ആയി വർധിപ്പിച്ചു. അമേരിക്കൻ നിക്ഷേപസ്ഥാപനമായ ബ്ളാക്സ്റ്റോണിന്റെ ഓഹരിപങ്കാളിത്തത്തിനുളള തീരുമാനം ബാങ്കിന്റെ വളർച്ചയിലെ നാഴികക്കല്ലായിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT