ഈവര്‍ഷം ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഏതിനാണ്?
2025ല്‍ ഞങ്ങളുടെ മാര്‍ക്കറ്റിംഗ് കാഴ്ചപ്പാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് ഇടപാടുകാരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ചുള്ളതാണ്. പ്രധാനമായും നാല് മേഖലകളിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്.
ഞങ്ങളുടെ ബ്രാന്‍ഡ് പ്രതിച്ഛായ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായ പ്രശസ്ത സിനിമാതാരം വിദ്യാബാലനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിട്ടുണ്ട്. പുതിയ ക്യാമ്പയ്ന്‍ വൈകാതെ തുടങ്ങും. നവീന ഡിജിറ്റല്‍ സൊല്യൂഷനുകള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ബാങ്കിംഗ് ബന്ധത്തിന്റെ അടിസ്ഥാനം മാനുഷിക സ്പര്‍ശമാണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ഞങ്ങളുടെ ഓരോ ഇടപാടുകാരന്റെയും സാമ്പത്തിക ഉന്നതിയിലേക്കുള്ള യാത്രയില്‍ സദാ കൂടെ നില്‍ക്കാനും ശ്രമിക്കുന്നു.
വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് രണ്ടാമത്തെ ഘടകം. ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മറ്റ് ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വിപണികളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങിയുള്ള പ്രവര്‍ത്തനമുണ്ടാകും. അതേസമയം ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനം ശക്തമായി തന്നെ തുടരും.
ഫെഡറല്‍ ബാങ്കിന് നിലവില്‍ മേല്‍ക്കൈയുള്ള സുപ്രധാന മേഖലകളില്‍ കൂടുതല്‍ ശക്തമായ ഇക്കോസിസ്റ്റം വളര്‍ത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തും. ഉദാഹരണത്തിന് എംഎസ്എംഇ, എന്‍ആര്‍ഐ മേഖലകളില്‍. സവിശേഷമായ ഓരോരോ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നതില്‍ നിന്ന് മാറി ഈ രംഗത്ത് സംയോജിതമായ സൊല്യൂഷനുകള്‍ ലഭ്യമാക്കുന്നതിനാകും ഫോക്കസ്.
ഓരോ ഇടപാടുകാരനും സവിശേഷമായ സേവനങ്ങള്‍ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് നല്‍കുകയാണ് അടുത്ത ഘടകം. ഹൈപ്പര്‍ പേഴ്സണലൈസേഷന്‍ എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കും. ഓരോ ഇടപാടുകാരന്റെയും ആവശ്യങ്ങള്‍ യഥാസമയം തിരിച്ചറിയാനും അത് നല്‍കാനും ഇപ്പോള്‍ തന്നെ ഫെഡറല്‍ബാങ്കിന് സാധിക്കുന്നുണ്ട്.
ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്ന നിലയില്‍ വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യല്‍ തന്നെ ഭാരിച്ച ജോലിയാണ്. എഐ ടൂളുകളാണോ ഇത് ലഘൂകരിക്കുന്നത്?
ഡാറ്റയാണ് പുതിയ ഇന്ധനം എന്ന 'പഴഞ്ചൊല്ല്' പറയുന്ന യുഗത്തിലാണ് നാം. ഇന്റര്‍നെറ്റിന്റെ ആദ്യകാല ഉപയോക്താക്കളില്‍ പെട്ടവരാണ് ഞങ്ങള്‍. ഡിസ്‌പ്ലേ അഡ്വര്‍ട്ടൈസ്മെന്റ്, ലീഡ് ജനറേഷന്‍ ടെക്നിക്കുകള്‍, കോള്‍ സെന്ററുകള്‍ എന്നിവയെല്ലാം പ്രാരംഭഘട്ടത്തില്‍ തന്നെ ഉള്‍ച്ചേര്‍ക്കുകയും അവ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഡാറ്റ കൈകാര്യം ചെയ്തുള്ള ശീലം ഏറെയുള്ളതുകൊണ്ട് പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്രയാസമില്ല. ഇത്രയും പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ എഐയുടെ പരിമിതികള്‍ മനസിലാക്കുന്നതും സ്വീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമെല്ലാം സ്വാഭാവികമായ കാര്യമാണ്.
കണ്ടന്റിന്റെ മേന്മ ഉയര്‍ത്തുന്നതില്‍ എഐ ഉപയോഗിക്കുന്നതിലും ബാങ്ക് തലത്തില്‍ എടിഎം നിരീക്ഷണം, റിസ്‌ക് - കംപ്ലയന്‍സസ് കാര്യങ്ങളിലെ നിരീക്ഷണം എന്നിവയില്‍ എഐ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം തന്നെ പരിണാമഘട്ടത്തിലുമാണ്.
Imagined humans, generated AI എന്നത് വ്യക്തമായി പറഞ്ഞ ഏക ബ്രാന്‍ഡ് ഞങ്ങളാണെന്നാണ് എന്റെ വിശ്വാസം. യഥാര്‍ത്ഥവും നിര്‍മിതവുമായ കാര്യങ്ങളെ അതുപോലെ കണ്ട് വിശ്വസിക്കാന്‍ അതിലൂടെ പൊതുസമൂഹത്തിന് സാധിക്കും.ഡാറ്റ അനാലിസിസിന്റെ കാര്യത്തില്‍ എഐ കാഴ്ചവെയ്ക്കുന്ന പ്രവര്‍ത്തനം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഡാറ്റ സയന്റിസ്റ്റ് അല്ലാത്ത ടീം അംഗത്തിന് പോലും ഇപ്പോള്‍ ഡാറ്റ വിശകലനം ചെയ്ത് കൃത്യമായ ഉള്‍ക്കാഴ്ച നേടാം. ഇതുമൂലം ഓരോരുത്തരും അങ്ങേയറ്റം ഡാറ്റയെ ആശ്രയിക്കാന്‍ തുടങ്ങി. തീരുമാനമെടുക്കല്‍ പ്രക്രിയയും ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാകുന്നു.എഐ ജോലികള്‍ ലഘൂകരിക്കുന്ന ഒരു ടൂളാണ്. അത് മനുഷ്യന്റെ സര്‍ഗാത്മകതയ്ക്കോ ചിന്താശേഷിക്കോ പകരമാകില്ല. ഉദാഹരണത്തിന് കസ്റ്റമര്‍ സെഗ്മന്റേഷന് എഐ ഉപയോഗിക്കാം. പക്ഷേ ഓരോ ചെറു ഗ്രൂപ്പിനും അവരെ മാത്രം ലക്ഷ്യമിട്ടുള്ള സന്ദേശം നല്‍കാന്‍ മനുഷ്യന്റെ സര്‍ഗാത്മകതയും തന്മയീഭാവവും വേണം.
ബാങ്കിന്റെ ഇടപാടുകാരില്‍ മുത്തച്ഛന്‍ മുതല്‍ അവരുടെ പേരക്കുട്ടികളുടെ പ്രായക്കാര്‍ വരെയുണ്ട്. എല്ലാ തലമുറയില്‍പ്പെട്ട ഇടപാടുകാരെയും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ വഴക്കവും സന്തുലിതവും എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു?
ഫ്ളെക്സിബിലിറ്റി- വഴക്കം വെറും സുപ്രധാന ഘടകം മാത്രമല്ല, അതാണ് മാര്‍ക്കറ്റിംഗ് സമീപനത്തിന്റെ അനിവാര്യ ഘടകം. ഞങ്ങളുടെ ഫിലോസഫിയായ Digital at the fore, Human at the core എന്നത് തലമുറകള്‍ തമ്മിലുള്ള അന്തരം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തന്നെ വിഭാവനം ചെയ്തിരിക്കുന്നതാണ്. ഞങ്ങളുടെ ക്യാമ്പയ്നായ 'Rishta Aap Se Hai, Sirf App se Nahin' (ബന്ധം നിങ്ങളുമായാണ്, ആപ്പുമായി മാത്രമല്ല) എന്നതും സന്തുലിതമായ സമീപനത്തെ വ്യക്തമായി വെളിപ്പെടുത്തുന്നതാണ്.
വിവിധ പ്രായക്കാര്‍ക്കിടയില്‍ ചാനല്‍ വ്യത്യാസം വളരെ പ്രകടനമാണ്. പക്ഷേ അടിസ്ഥാനപരമായ കാര്യങ്ങളില്‍, വിശ്വാസം, സുരക്ഷ, സൗകര്യം, മൂല്യങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ഊന്നല്‍ ഏത് പ്രായക്കാരിലും ഒരുപോലെയാണ്. അതുകൊണ്ട് അങ്ങേയറ്റം വഴക്കത്തോടെയുള്ള സമീപനമാണ് ഞങ്ങളുടേത്. മറ്റൊരു രസകരമായ നിരീക്ഷണം ഒരു കുടുംബത്തിലെ ഗൃഹനാഥന്റെ സങ്കീര്‍ണമായ ബാങ്കിംഗ് ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ സാധിച്ചാല്‍ ആ വീട്ടിലെ അദ്ദേഹത്തിന്റെ ന്യൂജെന്‍ മകന്റെ/ മകളുടെ വിശ്വാസ്യത കൂടി ആര്‍ജിക്കാനാവുന്നുണ്ടെന്നതാണ്. ബ്രാന്‍ഡിനോടുള്ള സ്നേഹം ബഹുതലമുറയിലേക്ക് നീളുന്ന ഒന്നാണ്. അതിനെ ഞങ്ങള്‍ അങ്ങേയറ്റം നന്ദിയോടെ തന്നെയാണ് പരിപാലിക്കുന്നത്. ഓരോ തലമുറയുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാനും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
വിപണി വിഹിതം വര്‍ധിപ്പിക്കാനുള്ള 2025ലെ വളര്‍ച്ചാ തന്ത്രമെന്താണ്? വളര്‍ച്ചയ്ക്കുള്ള മേഖലകള്‍ ഏതൊക്കെയാണ്?
ഭൗമശാസ്ത്രപരമായി വിവിധ മേഖലകളിലേക്കും വിഭിന്ന സെഗ്മന്റുകളിലേക്കും വളരാനുള്ള തന്ത്രങ്ങള്‍ക്കാണ് 2025ല്‍ ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ശക്തമായ സാന്നിധ്യമാണ്. അതേസമയം ഉത്തര, പശ്ചിമ മേഖലകളില്‍ വിശാലമായ വളര്‍ച്ചാ സാധ്യതയും ഞങ്ങള്‍ കാണുന്നു. മഹാരാഷ്ട്ര പോലുള്ള തിരഞ്ഞെടുത്ത ചില മേഖലകളില്‍ ഫെഡറല്‍ ബാങ്ക് അതിന്റെ റിലേഷന്‍ഷിപ്പ് ബാങ്കിംഗിലൂടെ ഗണ്യമായ വിഹിതം നേടി മുന്നോട്ടുപോകുന്നുണ്ട്. മാത്രമല്ല, വലിയ സാധ്യത അവിടെ ശേഷിക്കുന്നുമുണ്ട്.
മേഖലകളുടെ കാര്യമെടുത്താല്‍, എംഎസ്എംഇകളുടെ സവിശേഷ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനമാണ്. ആ മേഖലയുടെ പ്രത്യേകമായ വെല്ലുവിളികള്‍ കണക്കിലെടുത്തുള്ള സേവനങ്ങളാണ് നല്‍കുന്നത്. അതുപോലെ തന്നെ എന്‍ആര്‍ഐ സേവനങ്ങളിലും എന്നും ഞങ്ങള്‍ക്ക് മേല്‍ക്കയ്യുണ്ട്. പണമയക്കല്‍ സേവനത്തിനപ്പുറമായി സമഗ്രമായ വെല്‍ത്ത് മാനേജ്മെന്റ്, ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍ ദാതാക്കളായി ഞങ്ങള്‍ മാറിയിരിക്കുന്നു.
ബ്രാന്‍ഡ് കഥ (കഹാനി) ലോകത്തോട് പറഞ്ഞ് ബന്ധം (Rishta) ഊട്ടിയുറപ്പിക്കുന്നതിനുള്ള ക്യാമ്പയ്നിനെ കുറിച്ചൊന്ന് പറയാമോ?
ഞങ്ങളുടെ ബ്രാന്‍ഡ് കെട്ടിപ്പടുത്തിരിക്കുന്നത് Rishta, ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഞങ്ങള്‍ ഞങ്ങളുടെ കൂടെ നില്‍ക്കുന്നവരെ അത്രമാത്രം വിലമതിക്കുന്നു. വിദ്യാ ബാലനെ മുന്‍നിര്‍ത്തിയുള്ള ക്യാമ്പയ്ന്‍ ഇതില്‍ ഊന്നിയുള്ളതാണ്. ബഹുമുഖ തന്ത്രങ്ങള്‍ ഇതിനായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഏത് നാട്ടിലുള്ളവര്‍ക്കും തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ബോധ്യം വരുന്ന കാര്യങ്ങള്‍ വിദ്യാ ബാലനിലൂടെ ലളിതമായി പറഞ്ഞുവെയ്ക്കാനാകും.
'Rishta Aap Se Hai Sirf App Se nahin' എന്ന ടാഗ്ലൈന്‍ എങ്ങനെയാണ് മാര്‍ക്കറ്റിംഗില്‍ പ്രതിഫലിക്കുന്നത്?
ഞങ്ങള്‍ക്കിത് വെറുമൊരു വാചകമല്ല. മറിച്ച് ഞങ്ങളെ നയിക്കുന്ന മൂല്യമാണ്. ഇത് വിപണിയില്‍ കൃത്യമായ വേര്‍തിരിവ് ഞങ്ങള്‍ക്ക് സൃഷ്ടിക്കുന്നുണ്ട്. സൗകര്യപ്രദമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഉണ്ടെങ്കില്‍ പോലം ബന്ധങ്ങള്‍ മുറുകെ പിടിച്ചുള്ള ബാങ്കിംഗിനാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന സന്ദേശം കൃത്യമായി ഇത് നല്‍കുന്നു. മറ്റുള്ളവരുമായി മത്സരത്തിന് മുതിരാതെ എല്ലാ വിഭാഗവുമായി സമരസപ്പെട്ടുപോകുന്ന ഫിലോസഫിയാണ് ഇതിന്റെ കാതല്‍.
ബഹളങ്ങള്‍ക്കിടയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കാമ്പുള്ള മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ രൂപീകരിക്കുന്നതിന് ഫെഡറല്‍ ബാങ്ക് സ്വീകരിക്കുന്ന വഴികള്‍ എന്തൊക്കെയാണ്?
ബഹളങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കാന്‍ സര്‍ഗാത്മകതയ്ക്കപ്പുറം പറയുന്ന സന്ദേശം പ്രസക്തമാകണം. സ്ഥിരത വേണം. ആധികാരികത വേണം. ഞങ്ങളുടെ സമീപനം ഇതിനെയെല്ലാം കേന്ദ്രീകരിച്ചുള്ളവയുമാണ്. പുതിയ അനുഭവങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ബാങ്ക് ശാഖകള്‍ ഞങ്ങള്‍ പുനഃരൂപകല്‍പ്പന ചെയ്തു. ഡിജിറ്റല്‍ സംവിധാനങ്ങളും പുതുമയുള്ളതാക്കി. ഇതിലൂടെ ഇടപാടുകാര്‍ക്ക് എല്ലാം അനുഭവിച്ചറിയാം. പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളേക്കാള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇത് പരസ്യങ്ങളേക്കാള്‍ സുദീര്‍ഘമായ സ്വാധീനം ഇടപാടുകാരില്‍ ചെലുത്തും.
ഫെഡറല്‍ ബാങ്കിന് അനിതരസാധാരണമായ പരിവേഷം നല്‍കാന്‍ വിദ്യാ ബാലന് സാധിക്കും. രാജ്യത്തിന്റെ ഏത് ഭാഗത്താകട്ടെ, പ്രായ, ലിംഗ ഭേദമില്ലാതെ ഏവരെയും ആകര്‍ഷിക്കാന്‍ തക്ക വ്യക്തിപ്രഭാവമുണ്ട് വിദ്യാ ബാലന്. ആത്മാര്‍ത്ഥതയും ആധികാരികതയും അവരുടെ ശരീരഭാഷയിലുണ്ട്. അതിന് അതിരുകള്‍ കടന്ന് സ്വീകാര്യതയുമുണ്ട്. മാത്രമല്ല, നഗര, ഗ്രാമ ഭേദമന്യേ അവര്‍ ബഹുമാനിക്കപ്പെടുന്നു.
സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം വിദ്യാ ബാലനുണ്ട്. വനിതാ ഇടപാടുകാരില്‍ ഞങ്ങള്‍ വന്‍ വളര്‍ച്ചാ സാധ്യത കാണുന്നുണ്ട്. അവരുടെ ആധികാരികതയും വിശ്വാസ്യത നിറഞ്ഞ സമീപനവും പുരുഷ സമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. വിദ്യാ ബാലന്റെ ക്യാരക്റ്റര്‍ പൊതുവെ ശക്തമായ, സ്വതന്ത്ര ചിന്താഗതിയുള്ള, ചിന്തിച്ച് തീരുമാനങ്ങളെടുത്ത് ജീവിതം നെയ്തെടുക്കുന്ന ഒരു പുതിയകാല വനിതയെയാണ് വരച്ചുകാട്ടുന്നത്.
സാമ്പത്തിക തീരുമാനങ്ങളില്‍ ഞങ്ങളുടെ ഇടപാടുകാരുടെ ശൈലിയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ് അവയെല്ലാം. തലമുറകള്‍ തമ്മിലുള്ള അന്തരവും അവര്‍ സുന്ദരമായി നികത്തുന്നുണ്ട്. ആത്മാഭിമാനമുള്ള, മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന വനിതയെന്ന നിലയില്‍ പഴയ തലമുറ അവരെ ബഹുമാനിക്കുന്നു. അതേ സമയം യുവതലമുറ അവരുടെ ആധുനിക കാഴ്ചപ്പാടുകളെ നെഞ്ചേറ്റുകയും ചെയ്യുന്നു.
(ധനം മാഗസീന്‍ ഏപ്രില്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine