ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു.
ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപം (Customer Deposits) മുന്‍ വര്‍ഷത്തെ 2.02 ലക്ഷം കോടി രൂപയില്‍ നിന്ന് 18.8 ശതമാനം മുന്നേറി മാര്‍ച്ച് 31ന് 2.40 ലക്ഷം കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്റര്‍ബാങ്ക് ഡെപ്പോസിറ്റുകളും സെര്‍ട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റുകളും ഒഴികെയുള്ളതാണ് ഉപഭോക്തൃ നിക്ഷേപങ്ങള്‍.
മൊത്തം നിക്ഷേപം (Total Deposist) 2.13 ലക്ഷം കോടി രൂപയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയുമായി. 18.4 ശതമാനമാണ് വളര്‍ച്ച. മൊത്തം വായ്പകള്‍ 1.77 ലക്ഷം കോടി രൂപയില്‍ നിന്ന് 19.9 ശതമാനം വര്‍ധിച്ച് 2.12 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസ് 4.65 ലക്ഷം കോടി രൂപയായി.
ഫെഡറല്‍ ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകള്‍ 25 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 15 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
കാസ നിക്ഷേപങ്ങൾ
കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപവും വര്‍ധന രേഖപ്പെടുത്തി. 69,741 കോടി രൂപയില്‍ നിന്ന് 6.5 ശതമാനം വര്‍ധനയോടെ 74,249 രൂപയിലെത്തി. ബാങ്കുകളുടെ ഏറ്റവും ചെലവു കുറഞ്ഞ പണസമാഹരണ മാര്‍ഗങ്ങളിലൊന്നാണ് കാസ നിക്ഷേപങ്ങള്‍. ഇത് മെച്ചപ്പെടുന്നത് ബാങ്കിന്റെ ലാഭക്ഷമത ഉയര്‍ത്തും. ബാങ്കിന്റെ സാമ്പത്തികാരോഗ്യം സൂചിപ്പിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നായ കാസ അനുപാതം 32.68 ശതമാനത്തില്‍ നിന്ന് 29.40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine