ജിഎസ്ടി ഇളവിന്റെ ആനുകൂല്യങ്ങൾ പോളിസി ഉടമകൾക്ക് പൂർണമായും കൈമാറാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി ധനകാര്യ മന്ത്രാലയം. ഇൻഷുറൻസ് വ്യാപനം വർദ്ധിപ്പിക്കുകയും പോളിസികള്‍ കൂടുതൽ താങ്ങാനാവുന്നതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ്, ഹെൽത്ത് പോളിസികളില്‍ ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിച്ചത്. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളിൽ 18 ശതമാനം ജി.എസ്.ടി യാണ് നേരത്തെ ഈടാക്കിയിരുന്നത്.
പോളിസികളില്‍ ജിഎസ്ടി നീക്കം ചെയ്തത് ഇൻഷുറൻസ് വാങ്ങാൻ മടിച്ചിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രേരണയാകുമെന്നാണ് കരുതുന്നത്. ആഗോള ശരാശരിയായ 7 ശതമാനത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ഇൻഷുറൻസ് വ്യാപനം വളരെ കുറവാണ്. 2023 ലെ കണക്കനുസരിച്ച് ജിഡിപിയുടെ 4.2 ശതമാനം മാത്രമാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യാപനം.
ജിഎസ്ടി ഒഴിവാക്കുന്നത് മൂലം 25,000 രൂപയുടെ വാർഷിക ആരോഗ്യ പോളിസിയിൽ ഒരു കുടുംബത്തിന് 4,500 രൂപയുടെ ലാഭമാണ് ഉളളത്. പ്രതിവർഷം 15,000 രൂപ മുതൽ 40,000 രൂപ വരെയുളള ലൈഫ് ഇൻഷുറൻസ് പോളിസികളിലും സമാനമായ നേട്ടം ലഭ്യമാണ്.
ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം. നാഗരാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ജിഎസ്ടി നിരക്ക് ഇളവ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം നിഷേധിക്കുന്ന സാഹചര്യം ഇൻഷുറൻസ് കമ്പനികൾ ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ സർവീസ് ചെയ്യുന്നതിനുള്ള ചെലവുകൾ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇൻഷുറർമാർ നല്‍കുന്ന വിവിധ സേവനങ്ങൾക്ക് നികുതിയിൽ നിന്ന് ഇളവ് നൽകാതിരിക്കുന്നത് പോളിസികളുടെ പ്രീമിയങ്ങൾ കുറയ്ക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഓഫീസ് പരിപാലിക്കൽ, ഏജന്റുമാർക്കുള്ള കമ്മീഷൻ, മാർക്കറ്റിംഗ് ചെലവുകൾ തുടങ്ങിയവ ഇൻഷുറന്‍സ് കമ്പനികള്‍ വഹിക്കേണ്ടതുണ്ട്.
അതേസമയം ജിഎസ്ടി കുറയ്ക്കലിന്റെ ആനുകൂല്യങ്ങൾ പോളിസി ഉടമകൾക്ക് പൂർണമായും കൈമാറേണ്ടതുണ്ടെന്ന് എം. നാഗരാജു വ്യക്തമാക്കി.
Finance Ministry instructs insurers to pass full GST exemption benefits to policyholders in life and health insurance.
Read DhanamOnline in English
Subscribe to Dhanam Magazine