കേരളത്തില്‍ നിന്നടക്കം മൂന്ന് ഗ്രാമീണ ബാങ്കുകള്‍ (ആര്‍.ആര്‍.ബി) കൂടി ഓഹരി വിപണിയിലേക്ക്. മാര്‍ച്ചിന് മുമ്പ് ഐ.പി.ഒക്ക് തയ്യാറാകാന്‍ ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സ്‌പോണ്‍സര്‍ ബാങ്കുകള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസിനും (ഡി.എഫ്.എസ്) ഐ.പി.ഒ പ്ലാന്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കേരള ഗ്രാമീണ്‍ ബാങ്ക്, ഹരിയാന ഗ്രാമീണ ബാങ്ക്, തമിഴ്‌നാട് ഗ്രാമീണ ബാങ്ക് എന്നിവയാണ് പട്ടികയിലുള്ളതെന്നും റിപ്പോര്‍ട്ട്.
ഈ ബാങ്കുകളിലെയും സ്‌പോണ്‍സര്‍ ബാങ്കുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഡി.എഫ്.എസ് അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്ന കാര്യത്തില്‍ ക്യാപിറ്റല്‍ പ്ലാനിംഗ്, ഐ.പി.ഒ സബ് കമ്മിറ്റികള്‍ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഐ.പി.ഒക്ക് വേണ്ടി ആര്‍.ബി.ഐയുടെയും സെബിയുടെയും അനുമതി ആവശ്യമാണ്. ഇതിന് വേണ്ട അപേക്ഷയും ഐ.പി.ഒക്കുള്ള നടപടിക്രമങ്ങളും നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനും ധാരണയിലെത്തി. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ഗ്രാമീണ ബാങ്കുകളെ വിപണിയില്‍ ലിസ്റ്റ് ചെയ്യിക്കാനാണ് കേന്ദ്ര പദ്ധതി. ഇതില്‍ മൂന്നെണ്ണം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ്, വായ്പാ സേവനങ്ങള്‍ നല്‍കുന്നതിന് 1975ലാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ ബാങ്കുകള്‍ തുടങ്ങുന്നത്. ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണ ബാങ്ക് എന്നതാണ് നിലവില്‍ കേന്ദ്ര നയം. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ എണ്ണം ഇക്കഴിഞ്ഞ മേയില്‍ 43ല്‍ നിന്ന് 28ആക്കി കുറച്ചിരുന്നു. പിന്നാലെ സ്‌പോണ്‍സര്‍ ബാങ്കുകളോട് ഐ.പി.ഒക്ക് യോഗ്യരാണോ എന്ന് കണ്ടെത്താനും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ ഗ്രാമീണ ബാങ്കുകളിലെ പകുതി ഓഹരിയും കേന്ദ്രസര്‍ക്കാരിനാണ്. സ്‌പോണ്‍സര്‍ ബാങ്കുകള്‍ക്ക് 35 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് 15 ശതമാനവും ഓഹരി വിഹിതമുണ്ട്.
ഗ്രാമീണ ബാങ്കുകളുടെ ലിസ്റ്റിംഗിന് ചില മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞത് 300 കോടി രൂപയുടെ അറ്റമൂല്യം ഉണ്ടാകണമെന്നാണ് ആദ്യ മാനദണ്ഡം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വര്‍ഷമെങ്കിലും കുറഞ്ഞത് 15 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും 10 ശതമാനം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയും ഉണ്ടാകണം.
കൂടാതെ മൂന്ന് വര്‍ഷത്തേക്ക് മൂലധന പര്യാപ്തത അനുപാതം (Capital Adequacy ratio) 9 ശതമാനത്തിന് മുകളില്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. ബാങ്കിന്റെ സാമ്പത്തിക ഭദ്രത അളക്കുന്ന മാനദണ്ഡമാണിത്. ബാങ്കിന്റെ കൈവശമുള്ള സ്വന്തം മൂലധനവും (Capital), ബാങ്ക് നല്‍കിയിട്ടുള്ള വായ്പകളിലെ നഷ്ടസാധ്യതയും (Risk) തമ്മിലുള്ള താരതമ്യമാണിത്. ഈ നിരക്ക് കൂടുന്തോറും ബാങ്കിന്റെ സാമ്പത്തിക ഭദ്രതയും സുരക്ഷിതമായിരിക്കും. മാത്രവുമല്ല സാമ്പത്തിക ബാധ്യത നേരിടുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തുന്ന വിലക്ക് (Prompt corrective action framework) ഉണ്ടാകാന്‍ പാടില്ലെന്നും ചട്ടങ്ങള്‍ പറയുന്നു.
കാനറ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മലപ്പുറം ആസ്ഥാനമായ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 312.89 കോടി രൂപയാണ് ബാങ്കിന്റെ മൊത്തലാഭം (net profit). മൂലധന പര്യാപ്തത അനുപാതം 13.93 ശതമാനമാണ്. എന്നാല്‍ ബാങ്കിന്റ മൊത്ത നിഷ്‌ക്രിയ ആസ്തി (Gross Non Performing asset) 1.82 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റ നിഷ്‌ക്രിയ ആസ്തി (Net non performing asset) പൂജ്യമാണെന്നും കണക്കുകള്‍ പറയുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐ.പി.ഒക്കുള്ള അര്‍ഹത കേരള ഗ്രാമീണ്‍ ബാങ്കിനുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 376.6 കോടി രൂപയാണ് ഹരിയാന ഗ്രാമീണ ബാങ്കിന്റെ മൊത്തലാഭം. പഞ്ചാബ് നാഷണല്‍ ബാങ്കാണ് സ്‌പോണ്‍സര്‍മാര്‍. മൂലധന പര്യാപ്തത അനുപാതം 15.31 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി 1.95 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യന്‍ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് തമിഴ്‌നാട് ഗ്രാമീണ ബാങ്കിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 367.39 കോടി രൂപയായിരുന്നു. മൂലധന പര്യാപ്തത അനുപാതം 13.70 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 0.79 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine