AP Hota 
Banking, Finance & Insurance

ധനകാര്യ സേവനം ഉള്ളിക്കച്ചവടമല്ല, ഉപയോക്തൃ വിവരങ്ങള്‍ സംരക്ഷിച്ചേ പറ്റൂ: ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എ.പി. ഹോത്ത

ഓഹരി വിപണിയിലെ ഇടപാട് സെറ്റില്‍മെന്റില്‍ നാം അമേരിക്കയേക്കാളും മുന്നില്‍

Dhanam News Desk

ധനകാര്യ സേവനമെന്നത് ഉള്ളിയോ ഉരുളക്കിഴങ്ങോ കച്ചവടം ചെയ്യുന്നത് പോലെയല്ലെന്നും ഉപഭോക്തൃവിവരങ്ങള്‍ (കണ്‍സ്യൂമര്‍ ഡേറ്റ) സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എ.പി. ഹോത്ത പറഞ്ഞു. ബാങ്കുകള്‍ കേവലം സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ മാത്രമല്ല, അവര്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ടെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ മുന്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയും കൂടിയായ എ.പി. ഹോത്ത പറഞ്ഞു.

ധനം ബിസിനസ് മീഡിയ കൊച്ചിയില്‍ സംഘടിപ്പിച്ച ആറാമത് ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിന്‍ടെക്കുകളുടെ നിയന്ത്രണം അനിവാര്യം

ഉപഭോക്തൃ വിവരങ്ങള്‍ (KYC) സൂക്ഷിക്കേണ്ടത് ഫിന്‍ടെക് സ്ഥാപനങ്ങളുടെ കടമയാണെന്ന് എ.പി. ഹോത്ത പറഞ്ഞു. ഉപയോക്താക്കളുടെ കെ.വൈ.സി ദുരുപയോഗപ്പെടുത്തിയതിന് ഉള്‍പ്പെടെ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് റിസര്‍വ് ബാങ്കിന്റെ ശിക്ഷാനടപടി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു എ.പി. ഹോത്തയുടെ ഈ അഭിപ്രായം.

ഫിന്‍ടെക് കമ്പനികള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് എടുക്കുന്ന നിയന്ത്രണങ്ങള്‍ കടുത്തതായി തോന്നാം. അതുപക്ഷേ, പാലിച്ചേ പറ്റൂ. ഉപയോക്താക്കളെ മാത്രമല്ല ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ സംരക്ഷിക്കുന്ന നടപടികളാണ് റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും ഓഡിറ്റിംഗ് നടപടികള്‍ കര്‍ശനമാക്കണമെന്ന് ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ഇത്തരം റെഗുലേഷന്‍ പൂര്‍ണമായും സൗജന്യമാണെന്നത് ഓര്‍ക്കണം. അമേരിക്കയിലാണെങ്കില്‍ റെഗുലേഷന്‍ നടപടികള്‍ക്ക് അവിടുത്തെ ബാങ്കുകളില്‍ നിന്നും മറ്റും കേന്ദ്രബാങ്ക് (US FED) ഫീസ് ഈടാക്കാറുണ്ട്.

ബാങ്കുകളും ഫിന്‍ടെക് സ്ഥാപനങ്ങളും

ബാങ്കുകളുടെ ചുമതല സാമ്പത്തിക സേവനം നല്‍കുകയാണ്. അവയ്ക്ക് സാങ്കേതികരംഗത്ത് വൈദഗ്ദ്ധ്യം ഉണ്ടാവണമെന്നില്ല. ഈ ചുമതലയാണ് ഫിന്‍ടെക് സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗും അറിയണമെന്നില്ല. പരസ്പരപൂരകമായിരിക്കണം ഇവയുടെ പ്രവര്‍ത്തനം.

അതേസമയം, ബാങ്കുകളും ഫിന്‍ടെക് സ്ഥാപനങ്ങളും തമ്മിലെ സഹകരണക്കരാര്‍ പുതുക്കി നല്‍കണമെങ്കില്‍ ഫിന്‍ടെക്കുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് അവലോകനം ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് മേഖലയില്‍ മാത്രമല്ല ഇന്‍ഷ്വറന്‍സ്, മൂലധന വിപണി തുടങ്ങിയ മേഖലകളിലും ഫിന്‍ടെക് കമ്പനികളുടെ സാന്നിധ്യം വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ബഹുദൂരം മുന്നില്‍

ലോകത്ത് ആദ്യമായി റിയല്‍ടൈം (തത്സമയ) പണമിടപാട് യാഥാര്‍ത്ഥ്യമാക്കുന്ന ഐ.എം.പി.എസ് സംവിധാനം കൊണ്ടുവന്നത് ഇന്ത്യയാണെന്ന് എ.പി. ഹോത്താ പറഞ്ഞു. ഒരാള്‍ പണം അയക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അത് ഉടനടി കിട്ടുകയാണ്. ഈ സംവിധാനം ലോകത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല.

ഇന്ത്യ പിന്നീട് അവതരിപ്പിച്ച യു.പി.ഐ എന്ന തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും ലോകത്തിനാകെ മാതൃകയായി. യു.പി.ഐ പോലൊരു വിപ്ലവകരമായ പണമിടപാട് സംവിധാനം ഇന്ത്യയില്‍ മാത്രമേയുള്ളൂ. ഓഹരി വിപണിയിലെ ഇടപാടുകളുടെ സെറ്റില്‍മെന്റ് തൊട്ടടുത്ത ദിവസം സാധ്യമാക്കുന്ന ടി+1 സംവിധാനത്തിലേക്ക് (T+1) ഇന്ത്യ നേരത്തേ തന്നെ ചുവടുവച്ചു. ഇതും ആദ്യം നടപ്പാക്കിയത് ഇന്ത്യയിലാണ്. അമേരിക്ക ഈ വരുന്ന മേയില്‍ മാത്രമേ ഈ സംവിധാനത്തിലേക്ക് കടക്കൂ. ഇന്ത്യയാകട്ടെ ഇപ്പോള്‍ ടി+0 (T+0) സംവിധാനത്തിലേക്ക് കടക്കുകയാണ്. അതായത്, ഓഹരി ഇടപാടും അതിന്റെ പണമിടപാടും തത്സമയം നടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT