രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം വൈകാതെ ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. ഇതിന് ഇന്ത്യന്‍ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐ.ബി.ഐ) തത്വത്തില്‍ തീരുമാനമെടുത്തെന്നാണ് വിവരം. ഇതിനൊപ്പം ബാക്കി ദിവസങ്ങളിലെ പ്രവൃത്തി സമയം 45 മിനിറ്റ് വര്‍ധിപ്പിച്ചേക്കും.
ജൂലൈ 28ന് ഐ.ബി.ഐയുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ധനകാര്യമന്ത്രാലയത്തിന് അവധി സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ച് ദിവസങ്ങളിലായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക.
പ്രവൃത്തി സമയം വര്‍ധിപ്പിച്ച്, ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളാക്കി മാറ്റാന്‍ ഏതാനും നാളുകളായി ചര്‍ച്ചകള്‍ നടക്കുകയാണ്. ജീവനക്കാരുടെ സംഘനകളുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ ഐ.ബി.ഐ ശ്രമിക്കുകയായിരുന്നു.
പ്രവൃത്തി സമയം കൂടും
ആഴ്ചയില്‍ ഒരു പ്രവൃത്തി ദിനം നഷ്ടമാവുമ്പോള്‍, അതിന് പകരമായി ബാങ്ക് ജീവനക്കാര്‍ 45 മിനിറ്റ് അധികമായി ജോലി ചെയ്യേണ്ടി വരും. പ്രവൃത്തി സമയത്തെ കുറിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശുപാര്‍ശ അംഗീകരിച്ചാല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്ക് അവധി ദിനങ്ങളായിരിക്കും. കേന്ദ്ര സര്‍ക്കാരാണ് അന്തിമതീരുമാനമെടുക്കേണ്ടത്.
ഞായറാഴ്ചകള്‍ക്ക് പുറമേ രണ്ടും നാലും ശനികള്‍ നിലവില്‍ അവധി ദിനങ്ങളാണ്. 2015 വരെ ബാങ്കുകള്‍ക്ക് ശനിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine