സ്വർണവിലയിലെ കനത്ത ഇടിവ് പ്രമുഖ സ്വർണപ്പണയ കമ്പനികളുടെ ഓഹരികളെയും സമ്മർദത്തിലാക്കുന്നു. നവംബർ 20ലെ വ്യാപാരത്തിനിടെ മുത്തൂറ്റ് ഫിനാൻസ് ഓഹരി 5.1%, ഐഐഎഫ്എൽ ഫിനാൻസ് 4.7%, മണപ്പുറം ഫിനാൻസ് 4.3% എന്നിങ്ങനെ താഴ്ന്നു. പണയ സ്വർണത്തിന്റെ മൂല്യം കുറയുന്നത് ഒരു വിഷയം. വായ്പാ വളർച്ചയേയും തിരിച്ചടവിനെയും ബാധിക്കുമെന്ന ആശങ്ക മറുവശത്ത്. ഇതാണ് ഓഹരികൾ നേരിട്ട സമ്മർദത്തിന് കാരണം.
എന്നാൽ, സ്വർണവില താഴുന്നത് ഈ കമ്പനികൾക്ക് പുതിയ അനുഭവമല്ല. 2013ലെ വിലത്തകർച്ചയ്ക്കുശേഷം കമ്പനികൾ സ്വീകരിച്ചത് പല മറുവഴികളാണ്. വായ്പാ കാലാവധി ചുരുക്കി. കിട്ടാനുള്ള പലിശ ഇടയ്ക്കിടെ ഈടാക്കി. കുടിശിക കയറിയ പണയങ്ങളുടെ ലേലം വൈകുന്നത് ഒഴിവാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയെ വിലയിരുത്തുമ്പോൾ നിർണായകമാകുന്നതും ആ മാറ്റങ്ങളാണ്.
സ്വർണ ഈടിൽ നൽകുന്ന വായ്പയ്ക്ക് ലഭിക്കുന്ന പലിശയും പണം സമാഹരിക്കാൻ നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണ് സ്വർണപണയ കമ്പനികളുടെ വരുമാനത്തിന്റെ പ്രധാന അടിത്തറ. അതിൽനിന്നാണ് പ്രവർത്തനച്ചെലവും വായ്പാനഷ്ടവും വഹിക്കേണ്ടത്. സ്വർണവില ഇടിയുമ്പോൾ ആദ്യം ചുരുങ്ങുന്നത് ഈടിന്റെ സുരക്ഷാകവചമാണ്.
ഒരു ലളിതമായ ഉദാഹരണം നോക്കാം. ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണത്തിന് ₹75,000 വായ്പ നൽകിയാൽ വായ്പയും ഈടും തമ്മിലുള്ള അനുപാതമായ എൽടിവി (Loan-to-value) 75% ആണ്. സ്വർണത്തിന്റെ മൂല്യം 20% കുറഞ്ഞ് ₹80,000 ആയാൽ, അതേ മുതലിന്റെ എൽടിവി 93.75% ആകും. അടയ്ക്കാനുള്ള പലിശകൂടി ചേർന്നാൽ സുരക്ഷ വീണ്ടും കുറയും. ഉപഭോക്താവ് കൃത്യമായി തിരിച്ചടച്ചാൽ കമ്പനിക്ക് വായ്പാനഷ്ടമുണ്ടാക്കില്ല. എന്നാൽ തിരിച്ചടവ് മുടങ്ങി സ്വർണം ലേലം ചെയ്യേണ്ടിവന്നാൽ, ലഭിക്കുന്ന തുക മുതലും പലിശയും ചെലവുകളും തിരിച്ചുപിടിക്കാൻ തികയാതെ വരാം.
സ്വർണവില 10% കുറഞ്ഞാൽ പലിശ മാർജിനും 10% കുറയുമെന്ന് കരുതേണ്ട. നിലവിലുള്ള വായ്പയുടെ കരാർ പ്രകാരമുള്ള പലിശ സ്വർണവിലയ്ക്ക് അനുസരിച്ച് സ്വയം മാറുന്നതല്ല. എന്നാൽ ഒരേ അളവ് സ്വർണത്തിന് നൽകാനാകുന്ന പുതിയ വായ്പാത്തുക കുറയും. അത്രയും പലിശവരുമാനം നിലനിർത്താൻ കൂടുതൽ ഉപഭോക്താക്കളെയോ കൂടുതൽ പണയസ്വർണമോ കണ്ടെത്തേണ്ടിവരും. ശാഖകളുടെയും ജീവനക്കാരുടെയും ചെലവ് അതേപടി തുടരുന്നതിനാൽ ലാഭക്ഷമത സമ്മർദത്തിലാകാം. കുടിശിക കൂടിയാൽ പലിശവരുമാനം തിരിച്ചെഴുതേണ്ട സാഹചര്യം, വായ്പാനഷ്ടത്തിനുള്ള വകയിരുത്തൽ, ലേലച്ചെലവ് എന്നിവയും ലാഭത്തെ ബാധിക്കും. ഇതിൽ പലതും അറ്റപലിശ മാർജിനേക്കാൾ നേരിട്ട് ബാധിക്കുന്നത് അന്തിമ അറ്റാദായത്തെയാണ്.
2013 ഏപ്രിലിലെ സ്വർണവിലത്തകർച്ച ഈ മേഖലയ്ക്ക് വലിയ പരീക്ഷണമായിരുന്നു. അതിനു മുമ്പേ തുടങ്ങിയ വിലയിടിവിനൊപ്പം പഴയ ഉയർന്ന എൽടിവിയിലുള്ള വായ്പകളും കുടിശ്ശികയും കമ്പനികളെ സമ്മർദത്തിലാക്കിയിരുന്നു. 2013 ഏപ്രിലിലെ റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളോട് വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനോ അധിക ഈട് നൽകാനോ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലേലം വൈകുന്നത് തിരിച്ചുപിടിക്കൽ സാധ്യത കുറയ്ക്കുന്ന പ്രശ്നമായും അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് കമ്പനികൾ സ്വീകരിച്ച നടപടികൾ ശ്രദ്ധേയം. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതിനു പകരം, വിലയിടിവ് സഹിക്കാവുന്ന ബിസിനസ് മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്.
മണപ്പുറം ഫിനാൻസിന്റെ 2014–15 വാർഷിക റിപ്പോർട്ട് ഈ മാറ്റം വ്യക്തമാക്കുന്നു. 2014 ജൂണിൽ കമ്പനി മൂന്ന് മുതൽ ഒമ്പത് മാസം വരെയുള്ള ഹ്രസ്വകാല സ്വർണവായ്പകൾ അവതരിപ്പിച്ചു. ആ സാമ്പത്തിക വർഷത്തിനുള്ളിൽ മൊത്തം സ്വർണവായ്പാ പോർട്ട്ഫോളിയോയുടെ മൂന്നിൽ രണ്ടിലധികവും ഈ വിഭാഗത്തിലേക്ക് മാറ്റി. വായ്പാകാലാവധിയുമായി എൽടിവിയെ ബന്ധിപ്പിക്കുകയും പലിശ കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന സംവിധാനം ശക്തമാക്കുകയും ചെയ്തു. ദീർഘകാലം പലിശ അടയ്ക്കാതെ കിടന്ന് മൊത്തം ബാധ്യത ഈടിന്റെ മൂല്യത്തെ മറികടക്കാനുള്ള സാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
മൂന്ന് മാസ വായ്പകളിലെ കുടിശ്ശികയ്ക്ക് വായ്പ നൽകിയതുമുതൽ അഞ്ചോ ആറോ മാസത്തിനുള്ളിൽ ലേലം നടത്തുന്ന രീതിയിലേക്ക് ചില കമ്പനികൾ മാറി. പഴയ 12 മാസ വായ്പകളിൽ ഇത് 14–16 മാസം വരെയായി. വില താഴുന്ന വിപണിയിൽ ഈ സമയവ്യത്യാസം പ്രധാനമാണ്: ലേലം വൈകുന്തോറും ഈടിന്റെ മൂല്യം വീണ്ടും കുറയാം.
മുത്തൂറ്റ് ഫിനാൻസും പലിശ, കാലാവധിയുടെ അവസാനം വരെ കൂട്ടിവയ്ക്കുന്ന അപകടം കുറയ്ക്കാൻ നടപടിയെടുത്തു. പ്രതിമാസമോ ത്രൈമാസമോ പലിശ അടയ്ക്കുന്നവർക്ക് പലിശ നിരക്കിൽ ഇളവ് നൽകി തിരിച്ചടവ് പ്രോത്സാഹിപ്പിച്ചതായി കമ്പനി മാനേജ്മെന്റ് 2017ൽ വിശദീകരിച്ചിരുന്നു. ഉപഭോക്താവിന് ചെറിയ ഇളവ് നൽകിയാലും പലിശ കൃത്യമായി ലഭിക്കുന്നത് കമ്പനിക്ക് ഗുണകരമാണ്. കുടിശിക വളരുന്നത് നിയന്ത്രിക്കാനും ഉപഭോക്താവിന്റെ തിരിച്ചടവിലെ പ്രശ്നം നേരത്തേ തിരിച്ചറിയാനും ഇതിലൂടെ കഴിയും.
തിരിച്ചടവ് കർശനമാക്കുന്നതിൽ മാത്രം അതിജീവന നടപടികൾ ഒതുങ്ങിയില്ല. മണപ്പുറത്തിന്റെ 2014–15 വാർഷിക റിപ്പോർട്ടനുസരിച്ച്, മെച്ചപ്പെട്ട റേറ്റിങ്ങിന്റെയും റിസ്ക് നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തിൽ ആ വർഷം പണം സമാഹരിക്കുന്ന ചെലവ് ഏകദേശം 0.70 ശതമാന പോയിന്റ് കുറഞ്ഞു. ഇത് ലാഭം കൂടാൻ സഹായിച്ചു. മൈക്രോഫിനാൻസ്, ഭവനവായ്പ, വാഹനവായ്പ തുടങ്ങിയ മേഖലകളിലേക്കും കമ്പനി വ്യാപിച്ചു. സ്വർണവായ്പയെ മാത്രം ആശ്രയിക്കുന്ന സ്ഥിതി കുറയ്ക്കുകയായിരുന്നു ഒരു ലക്ഷ്യം. എന്നാൽ വൈവിധ്യവത്കരണം അപകടം ഇല്ലാതാക്കുന്നില്ല; പുതിയ വായ്പാമേഖലകളുടെ തിരിച്ചടവ് അപകടവും കമ്പനി ഏറ്റെടുക്കേണ്ടിവരും.
കോവിഡ് കാലത്ത് വരുമാനനഷ്ടവും സ്വർണവിലയിലെ തിരുത്തലും ഒരുമിച്ച് തിരിച്ചടവിനെ ബാധിച്ചു. പല കമ്പനികളും ലേല നടപടികൾ ഊർജിതപ്പെടുത്തി. ലേലം കമ്പനിയുടെ തിരിച്ചുപിടിക്കൽ മാർഗമാണെങ്കിലും ഉപഭോക്താവിന് ആഭരണം നഷ്ടപ്പെടുന്ന നടപടിയുമാണ്.
പുതിയ ആർബിഐ ചട്ടക്കൂടിൽ ഉപഭോഗാവശ്യത്തിനുള്ള ₹2.5 ലക്ഷംവരെയുള്ള സ്വർണവായ്പകൾക്ക് പരമാവധി എൽടിവി 85% ആണ്. ₹2.5 ലക്ഷത്തിന് മുകളിൽ ₹5 ലക്ഷംവരെ 80%; അതിനുമുകളിൽ 75%. ഇവ പരമാവധി പരിധികളാണ്. സ്ഥാപനങ്ങൾക്ക് ഇതിലും താഴെ വായ്പ നൽകാം. ബുള്ളറ്റ് തിരിച്ചടവ് വായ്പകളിൽ കാലാവധിയുടെ അവസാനം അടയ്ക്കേണ്ട മൊത്തം തുക പരിഗണിച്ചാണ് എൽടിവി കണക്കാക്കേണ്ടതെന്നും ചട്ടം വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തിൽ, വിലയിടിവ് തുടർന്നാൽ കമ്പനികൾ യഥാർഥത്തിൽ എത്ര എൽടിവിയിലാണ് വായ്പ നൽകിയിരിക്കുന്നത്, എത്ര വേഗത്തിൽ പലിശ ശേഖരിക്കുന്നു, കുടിശിക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിവ നിർണായകമാകും. ഒരേ അളവ് സ്വർണത്തിന് ലഭിക്കുന്ന വായ്പ കുറയുമ്പോൾ വളർച്ച നിലനിർത്താനുള്ള മത്സരവും കടുക്കാം.
മുൻകാല അനുഭവങ്ങളിൽനിന്നുള്ള വിലയിരുത്തൽ ഇതാണ്: സ്വർണവില തിരിച്ചുകയറുന്നത് സ്വർണ പണയ കമ്പനികളെ സഹായിക്കും. എന്നാൽ വില താഴുമ്പോഴും മുതലും പലിശയും തിരിച്ചുപിടിക്കാനാകുന്ന വായ്പാ നിയന്ത്രണമാണ് കമ്പനികളെ പിടിച്ചുനിർത്തുന്നത്. 2013നുശേഷം സ്വീകരിച്ച ഹ്രസ്വകാല വായ്പകളും ഇടയ്ക്കിടെയുള്ള പലിശ ശേഖരണ രീതിയും ഇപ്പോൾ വീണ്ടും ചർച്ചയിലേക്കു വരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine